ഡൽഹി: ലോകത്ത് ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിൽ നില മെച്ചപ്പെടുത്തി ഇന്ത്യ. നാലാം സ്ഥാനത്തേക്കാണ് ഇന്ത്യ ഉയർന്നത്. റഷ്യയെ കടത്തിവെട്ടിയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്. ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണ് ഇരു രാജ്യങ്ങളുടെയും കരുതൽ ശേഖരത്തിൽ മാറ്റമുണ്ടാക്കിയത്.

സ്ഥാനം ഉയർന്നെങ്കിലും ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം മാർച്ച് അഞ്ചിന് അവസാനിച്ച ആഴ്ചയിൽ 430 കോടി ഡോളർ ഇടിഞ്ഞു. 58,030 കോടി ഡോളറായാണ് ഇന്ത്യയുടെ ശേഖരം കുറഞ്ഞതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, റഷ്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 58,010 കോടി ഡോളറായാണ് കുറഞ്ഞത്.

അന്താരാഷ്ട്ര നാണയനിധിയുടെ പട്ടിക അനുസരിച്ച് ചൈനയ്ക്കാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വിദേശനാണ്യ കരുതൽ ശേഖരമുള്ളത്. ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒന്നര വർഷത്തെ ഇറക്കുമതി ചെലവിന് പര്യാപ്തമാണ് ഇന്ത്യയുടെ ശേഖരം. അതിനിടെ, ഓഹരി വിപണിയിലേക്ക് കൂടുതൽ പണമൊഴുകുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുന്നതും ഇന്ത്യയിലേക്കുള്ള വിദേശനാണ്യ വരുമാനം കൂട്ടിയിട്ടുണ്ട്.