ന്യൂഡൽഹി: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായത് കഴിഞ്ഞ ശനിയാഴ്ചയാണ്. ദാദയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടു. പലരും പ്രിയ കളിക്കാരന്റെ ആരോഗ്യനിലയിൽ ഉത്കണ്ഠപ്പെട്ടപ്പോൾ, ചിലർ അദ്ദേഹം അഭിനയിച്ച പഴയ ഒരു പരസ്യം കുത്തിപ്പൊക്കിയെടുത്തു. ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്റെ പരസ്യമായിരുന്നു അത്. മികച്ച ഹൃദയാരോഗ്യം വാഗ്ദാനം ചെയ്യുന്ന എണ്ണയുടെ ഫലപ്രാപ്തി പലരും ചോദ്യം ചെയ്തുവെന്ന് മാത്രമല്ല, ട്വീറ്റുകളും കളിയാക്കലുകളും പിന്നാലെ വന്നു. ദാദാ ബോലെ വെൽക്കം ടു ദ ഫോർട്ടീസ്-ഇതായിരുന്നു പരസ്യത്തിന്റെ ടാഗ് ലൈൻ. ഫോർച്യൂൺ ഓയിൽസിന്റേതിന് പുറമേ, അവരുടെ തന്നെ സോയ ചങ്ക്‌സിന്റെയും ബ്രാൻഡ് അംബാസഡർ ആയിരുന്നും ഗാംഗുലി. ഏതായാലും അതോടെ ഫോർച്യൂൺ റൈസ് ബ്രാൻ ഓയിൽ പരസ്യം പിൻവലിച്ചു.

ഒഗിൾവിയാണ് 2020ലെ ഈ പരസ്യം ചെയ്തത്. 40 ന് മുകളിൽ പ്രായമുള്ളവരെയാണ് അദാനി വിൽമറിന്റെ ഫോർച്യൂൺ റൈസ് ബ്രാൻ ഹെൽത്ത് ഓയിൽ ലക്ഷ്യമിട്ടത്. നാൽപത് തികഞ്ഞാൽ നിങ്ങൾ ജീവിതം അവസാനിപ്പിക്കുമോ ? 48 കാരനായ ഗാംഗുലി പരസ്യത്തിൽ ചോദിക്കുന്നു. ഈ എണ്ണയിൽ ഗാമ ഒറിസാനോൾ ഉണ്ടെന്നും അത് നല്ല കൊളസ്‌ട്രോൾ കൂട്ടുകയും, ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദയം ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യും എന്നാണ് തുടർന്ന് ഗാംഗുലി പറയുന്നത്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന പറയുന്ന പരസ്യത്തിൽ ഹൃദയാഘാതം തടയുമെന്ന വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നില്ല. എന്നാൽ, സോഷ്യൽ മീഡിയ വിമർശകർക്ക് അതൊന്നും പ്രശ്‌നമല്ലല്ലോ. അതിരുകടന്ന പ്രതികരണമായിരുന്നു പലരുടെയും. ഇതിൽ മനംമടുത്താവണം കമ്പനി തന്നെ പരസ്യം പിൻവലിച്ചത്. മൂന്നുവഴികളാണ് കമ്പനിക്ക് മുന്നിൽ ഉണ്ടായിരുന്നത്.ഒന്നും മിണ്ടാതിരിക്കുക, ചെയ്യാതിരിക്കുക, പൊതുജനം എല്ലാം പതിയെ മറക്കുമെന്ന് പ്രതീക്ഷിക്കുക. രണ്ടാമതായി തിരിച്ചടിക്കുക. അതായത് ഗാംഗുലി ഫോർച്യൂൺ ഓയിലിന്റെ അംബാസഡറാവാം, എന്നാൽ, അതുകൊണ്ടാണ് ഹൃദയാഘാതം ഉണ്ടായതെന്ന് അർത്ഥമില്ല. മൂന്നാമത് ഒരു ഇൻഫൊർമേഷൻ ക്യാമ്പെയിൻ നടത്തുക. ഏതായാലും കമ്പനി നാലാമത്തെ വഴിയാണ് സ്വീകരിച്ചത്.