പനജി: എസ്‌ഐ.യായ അച്ഛന്റെ സർവീസ് റിവോൾവർ അബദ്ധത്തിൽ പൊട്ടി നാലുവയസ്സുള്ള മകൻ മരിച്ചു. ഗോവ ബിച്ചോളിയിലാണ് സംഭവം.

ഗോവയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സുരക്ഷ നൽകുന്ന ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്‌ഐ. ദശരഥ വൈഗൻകർ കഴിഞ്ഞദിവസം ജോലികഴിഞ്ഞ് രാത്രി 11 മണിക്കാണ് വീട്ടിലെത്തിയത്. തോക്ക് മേശപ്പുറത്തുവെച്ച് കുളിമുറിയിൽ കയറിയതായിരുന്നു. ഈ സമയത്ത് മകൻ തോക്കെടുത്ത് കളിക്കുകയും അബദ്ധത്തിൽ വെടി പൊട്ടുകയുമായിരുന്നു.

വെടിയൊച്ച കേട്ട് അമ്മ വന്നുനോക്കിയപ്പോൾ കുട്ടി വീണുകിടക്കുന്നതാണു കണ്ടത്. ഇടത് കണ്ണിലൂടെ ഉണ്ട തുളച്ചുകയറി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് പറഞ്ഞു.