റോം: മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിൽ ഇടംപിടിക്കുന്ന സന്ദർശനത്തിനാണ് ഇനി ഇടം പിടിക്കുക. ഇന്ന് ഒന്നേകാൾ മണിക്കൂർ നീണ്ട കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. കാലങ്ങളായി ഇന്ത്യയിലെ കത്തോലിക്കാ സമൂഹത്തിന്റെ ആവശ്യമായിരുന്നു പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുക എന്നത്. ഇതിനാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

എന്നാണ് പോപ്പ് ഇന്ത്യ സന്ദർശിക്കുക എന്ന തീയ്യതി അടക്കം വത്തിക്കാൻ തീരുമാനിക്കും. കൂടുതൽ ഉഭയകക്ഷി ചർച്ചകൾ ഇത് സംബന്ധിച്ച് ഉണ്ടാകും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഫ്രാൻസിസ് പാപ്പ എത്തിയേക്കുമെന്നും സൂചനകളുണ്ട്. ഇതടക്കമുള്ള തീരുമാനം പിന്നീട് ഉണ്ടാക്കിയേക്കും. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം ഉറപ്പായതോടെ ആഹ്ലാദത്തോടെ ഇന്ത്യൻ കത്തോലിക്കാ സഭയും സ്വാഗതം ചെയ്യുന്നത്.

2000ൽ അടൽ ബിഹാരി വാജ്‌പേയ് മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഐ കെ ഗുജ്‌റാൾ എന്നീ പ്രധാനമന്ത്രിമാർ ആണ് ഇതിനു മുമ്പ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള മറ്റ് ഇന്ത്യൻ പ്രധാനമന്ത്രിമാർ. ഇരുവരും ചർച്ച ചെയ്ത വിഷയങ്ങളെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് അറിവ്.

ഇന്ത്യയിൽ കോവിഡ് രൂക്ഷമായിരുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക് സൗഖ്യം നേർന്നുകൊണ്ട് മാർപാപ്പ പ്രധാനമന്ത്രിക്ക് സന്ദേശമയച്ചിരുന്നു. കോവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യ ഏകദേശം കരകയറുന്ന അവസരത്തിലാണ് മോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. ഗോവയിൽ തിരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തിൽ മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്‌ച്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരുന്നു. കേരളത്തിൽ അടക്കം ക്രൈസ്തവ സഭയുമായി അടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയും. ഇതിനിടെയാണ് പോപ്പ് ഇന്ത്യയിലേക്ക് എത്തുമെന്നതും ശ്രദ്ധേയമാകുന്നത്.

പേപ്പൽ ഹൗസിലെ ലൈബ്രറിയിലാണ് ചർച്ചനടന്നത്. ചർച്ച ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനിൽനിന്ന് മടങ്ങി. നേരത്തെ മോദിയുടെ ഇറ്റലിയിലേക്കുള്ള വരവ് ദീപാവലി ആഘോഷമാക്കിയ ഇന്ത്യൻ സമൂഹം മൂവർണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തംചെയ്തും സ്വാഗതമോതി. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു.

ഇന്ത്യ യൂറോപ്യൻ യൂണിയൻ ഉഭയകക്ഷിബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാൻ പ്രശ്‌നം, പരിസ്ഥിതി പ്രശ്‌നങ്ങൾ തുടങ്ങിയവ നേതാക്കൾ ചർച്ച ചെയ്തു. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉൾപ്പെടെ ഒട്ടേറെ ലോകനേതാക്കളുമായി മോദി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗ്ലാസ്‌ഗോയിൽ നവംബർ 1, 2 തീയതികളിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി 26) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് യാത്ര തിരിക്കും. നവംബർ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.