കൊച്ചി: മുൻ മിസ് കേരള അൻസി കബീറിന്റെയും സുഹൃത്തുക്കളുടേയും മരണത്തിന് ഇടയാക്കിയ അപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി ഡിജെ പാർട്ടി നടന്ന കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ പൊലീസ് ചോദ്യംചെയ്തു. ഏഴ് മണിക്കൂറോളമാണ് റോയിയെ പൊലീസ് ചോദ്യം ചെയ്തത്.

പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം ഹോട്ടലിലെ നിർണായക ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ റോയി ഹാജരാക്കിയിരുന്നു. ഡി.ജെ പാർട്ടിയുടേത് ഉൾപ്പെടെയുള്ള സിസി ടിവി ദൃശ്യങ്ങൾ ഇന്ന് ഹാജരാക്കിയവയിൽ ഉണ്ടെങ്കിലും ഇതിൽ ദുരൂഹമായി ഒന്നുമില്ലെന്നാണ് എറണാകുളം എ.സി.പി പറയുന്നത്.

ഒരു ഡിവിആർ കൂടി ലഭിക്കാൻ ഉണ്ടന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. മിസ് കേരള അടക്കം മൂന്ന് പേർ മരിച്ച കേസിൽ ഹോട്ടൽ ഉടമ റോയി ജോസഫ് വയലാട്ടിൽ രാവിലെ 10.30 നാണ് ചോദ്യം ചെയ്യലിന് ഹാജരായത്. അസിസ്റ്റന്റ് കമ്മീഷണർ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. റോയ് നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകളിൽ ഒരെണ്ണം പൊലീസിന് കൈമാറിയാതായി എസിപി അറിയിച്ചിരുന്നു.

അതേസമയം ഡിജെ പാർട്ടി നടന്ന ഹാളിൽ ചില തർക്കങ്ങൾ നടന്നതായി പൊലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. അതുസംബന്ധിച്ച് കൂടുതൽ പരിശോധന പൊലീസ് നടത്തും.

ജീവനക്കാരുടെ മൊഴി പ്രകാരം ഹാർഡ് ഡിസ്‌ക്കുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ റോയ് ഹാജരായിരുന്നില്ല. തുടർന്ന് ഇന്നലെ നിയമപരമായി നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നു. ഡിവിആറുമായി ഹാജരാകണം എന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടം 91 പ്രകാരമാണ് നോട്ടിസ് നൽകിയത്.

അപകടത്തിൽ മരിച്ച അൻസി കബീറിന്റെ അച്ഛൻ അബ്ദുൽ കബീറും ബന്ധുക്കളും കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമേ പ്രതികരിക്കുവെന്ന് ബന്ധുക്കൾ അറിയിച്ചു.

ആൻസി കബീറും സംഘവും സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജുവിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിർദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടർന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് കെ എൽ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നൽകിയത്.

എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലിൽ നിന്ന് ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. തുടർന്നാണ് സൈജുവിനെ പൊലീസ് വിശദമായി ചോദ്യംചെയ്തത്.

അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറിനിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിൽ എത്തി അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാർട്ടി നടന്ന ഹാളിൽ വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്. എന്തിനാണ് ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ ഒളിപ്പിച്ചത്, എന്തിനാണ് കാറിൽ അൻസി കബീറിനേയും സംഘത്തേയും പിന്തുടർന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്താനുള്ളത്.