കണ്ണൂർ: പ്രായപൂർത്തിയാകാത്ത ബാലസംഘം പ്രവർത്തകനെ ലൈംഗികമായി അതിക്രമിച്ച സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി വേശാല നെല്യോട്ട് വയലിലെ കെ.പ്രശാന്തൻ അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയാണ് മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുൻപ് ബാലസംഘം പ്രവർത്തനത്തിന് എത്തിയ കുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. അതിന് പിന്നാലെ നെല്യോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

രണ്ടര മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് പ്രശാന്തൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. വിദ്യാർത്ഥിയോട് ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങിയതോടെ, കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടി. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. രണ്ടാഴ്ചകൾക്ക് ശേഷം പ്രദേശത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ബാലസംഘം പ്രവർത്തകനേയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു.പ്രശാന്തന്റെ അതിക്രമങ്ങൾ അറിഞ്ഞ നാട്ടുകാരനാണ് ചൈൽഡ് ലൈനിനെ ബന്ധപ്പെട്ട് വിവരം പറഞ്ഞത്.

ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുമ്പ് മയ്യിൽ പൊലീസ് പ്രശാന്തനെതിരെ പോക്‌സോ കേസ് എടുത്തത്. ഇതോടെ പ്രശാന്തൻ ഒളിവിൽ പോയി. ഭാര്യയും രണ്ട് പെൺകുട്ടികളുമുള്ള പ്രശാന്തൻ നിർമ്മാണതൊഴിലാളിയാണ്

സിപിഎമ്മിന്റെ കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്റെ ചുമതല വഹിച്ചിരുന്നതും ഇയാൾ തന്നെയായിരുന്നു. പല പരിപാടികൾക്കും കുട്ടികളെ സംഘടിപ്പിച്ചു കൊണ്ടു പോകുന്ന വേളയിലാണ് പീഡനം നടത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ വെച്ചും ഇടവഴിയിൽ നിന്നും മറ്റിടങ്ങളിൽ വെച്ചും ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

നേരത്തെ ഇയാളെ കുറിച്ച് രക്ഷിതാക്കൾ ആരോപണമുന്നയിച്ചിരുന്നുവെങ്കിലും പാർട്ടി തലത്തിൽ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നു. സിപിഎം നേതൃത്വം ഇയാളെ താക്കീതു ചെയ്യുകയും ബാലസംഘത്തിന്റെ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതോടെയാണ് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലിസ് പോക്‌സോ ചുമത്തി അന്വേഷണമാരംഭിച്ചത്. ഇതോടെ പാർട്ടിയും ഇയാളെ കൈയൊഴിയുകയായിരുന്നു. സിപിഎം കുടുംബാംഗമായ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടതിനാൽ നേതൃത്വത്തിന് ഇടപെടാൻ കഴിയാതെ വരികയായിരുന്നു.