ആലപ്പുഴ: സിപിഎം പരസ്യമായി ശാസിച്ചതിൽ ഒരു വിഷമവുമില്ലെന്ന് സംസ്ഥാന കമ്മറ്റി അംഗം ജി. സുധാകരൻ. സംസ്ഥാന കമ്മറ്റി യോഗം കഴിഞ്ഞ് കരുത്തനായി തന്നെയാണ് തിരിച്ചെത്തിയത്. ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നതെന്നും സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്തയാളാണ് താനെന്നും ജി. സുധാകരൻ പറഞ്ഞു.

തനിക്കെതിരെ പാർട്ടിയെടുത്ത അച്ചടക്ക നടപടി അടഞ്ഞ അധ്യായമാണെന്നും അതിനെ കുറിച്ച് ഇനി ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തനത്തിൽ സജീവമാകും. ആലപ്പുഴയിലെ സിപിഎമ്മിൽ ഇപ്പോൾ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചക്ക് മുതിർന്ന നേതാവും മുന്മന്ത്രിയും സംസ്ഥാന സമിതിയംഗവുമായ ജി. സുധാകനെ സിപിഎം പരസ്യമായി ശാസിച്ചിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും അങ്ങോട്ട് ചെന്ന് കാണുകയായിരുന്നു. ആലപ്പുഴയിലെ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യമാണ് സംസാരിച്ചത്. കമ്മ്യൂണിസ്റ്റുകാർ പൊതുവെ മനസ്സിലുള്ളത് തുറന്നുപറയാറുണ്ട്. അറിവില്ലാത്തവരും തെറ്റായി ചിന്തിക്കുന്നവരും അഴിമതിക്കാരും എല്ലാമുള്ള സമൂഹമാണിത്. അതിന്റെ തുടർച്ചകൾ പലസ്ഥലത്തും കാണും. അത്തരക്കാരെ ഗൗനിക്കേണ്ടതില്ല. പാർട്ടി കൂടെയുള്ളതിനാൽ ഒറ്റപ്പെടുന്നതായി തോന്നിയിട്ടില്ല.

പാർട്ടിയിലെ തന്റെ സ്വാധീനം കൂടുന്നോ കുറയുന്നോ ഇല്ല. മറിച്ചുള്ള വാർത്തകളൊക്കെ തെറ്റാണ്. ഒറ്റപ്പെടുന്നു എന്നതൊക്കെ ബൂർഷ്വാ പ്രയോഗമാണ്. പാർട്ടിയെടുത്ത എല്ലാ തീരുമാനങ്ങളോടും നൂറ് ശതമാനം യോജിപ്പാണ് തോന്നിയിട്ടുള്ളത്. പാർട്ടിക്ക് അതീതരായി ആരുമില്ല എന്നത് പാർട്ടി ഭരണഘടനയിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. തനിക്കുള്ള നടപടി മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണ് എന്നൊന്നും പറയുന്നതിൽ അർഥമില്ല.

ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നത്. ഒരു സ്ഥാനമാനത്തിനുവേണ്ടിയും നാളിതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് അംഗത്വം പോലും വേണ്ടെന്ന് പറഞ്ഞയാളാണ് താൻ. പാർട്ടി നടപടികൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജി. സുധാകരൻ പറഞ്ഞു.

അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ ജി. സുധാകരൻേറതുൾപ്പെടെ പങ്കന്വേഷിച്ച സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും അടങ്ങിയ കമീഷന്റെറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതി സുധാകരനെതിരെ നടപടി എടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ സന്ദർഭത്തിലും, തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി. സുധാകരൻ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തിയതായി സിപിഎം പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 'ഇതിന്റെ പേരിൽ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി ജി. സുധാകരനെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു'വെന്നും അറിയിച്ചു.

സിപിഎമ്മിന്റെ അച്ചടക്ക നടപടികളിൽ മൂന്നാമത്തേതാണ് പരസ്യശാസന. താക്കീതും ശാസനയുമാണ് തൊട്ടുമുമ്പുള്ള നടപടികൾ. നേരത്തെ 2002ൽ ആലപ്പുഴ ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ജി. സുധാകരനെ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ജില്ല കമ്മിറ്റി പിരിച്ചുവിട്ട് ജില്ല സെക്രട്ടറിയുടെ ചുമതല അന്ന് എം.എ. ബേബിക്കാണ് സംസ്ഥാന നേതൃത്വം നൽകിയത്. 2005ൽ മലപ്പുറം സമ്മേളനത്തിലാണ് സുധാകരനെ സംസ്ഥാന സമിതിയിലേക്ക് തിരികെ എടുത്തത്.

അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് സഹായകരമല്ലാത്ത നിലപാടാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായതെന്നായിരുന്ന പാർട്ടി കമീഷന്റെ കണ്ടെത്തൽ. മണ്ഡലത്തിൽനിന്ന് വിജയിച്ച എച്ച്. സലാമിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സഹകരിക്കുന്നില്ലെന്ന പ്രചാരണം ഉണ്ടായിട്ടും അതിനോട് മൗനംപാലിച്ചു. പ്രചാരണങ്ങൾ ശരിവെക്കുന്ന തരത്തിൽ മൗനംപാലിച്ചെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.