തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ ശബരിമല വിഷയം ഉയർത്തി വൻ പ്രചരണം ശക്തമാകുന്നതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ. ഫ്‌ളക്‌സ് ബോർഡുകൾ കീറുകയും ചിലതിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്ത നിലയിലാണ്. സംഭവത്തിൽ സിപിഎം ശ്രീകാര്യം പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്.

പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ്‌ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്. ശബരിമല വിഷയമടക്കം സജീവ ചർച്ചയാക്കാൻ എതിരാളികൾ സജീവ ശ്രമം നടത്തുന്നതിനിടെയാണ് പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തിൽ നിന്നാണ് കടകംപള്ളി ഇത്തവണയും ജനവിധി തേടുന്നത്. എസ്എസ് ലാലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി. ശോഭാ സുരേന്ദ്രനാണ് ബിജെപി സ്ഥാനാർത്ഥി.

നേരത്തേ ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രൻ ഖേദം രേഖപ്പെടുത്തിയിരുന്നു. ഇതോടെ വിഷയം ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരേ ഉപയോഗിക്കുകയും ചെയ്തു. കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം തിരുത്തി നൽകാൻ സിപിഎം തയ്യാറാകുമോ എന്നാണ് കോൺഗ്രസ് വിമർശിച്ചത്.