കൊച്ചി:സംസ്ഥാനത്ത് അടച്ചുപൂട്ടൽ നിലനിൽക്കുമ്പോൾ റിട്ടയർമെന്റിന് ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന വനംവകുപ്പിലെ ഉന്നതൻ പരിവാരസമേതം ക്വാറികളുടെ അപേക്ഷയിൽ പഠനം നടത്താൻ സംസ്ഥാനത്ത് ഓട്ടപ്രദക്ഷിണം നടത്തുന്നു. ഔദ്യോഗിക സന്ദർശനം എന്ന പേരിൽ തലസ്ഥാനത്ത് വനംവകുപ്പ് ഓഫീസിൽ ഉന്നതസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥരെ വിളിച്ചുവരുത്തി അടിയന്തര പ്രാധാന്യമില്ലാത്ത വിഷയങ്ങൾക്കായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ റെയിഞ്ചോഫീസ് പരിധികളിൽ സന്ദർശനം നടത്തിവരുന്നതായിട്ടാണ് ലഭ്യമായ വിവരം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നുമാണ് ഈ ഉദ്യോഗസ്ഥൻ പരിശോധനകൾക്ക് പുറപ്പെട്ടത്. ഇന്നലെ ചാലക്കുടി ഐ ബിയിൽ തങ്ങിയ ഇദ്ദേഹം ഇന്ന് രാവിലെ പരിയാരം ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ സന്ദർശനം നടത്തി. പാറമടകൾ സംബന്ധിച്ച അപേക്ഷയിൽ സ്ഥലം പരിശോധിച്ച് തീരുമാനമെടുക്കാനാണ് ഇദ്ദേഹം എത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം.അടിയന്തര പ്രധാന്യമർഹിക്കുന്ന വിഷയങ്ങളിൽ മാത്രം ഇടപെടേണ്ട സാഹചര്യമാണിതെന്നും ഈ ഘട്ടത്തിൽ കീഴുദ്യോഗസ്ഥരെ വിളിച്ചുകൂട്ടി നിരവധി റെയിഞ്ചോഫീസ് പരിധിയിൽ ഇദ്ദേഹം സന്ദർശനം നടത്തുന്നത് ഒരു പക്ഷേ കോവിഡ് വ്യാപനത്തിന് തന്നെ കാരണമാവുമെന്നും പരാതിയുണ്ട്.

പരിശോധനകളിൽ അതാത് പ്രദേശത്തെ ഡി എഫ് ഒ മാരും ഇവർക്കുകീഴിലെ റെയിഞ്ചോഫീസർമാരും അവരോടൊപ്പമുള്ള മറ്റ് ജീവനക്കാരുമടക്കം 20 നും 30 നും ഇടയ്ക്ക് ആൾക്കൂട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയാണ് വിലയിരുത്തുന്നത്.കോവിഡ് പടർന്നുപിടിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഭീതിയോടെയാണ് ഉദ്യോഗസ്ഥരിൽ പലരും പരിശോധനയുമായി സഹകരിക്കാൻ എത്തുന്നതെന്നാണ് അറിയുന്നത്. നടപടി ഭയന്ന് ഇവരാരും ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഈ ഉദ്യോഗസ്ഥൻ ഈ മാസം സർവ്വീസിൽ നിന്നുവിരമിക്കുമെന്നാണ് അറിയുന്നത്. ഈ ഘട്ടത്തിൽ ഇത്ര ധൃതിയിൽ പാറപൊട്ടിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാനെന്ന പേരിൽ റെയിഞ്ചോഫീസ് പരിധികളിൽ സന്ദർശനം നടത്തുന്നതിനു പിന്നിൽ മറ്റുചില ലക്ഷ്യങ്ങളുണ്ടെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്്.

പെൻഷൻപറ്റുന്ന ഉന്നതർക്ക് റെയിഞ്ചടിസ്ഥാനത്തിൽ ഒരുതുക പാരിതോഷികമായി നൽകുന്ന സബ്രദായം വകുപ്പിലുണ്ടെന്നും ഇത് കൈപ്പറ്റുന്നതിനായിട്ടാണ് ഈ ഉദ്യോഗസ്ഥന്റെ പരക്കംപാച്ചിലെന്നുമാണ് ആക്ഷേപങ്ങളിൽ പ്രധാനം. തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ അനുകൂല തീരുമാനത്തിനായി ബന്ധപ്പെട്ടവർ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് കണ്ടുകാഴ്ചകൾ നൽകുമെന്നും ഇത് നേരിൽ കൈപ്പറ്റുന്നതിനാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കമെന്നും മറ്റുമുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.

ദേവികുളത്ത് പ്രവർത്തിക്കുന്ന മൂന്നാർ വനം ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് മൂന്നാറിലെ വിവിധ മേഖലകളിൽ വിനോദ സഞ്ചാരം നടത്തുന്നതായി കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. മുൻ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാറാണ് ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കടക്കം ഉന്നതാധികൃതർക്ക് പരാതി നൽകിയത്.ദേവികുളം റേഞ്ചിന് കീഴിലുള്ള അരുവിക്കാട് സെക്ഷൻ ഓഫീസിന്റെ വാഹനം ഇതിനായി ദുരുപയോഗിച്ചതായും പരാതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ കളക്ടർ, ദേവികുളം സബ് കളക്ടർ, മൂന്നാർ ഡി എഫ് ഒ, വനംവകുപ്പിന്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം വിഷയം ചൂണ്ടികാട്ടി പരാതി നൽകിയിട്ടുള്ളതായി സുരേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.കോവിഡ് കാലത്ത് നിയമ ലംഘനം നടത്തിയ സീനിയർ സൂപ്രണ്ടിനെതിരെ മാതൃകാപരമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് സുരേഷ് കുമാറിന്റെ പരാതിയിലെ മുഖ്യആവശ്യം.