തിരുവനന്തപുരം: വനത്തിന്റെയും വനവാസികളുടെയും വിനോദ സഞ്ചാരത്തിന്റെയും മറവിൽ വനം വകുപ്പിൽ ലക്ഷങ്ങളുടെ അഴിമതികൾ നടക്കുന്നതായി പരാതി. പട്ടൻകുളിച്ചപാറ വി എസ്എസിൽ ഗ്രീൻ ഗ്രാസ് പ്രൊജക്റ്റുമായി ബന്ധപ്പെട്ടു നടന്ന പ്രവർത്തനത്തിൽ ചെലവായ തുകയുടെ ഇരട്ടിയിലധികമായി രേഖപ്പെടുത്തി സമർപ്പിച്ചു എന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. എന്നാൽ ഈ പരാതി അന്വേഷിച്ചു നടപടി സ്വീകരിക്കുന്നത് ഇഴയുന്നു എന്നാണ് ആരോപണം, അതെ സമയം ഡിഎഫ്ഒയ്ക്ക് ലഭിച്ച പരാതിയെ തുടർന്ന് വി എസ്എസ് സെക്രട്ടറി സമർപ്പിച്ച ബിൽ തടഞ്ഞുവച്ചിരിക്കുകയാണ്. ബീറ്റ് ഫോറെസ്റ്റ് ഓഫീസറും വി എസ്എസ് സെക്രട്ടറിയുമായ നിഷ സമർപ്പിച്ച ബിൽ ആണ് പരാതിയെ തുടർന്ന് തടഞ്ഞു വച്ചിരിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ നവംബർ മാസമാണ് ഗ്രീൻ ഗ്രാസ് പ്രോജെക്റ്റുമായി ബന്ധപ്പെട്ട് വന ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. വനത്തിലെ മാലിന്യങ്ങൾ ശേഖരിച്ചു ഇവ നിർമ്മാർജനം ചെയ്യന്നതിനായി പതിനഞ്ചോളം പേർ പങ്കെടുത്ത ശുചീകരണ പരിപാടിക്കായി പതിനായിരം രൂപയുടെ ചെലവ് കാണിച്ചാണ് വി എസ്എസ് സെക്രട്ടറി ബിൽ സമർപ്പിച്ചത്. ഇതിനു പ്രസിഡണ്ടിന്റെ വ്യാജ ഒപ്പിട്ടു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ശേഖരിച്ച മാലിന്യങ്ങൾ വനത്തിനുള്ളിൽ നിർമ്മാർജനം ചെയ്യാനായി പരമാവധി മുന്നൂറ്റി അമ്പത് രൂപയുടെ വാഹന ചെലവ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്നിരിക്കെ ബില്ലിൽ നാലിരട്ടി തുകയാണ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം രണ്ടു കിലോമീറ്റർ ഓടാനാണ് ഈ തുകയെന്നതാണ് ശ്രദ്ധേയം. ഇതുകൂടാതെ നഗരത്തിൽപ്പോലും ബാനർ ഒന്നിന് 250 രൂപയ്ക്കു ലഭിക്കുമെന്നിരിക്കെ വി എസ്എസ് വഴി നടപ്പിലാക്കിയ പദ്ധതിയിൽ ബാനർ ചെലവ് ഇതിലും അഞ്ചിരട്ടിയാണ്. മിനറൽ വാട്ടറിന് സർക്കാർ നൽകിയിരിക്കുന്ന വില പന്ത്രണ്ടു രൂപയാണെങ്കിലും, പൊതുവെ എല്ലാ കടകളിലും 15 രൂപയ്ക്ക് കുപ്പിവെള്ളം കിട്ടുമെങ്കിലും ഗ്രീൻ ഗ്രാസ് പ്രോജെക്റ്റിന് മിനറൽ വാട്ടർ വാങ്ങിയതിന് കുപ്പി ഒന്നിന് ഇരുപതു രൂപയാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്.

പതിനഞ്ചോളം പേർ പങ്കെടുത്ത ശുചീകരണ പരിപാടിയിൽ ബിരിയാണി നൽകിയ വകയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന തുകയാണ് വകയിരിത്തിയിരിക്കുന്നത്. നവംബർ ആദ്യവാരം നടന്ന പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിനു നോട്ടീസ് അടിക്കാതെ ഇതിനായും തുക ചെലവായതായി കണക്കാക്കിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

കമ്മിറ്റി കൂടി മിനിട്സ് രേഖപ്പെടുത്തി പ്രസിഡന്റിന്റെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ ആണ് നടപടികൾ പൂർത്തിയാക്കേണ്ടത്. എന്നാൽ ഈ കണക്കിന്റെ കാര്യം പ്രസിഡന്റ് അറിഞ്ഞിട്ടുപോലുമില്ലെന്നും ആരോപണമുണ്ട്. എന്നാൽ ഈ പരാതി വ്യാജമാണെന്നും ചെലവായ തുക മാത്രമാണ് ബില്ലിൽ ഉൾപ്പെടുത്തിയതെന്നും വി എസ്എസ് സെക്രട്ടറി നിഷ മറുനാടനോട് പറഞ്ഞു.