കോതമംഗലം: വടാട്ടുപാറയിൽ അടുക്കളയിൽ കയറിയ രാജവെമ്പാലയെ വനപാലകർ അതിസാഹസികമായി പിടികൂടി. മീരാൻസിറ്റിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെ അടുക്കളയിലാണ് കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് പാമ്പ് അടുക്കളയുടെ ഉത്തരത്തിൽ ഇരിക്കുന്നത് വീട്ടുടമ കാണുന്നത്.

ഉച്ചയോടെ കോടനാട് നിന്നുള്ള പാമ്പുപിടുത്ത വിദഗ്ദ്ധനായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ എത്തിയ വനപാലകർ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച പാമ്പിനെ അതിസാഹസികമായാണ് പിടികൂടിയത്. നിരവധി തവണ സാബുസാറിന്റെ പിടിയിൽ നിന്ന് കുതറി മാറിയ രാജവെമ്പാലയെ ഒടുവിൽ കൈപ്പിടിയിലൊതുക്കുകയായിരുന്നു. 14 അടി നീളമുള്ള ആൺ രാജവെമ്പാലക്ക് ഏകദേശം 13 വയസ്പ്രായമുണ്ട്. പിടികൂടിയ പാമ്പിനെ സ്വാഭാവിക ആവാസസ്ഥലത്ത് തുറന്നു വിടുമെന്ന് രാജവെമ്പാലയെ പിടികൂടിയ സാബു പറഞ്ഞു.

രാവിലെ അടുക്കളയിൽ കയറിയ രാജവെമ്പാലയെ പിടിക്കാൻ വനപാലകർ വൈകിയെത്തിയതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. പാമ്പുപിടിക്കാൻ ലൈസൻസ് ഉള്ള പ്രദേശവാസിയായ മാർട്ടിൻ മെയ്‌ക്കമാലി സ്ഥലത്ത് ഉണ്ടായിട്ടും വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പിടിക്കാൻ മുതിർന്നില്ല. പാമ്പുപിടുത്തത്തിൽ ലൈസൻസുള്ള തന്നെ പാമ്പുപിടുത്തിൽ നിന്നും മേലധികാരി ഒഴിവാക്കുന്നതായി മാർട്ടിൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഇത് ശരിയാണെന്നു തെളിയിക്കുന്നതായിരുന്നു ഇന്നത്തെ സംഭവം. തുണ്ടം ഡെപ്യൂട്ടി റെയിഞ്ചോഫീസർ തന്നോട് പകതീർക്കുന്ന തരത്തിലാണ പെരുമാറുന്നതെന്നായിരുന്നു മാർട്ടിൻ മെയ്‌ക്കമാലിയുടെ ആരോപണം. രാവിലെ 9 മണിയോടെ പാമ്പിനെകണ്ടെത്തിയിരുന്നു. കോടനാട് നിന്നും രണ്ടുമണിയോടെയാണ് പാമ്പിനെ പിടിത്ത വിദഗ്ധരെത്തിയത്.

ഈ സമയമത്രയും വീട്ടുകാരും അയൽവാസികളും ജനപ്രതിനിധികളടക്കമുള്ള ജനക്കൂട്ടം അക്ഷമരായി കാത്തു നിൽക്കുകയായിരുന്നു. അപകടകരമായ അവസ്ഥ ഉണ്ടായിരുന്നിട്ടും പാമ്പിനെ പിടിക്കാൻ ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടിയെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് കോറമ്പേൽ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.