കോഴിക്കോട്: കേഡറായി മാറാൻ വഴി തേടുന്ന കോൺഗ്രസ് താഴെ തട്ടിലുള്ള അണികളുടെ ഫ്‌ള്ക്‌സ് ബോർഡ് ഭ്രമത്തിന് വിലങ്ങിടുന്നു. ഫ്‌ളെക്‌സ് ബോർഡിൽ ചിരിച്ചുനിൽക്കുന്ന നേതാക്കളെ താഴെയിറക്കാൻ കോൺഗ്രസ് തീരുമാനിച്ചു കഴിഞ്ഞു. ബൂത്ത് കമ്മിറ്റികളുടെ കീഴിൽ പുതുതായി രൂപീകരിക്കുന്ന യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടനത്തിനു തയാറാക്കുന്ന പ്രചാരണ ബോർഡുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം മാത്രം മതിയെന്നു നിർദ്ദേശം നൽകി. ഒക്ടോബർ 2 ന് ആണ് യൂണിറ്റ് കമ്മിറ്റികൾ ആരംഭിക്കുക.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടികളുടെ ബോർഡുകളിലും സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം മാത്രം മതി. പാർട്ടി പരിപാടികളുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡുകളിൽ നിന്നു നേതാക്കളുടെ ചിത്രങ്ങൾ പരമാവധി ഒഴിവാക്കണമെന്നു ഡിസിസി പ്രസിഡന്റുമാരുടെ പരിശീലന ക്യാംപിൽ കെപിസിസി നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.

യോഗങ്ങളിൽ ഹാജർ നിർബന്ധമാക്കി. മുൻകൂർ അനുമതിയില്ലാതെ യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കരുത്. പോഷക സംഘടനകളുടെ ഓരോ മാസത്തെയും പ്രവർത്തന റിപ്പോർട്ട് ഡിസിസിക്കു സമർപ്പിക്കണമെന്നും നിർദേശമുണ്ട്. നേരത്തെ പാർട്ടി കേഡർമാർക്ക് ഇൻസന്റീവ് നൽകണമെന്നും കെപിസിസി പുറത്തിറക്കിയ മാർഗ്ഗരേഖയിൽ പറഞ്ഞിരുന്നു. തർക്ക പരിഹാരത്തിന് ജില്ലാതല സമിതികൾ രൂപീകരിക്കണം. പാർട്ടി വേദികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഡിസിസി പ്രസിഡന്റുമാർക്കായി തിരുവനന്തപുരം നെയ്യാർ ഡാമിൽ നടന്നുവരുന്ന ശിൽപശാലയിൽ അവതരിപ്പിച്ച മാർഗരേഖയിൽ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോഴത്തെ തീരുമാനം.

എന്തെങ്കിലും ആവശ്യത്തിന് ഫ്ലക്സ് ബോർഡുകൾ വയ്ക്കണമെങ്കിൽ ഡിസിസിയിൽ നിന്നോ മണ്ഡലം ഭാരവാഹികളിൽ നിന്നോ അനുമതി വാങ്ങണം. പ്രാദേശിക പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ വേണം. കല്യാണ, മരണ വീടുകളിൽ ആദ്യാവസാനം സാന്നിധ്യം വേണം. താഴേത്തട്ടിലുള്ള പരാതികൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ രൂപീകരിക്കണം. എന്തുതരം പരാതിയായാലും ഈ സമിതിയെ വേണം സമീപിക്കാൻ. അതിൽ പരിഹാരമായില്ലെങ്കിൽ മാത്രം മുകൾ ഘടകത്തെ സമീപിക്കണം.

ആറുമാസത്തിനുള്ളിൽ കോൺഗ്രസിൽ അഴിച്ചുപണി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.ഓരോ ജില്ലയിൽ നിന്നും 2500 വീതം കേഡർമാരെ കണ്ടെത്തുമെന്നും കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചിരുന്നു.