ന്യൂഡൽഹി : മറാഠ സംവരണ കേസിലെ സുപ്രീം കോടതി വിധി, പുതിയ പ്രതിസന്ധികൾക്ക് വഴിവയ്ക്കുകയാണ്. ഇന്ദിരാസാഹ്നി കേസിലെ കോടതിവിധി ശരി വച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി മുന്നോക്ക സംവരണം പാസാക്കിയ കേന്ദ്രസർക്കാരിനെയും കേരളമടക്കമുള്ള സംസ്ഥാനങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. കേന്ദ്രത്തിലും കേരളത്തിലുമുള്ള മുന്നാക്ക സംവരണ വ്യവസ്ഥയ്ക്ക് എന്തു സംഭവിക്കുമെന്നത് ഒരു നിയമപ്രശ്‌നമായി നിൽക്കുകയാണ്.

പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന വിധിയാണ് രണ്ടാമത്തെ പ്രശ്‌നം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ തള്ളുകയും സർക്കാർ കൊണ്ടുവന്ന ഭേദഗതി ശരിവയ്ക്കുകയുമാണ് കോടതി ചെയ്തത്.

മുന്നാക്ക സംവരണം ചോദ്യചിഹ്നമായതെങ്ങനെ?

2019 ജനുവരിയിൽ പാർലമെന്റ് പാസാക്കിയ 103-ാം ഭരണഘടനാ ഭേദഗതിയുടെ ചുവടുപിടിച്ചാണ് സംസ്ഥാന സർക്കാർ ഉദ്യോഗത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിനു കഴിഞ്ഞ ഒക്ടോബറിൽ തീരുമാനിച്ചത്. ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഇരുപത്തിയൊമ്പതോളം ഹർജികളുണ്ട്. എൻഎൻഡിപി യോഗവും മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റുമാണ് കേരളത്തിൽനിന്നു ഹർജിക്കാർ. ഉന്നയിക്കപ്പെട്ടിട്ടുള്ളത് സാരമായ പ്രശ്‌നങ്ങളെന്നു വിലയിരുത്തി, ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടിരിക്കുകയാണ്. കേരളത്തിലെ വ്യവസ്ഥയ്‌ക്കെതിരെയുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

50 ശതമാനം പരിധി പിന്നാക്ക വിഭാഗ സംവരണത്തിനു മാത്രമെന്നാണ് സാമ്പത്തിക സംവരണത്തിനായി ഭരണഘടനാഭേദഗതി കൊണ്ടുവന്നപ്പോൾ കേന്ദ്ര സർക്കാർ വാദിച്ചത്. എന്നാൽ, തമിഴ്‌നാട്ടിലെ 69 ശതമാനം സംവരണത്തിൽ പിന്നാക്ക, അതി പിന്നാക്ക, പട്ടിക വിഭാഗങ്ങളാണ് ഉൾപ്പെടുന്നത്. കോടതിയുടെ ഇടപെടലിൽനിന്നു സംരക്ഷിക്കാൻ ഈ നിയമം ഭരണഘടനയുടെ 9ാം പട്ടികയിലുൾപ്പെടുത്തി. ഈ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇനിയും തീർപ്പാക്കിയിട്ടില്ല. എന്നാൽ, 9ാം പട്ടികയ്ക്കും കോടതിയുടെ പരിശോധന ബാധകമെന്നു സുപ്രീം കോടതി നേരത്തെ വിധിച്ചിട്ടുമുണ്ട്.

കോടതിവിധി ബാധിക്കില്ലെന്ന്

എന്നാൽ കോടതിവിധി കേരളത്തിലെ മുന്നോക്കസംവരണനിയമത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ഇടതുകേന്ദ്രങ്ങളുടെ അവകാശവാദം. മറാത്ത വിഭാഗത്തിന് സാമൂഹ്യ സംവരണം ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പ്രധാനമായും പരിശോധിച്ചതാണ് അവർ പറയുന്നത്. മറാത്തക്കാരുടെ സംവരണ പരിധി കടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ ബഞ്ചിന്റെ വിധി. ഈ കേസിൽ കേരളം കക്ഷിയല്ലെന്നും അവർ പറയുന്നു.

സംവരണം സംബന്ധിച്ച് അന്തിമ തീരുമാനം പാർലമെന്റിനും രാഷ്ട്രപതിക്കും മാത്രമേ എടുക്കാനാകൂ എന്നാണ് ഇക്കാര്യത്തിൽ കോടതി തീർപ്പ്. മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗത്തിന് സംവരണം നൽകുന്ന 103ാം ഭരണഘടന ഭേദഗതിയുമായി ബന്ധപ്പടുത്തി കോടതി ഒരു കാര്യവും പറഞ്ഞില്ല. മാത്രമല്ല, ഇതു സംബന്ധിച്ച ഹർജികൾ മറ്റൊരു ഭരണഘടന ബഞ്ച് പരിഗണിക്കുകയാണെന്നും, തീരുമാനം അവിടെ നിന്നാണ് ഉണ്ടാകേണ്ടതെന്നും കോടതി വ്യക്തമാക്കിയതായും അവർ അവകാശപ്പെടുന്നു.

103ാം ഭരണഘടനാ ഭേദഗതി സ്റ്റേ ചെയ്യണമെന്ന് നേരത്തെ സുപ്രീംകോടതിയിൽ ഹർജി വന്നെങ്കിലും സ്റ്റേ ചെയ്യാൻ തയ്യാറായില്ല. അതുകൊണ്ട് ഭരണഘടനാ ഭേദഗതി പ്രകാരം സിദ്ധിച്ച അവകാശപ്രകാരം കേരളം ഏർപ്പെടുത്തിയ സാമ്പത്തിക സംവരണം തുടരാനാകുമെന്നാണ് മുന്നോക്ക സംവരണഅനുകൂലികളുടെ വാദം.

പ്രതിസന്ധിയിൽ മഹാവികാസ് അഘാഡി സർക്കാർ

ഇതിനിടെ സുപ്രീംകോടതി വിധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാരിനെയാണ്. സർക്കാരിന്റെ വീഴ്ചയാണ് കോടതിയിൽനിന്നുള്ള തിരിച്ചടിക്ക് വഴിവെച്ചതെന്ന വിമർശനവുമായി ബിജെപി. രംഗത്തു വന്നുകഴിഞ്ഞു. പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് മറാഠാ സമുദായസംഘടനകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.

മറാഠാ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16 ശതമാനം സംവരണം ഏർപ്പെടുത്താനായിരുന്നു സർക്കാരിന്റെ തീരുമാനം. സംവരണനിരക്ക് ജോലിയിൽ 12 ശതമാനവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 13 ശതമാനവും ആയി കുറവുവരുത്തി ബോംബെ ഹൈക്കോടതി ഈ തീരുമാനം ശരിവെച്ചു. ഈ നിലയ്ക്കും സംസ്ഥാനത്തെ മൊത്തം സംവരണം 65 ശതമാനമാവും. മൊത്തം സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു വിരുദ്ധമാണ് ബോംബെ ഹൈക്കോടതിയുത്തരവ് എന്ന് ചൂണ്ടിക്കാണിച്ചാണ് സംവരണത്തെ എതിർക്കുന്നവർ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി അനുവദിച്ച് സംവരണം സ്റ്റേചെയ്ത സുപ്രീംകോടതി വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടു. മൊത്തം സംവരണം 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന നിബന്ധന മറികടക്കാനുള്ള അസാധാരണ സാഹചര്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ബുധനാഴ്ച അന്തിമവിധി പുറപ്പെടുവിച്ചത്.

മറാഠാ സംവരണം ആവശ്യപ്പെട്ട് 2016-'18 കാലത്ത് മഹാരാഷ്ട്രയിൽ 58 വൻ റാലികളാണ് നടന്നത്. ഇതോടനുബന്ധിച്ച് 56 ആത്മഹത്യകളുമുണ്ടായി. പല പ്രക്ഷോഭങ്ങളും അക്രമാസക്തമാവുകയും ചെയ്തിരുന്നു. അന്നത്തെ ബിജെപി.- ശിവസേന സർക്കാരാണ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംനിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽപ്പെടുത്തി മറാഠകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്തി 2018-ൽ നിയമം കൊണ്ടുവന്നത്.

മുന്നോക്ക സംവരണം പാസാക്കിയ സംസ്ഥാനങ്ങൾക്കും അതൊരു പ്രധാനലക്ഷ്യമായി പ്രഖ്യാപിച്ച ഈ വിധി എങ്ങനെ ബാധിക്കുമെന്നും, ഈ വിധി മറികടക്കാൻ എന്ത് മാർഗമാകും അവർ അവലംബിക്കുകയെന്നും കണ്ടറിയേണ്ടിയിരിക്കുന്നു, അതോടൊപ്പം മുന്നോക്ക സംവരണനിയമത്തിന്റെ ഭാവിയെന്താകുമെന്നും.