പെരുമ്പാവൂർ: നാടിനെ നടുക്കിയ വെടിവയ്‌പ്പ് കേസ്സിൽ അഞ്ചു പേർ അറസ്റ്റിൽ. വെങ്ങോല തണ്ടേക്കാട് ഭാഗത്ത് മഠത്തുംപടി നിസ്സാർ (33) സഹോദരൻ സഫീർ (27), വേങ്ങൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാൻ വീട്ടിൽ നിധിൻ (27), വെങ്ങോല തണ്ടേക്കാട് പുത്തൻവീട്ടിൽ അൽത്താഫ്(23), കൊടുത്താൻ വീട്ടിൽ ആഷിക് (25) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. ഇന്നലെ പുലർച്ചെ1.30 -ടെയായിരുന്നു സംഭവം. ഈ സമയം പാലക്കാട്ടുതാഴം ജെ.സി.ബി സ്റ്റാന്റിന് സമീപത്തുകൂടി നടന്നുപോയ ആദിൽഷായെ ഫോർചൂണർ കാറിൽ എത്തിയവർ ഇവർ ഇടിച്ച് വീഴ്‌ത്തി. നിലത്തു വീണപ്പോൾ വടിവാൾ ഉപയോഗിച്ച് ഇയാളെ വെട്ടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് നിസ്സാർ കൈയിൽ കരുതിയ പിസ്റ്റൾ കൊണ്ട് ആദിൽഷായുടെ നെഞ്ചിലേയ്ക്ക് വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെടിയേറ്റ ആദിലും അറസ്റ്റിലായവരും സുഹൃത്തുക്കളായിരുന്നു. നിസ്സാറും ആദിലും തമ്മിലുള്ള തർക്കം പറഞ്ഞുതീർക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. നിസ്സാറിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കാർകൊണ്ട് ഇടിച്ച് വീഴ്തിയ ശേഷം ആദിലിനെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിനുശേഷം നിസ്സാറും കൂട്ടരും ഒളിവിൽ പോയിരുന്നു. തുടർന്ന് ജില്ലാപൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പെരുമ്പാവൂർ ഡി വൈ എസ് പി കെ ബിജുമോൻ , ഇസ്‌പെക്ടർമാരായ സി ജയകുമാർ, ബേസിൽ തോമസ്സ്, എസ് ഐ മാരായ റിൻസ് എം ,തോമസ്സ് , സനീഷ് ടി ആർ , എ സി പി ഒ മാരായ നൗഷാദ് കെ എ, ഷിബു പി എ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ഇവർ സഞ്ചരിച്ച കാറ് ജെ.സി.ബിയിൽ ഇടിച്ച് ഭാഗീകമായി തകരുകയും ചെയ്തു.പരിക്കേറ്റ ആദിൽഷായെ ആദ്യം സാൻജോ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികത്സയാക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും കൊണ്ടു പോകുകയുമായിരുന്നു. മാരകായുധങ്ങൾ കൈവശംവച്ചതിനും, കൊലപാതകശ്രമത്തിനുമാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവസ്ഥലത്തെ വഴിയരികിൽ മെറ്റൽ കൂനയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു വടിവാള് പിന്നിട് നടന്ന തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തിരുന്നു. ബോബു സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലെത്തെത്തി തെളിെവെടുപ്പ് നടത്തിയിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികളും മാരകായുധങ്ങളും പൊലീസിന് കണ്ടെടുത്തിരുന്നു.