ജക്കാർത്ത: ഇന്തോനേഷ്യയിൽ എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ വിമാനമാണ് ജക്കാർത്തയിൽ കാണാതായത്. SJ182 എന്ന വിമാനമാണ് കാണാതായത്. ജക്കാർത്തയിൽ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. 56 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ജക്കാർത്തയിലെ സോക്കർനോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് ശേഷം വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി ജക്കാർത്തയിലെ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു.

"ശ്രീവിജയ എയർ ഫ്ലൈറ്റ് എസ്‌ജെ 182 ജക്കാർത്തയിൽ നിന്ന് പുറപ്പെട്ട് 4 മിനിറ്റിനകം 10000 അടിയിലധികം ഉയരത്തിൽ കാണാതായി," ഫ്ലൈറ്റ്റഡാർ ശനിയാഴ്ച ട്വീറ്റ് ചെയ്തു. രജിസ്ട്രേഷൻ നമ്പർ പി‌കെ-സി‌എൽ‌സി (എം‌എസ്‌എൻ 27323) ബോയിങ് 737-500 "ക്ലാസിക്" വിമാനമാണ് കാണാതായത്. വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചു, സ്ഥിതി അന്വേഷിച്ചുവരികയാണ്.

ജക്കാർത്തയിൽ നിന്ന് ഇന്തോനേഷ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. ഇത് എത്തിച്ചേർന്ന ഏറ്റവും ഉയർന്ന ഉയരം 10,900 അടിയും, അവസാനമായി രേഖപ്പെടുത്തിയ ഉയരം 250 അടിയുമാണെന്നും ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്തു. 26 വർഷമായി സർവീസ് നടത്തുന്ന വിമാനമാണ് കാണാതായത്. ഇതിന്റെ ആദ്യ പറക്കൽ 1994 മെയ് മാസത്തിലായിരുന്നു എന്നും ഫ്ലൈറ്റ്റഡാർ പറഞ്ഞു.