തൊടുപുഴ: കോളേജിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി. പെരുമ്പിള്ളിച്ചിറ അൽ-അസ്ഹർ കോളേജിലെ മുപ്പതോളം വിദ്യാർത്ഥികൾ പരാതി നൽകിയതായി ഭക്ഷ്യസുരക്ഷാ ഓഫീസർ സ്ഥിരീകരിച്ചു. ഹോസ്റ്റൽ ക്യാന്റീനിലെ ഭക്ഷണത്തിൽനിന്ന് ഭക്ഷ്യവിഷബാധ ഏറ്റതായാണ് ആരോപണം. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർക്കും പാരതി നൽകിയിട്ടുണ്ട്.

കോളേജിൽ എൽ.എൽ.ബി, ഡെന്റൽ വിഭാഗം വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണത്തോടെ ബുധനാഴ്ച മുതൽ ശനിയാഴ്ചവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. വയറിളക്കം, വയറുവേദന, തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ വിദ്യാർത്ഥികൾക്കുണ്ടായിരുന്നു.

പരാതി ലഭിച്ചതിനെത്തുടർന്ന് തൊടുപുഴ സർക്കിൾ ഫുഡ് സേഫ്ടി ഓഫീസർ എം.എൻ. ഷംസിയ തെളിവെടുത്തു.ഹോസ്റ്റൽ ക്യാന്റീനിൽ ഭക്ഷ്യസുരക്ഷാ സംഘം പരിശോധന നടത്തി. ഭക്ഷ്യവിഷബാധയുണ്ടായത് ഹോസ്റ്റൽ ക്യാന്റീനിൽനിന്നാണെന്ന് തെളിഞ്ഞാൽ കർശന നടപടിയെടക്കുമെന്ന് തൊടുപുഴ സർക്കിൾ ഫുഡ് സേഫ്ടി ഓഫീസർ എം.എൻ. ഷംസിയ അറിയിച്ചു.

വിദ്യാർത്ഥികളെ ചികിത്സിച്ച തൊടുപുഴ ജില്ലാ ആശുപത്രിയിലേയും മറ്റ് മൂന്ന് സ്വകാര്യ ആശുപത്രികളിലേയും ഡോക്ടർമാരുടെ മൊഴിയെടുത്തു.രോഗലക്ഷണം ഭക്ഷ്യവിഷബാധയാണ് സൂചിപ്പിക്കുന്നതെന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്.അതേസമയം അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി രാത്രി വൈകിയും രേഖപ്പെടുത്താനായിട്ടില്ല.

ഒരു വിദ്യാർത്ഥിക്കുപോലും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടില്ലെന്ന് അൽ-അസ്ഹർ കോളേജ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾതന്നെ ഭക്ഷ്യസുരക്ഷാ ഓഫീസറോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതിയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നുണ്ട്. അത് തങ്ങളെ കാണിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും കോളേജ് അധികൃതർ ആരോപിച്ചു.