ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിനുള്ളിൽ ഉരുണ്ടു കൂടുന്ന പ്രശ്‌നങ്ങൾ സംസ്ഥാന തലത്തിലും പാർട്ടിക്ക് തലവേദനയാകുന്നു. മുൻ മന്ത്രിയും മുതിർന്ന നേതാവുമായി ജി സുധാകരനെതിരെ പാർട്ടിയിലെ ഒരു വിഭാഗം തുറന്ന പോരിലാണ്. ഈ പോരു തുടരുമ്പോൾ തന്നെയാണ് പാർട്ടി അമ്പലപ്പുഴയിൽ വോട്ടു കുറഞ്ഞ വിഷയത്തിൽ അദ്ദേഹത്തിനെതിരെ അന്വേഷണ കമ്മീഷനെ വെച്ചത്. എന്നാൽ, ഈ തീരുമാനത്തോട് അടക്കം പ്രതികരിക്കാതെ മൗനത്തിലാണ് ജി സുധാകരൻ. അദ്ദേഹത്തിന്റെ മൗനം പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തതയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

പാർട്ടി സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി യോഗങ്ങളിലും സുധാകരൻ പങ്കെടുത്തിരുന്നില്ല. പാർട്ടിക്കുള്ളിൽനിന്നു തനിക്കെതിരെ വിമർശനങ്ങളും പ്രചാരണങ്ങളും തുടരുന്നതിൽ അദ്ദേഹം അസ്വസ്ഥനാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക മുന്നിലെത്തി പ്രതികരിക്കാൻ പോലും അദ്ദേഹം ഇപ്പോൾ തയ്യാറല്ല. തന്റെ പ്രതിഷേധം കൂടിയാണ് അദ്ദേഹം മൗനത്തിലൂടെ പാർട്ടിയെ അറിയിക്കുന്നത്. പാർട്ടിയുടെ പ്രധാന യോഗങ്ങളിൽനിന്നു വിട്ടുനിൽക്കുന്നതു പാർട്ടി രീതിയനുസരിച്ച് ഗൗരവമുള്ള കാര്യമാണ്.

അതറിഞ്ഞിട്ടും സുധാകരൻ അകലം പാലിക്കുന്നത് നേതൃത്വം ചില വസ്തുതകൾ പരിശോധിക്കുന്നില്ലെന്ന വിഷമം കൊണ്ടു തന്നെയാണെന്ന് അറിയുന്നു. ഇതൊന്നും പരിശോധിക്കാൻ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളിൽ ശ്രമമുണ്ടാകാഞ്ഞതും പ്രതിഷേധത്തിനു കാരണമായിരിക്കാം. തന്നോട് എന്താണ് പ്രശ്‌നമെന്ന് ചോദിക്കാൻ പോലും ആരും തയ്യാറായില്ലെന്ന വിഷമം അദ്ദേഹത്തിനുണ്ട്. ഒരുകാലത്ത് വിശ്വസ്തനായിരുന്നി പിണറായിയും കൈവിട്ട അവസ്ഥയിലാണ്.

'ഒരു നേതാവും ഒറ്റയ്ക്കു തീരുമാനമെടുത്തു ജില്ലയിലെ പാർട്ടിയെ നയിക്കേണ്ട' എന്നു ഫെബ്രുവരി രണ്ടാം വാരം മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്. ഇത് സുധാകരനെ ലക്ഷ്യമിട്ടാണെന്ന ആരോപണം അന്നു തന്നെ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു 'വർഷങ്ങൾക്കു ശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഏതെങ്കിലും പക്ഷത്തേക്കു ചാരി നിൽക്കാതെ പാർട്ടിക്കുവേണ്ടി നിർഭയം അഭിപ്രായം പറയുന്ന ഗുണകരമായ പ്രവണതയുണ്ടായിരിക്കുന്നു.' അന്നു ജില്ലാ കമ്മിറ്റിയിൽ 'നിർഭയമായി' വിക്ഷേപിച്ച മുനകളിൽ ചിലത് ഉന്നമിട്ടത് 2 പതിറ്റാണ്ട് ജില്ലയിലെ സിപിഎമ്മിനെ ഒറ്റയ്ക്കു നയിച്ച ജി. സുധാകരനെതിരെയായിരുന്നു.

നിയമസഭാ സ്ഥാനാർത്ഥികളെ ശുപാർശ ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജന്റെയും അമ്പലപ്പുഴയിൽ എച്ച്.സലാമിന്റെയും പേരു നിർദ്ദേശിച്ചത് സുധാകരനായിരുന്നു. തുടർച്ചയായി 2 തവണ എംഎൽഎ ആയവർക്ക് വീണ്ടും അവസരം നൽകേണ്ടെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം പിന്നാലെ വന്നു. അമ്പലപ്പുഴ സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ച ദിവസം തന്നെ സലാമിനെതിരെ എസ്ഡിപിഐ ബന്ധം ആരോപിച്ച് പോസ്റ്റർ പ്രചരിച്ചു.

ആലപ്പുഴയിൽ ചിത്തരഞ്ജനെതിരെയും പോസ്റ്റർ പ്രചാരണമുണ്ടായി. ആലപ്പുഴയിലെ എംഎൽഎയും മന്ത്രിയുമായിരുന്ന തോമസ് ഐസക് ആ നീക്കത്തെ പരസ്യമായി തള്ളിപ്പറഞ്ഞു ചിത്തരഞ്ജനുവേണ്ടി പ്രചാരണത്തിൽ സജീവമയാതുപോലുള്ള പിന്തുണ അമ്പലപ്പുഴയിൽ ഉണ്ടായില്ലെന്നും പലതരത്തിലും സുധാകരൻ നിസഹകരിക്കുന്നുവെന്നും പിണറായി വിജയനോട് സലാം പരാതിപ്പെട്ടു. ഈ പരാതിയിൽ അടക്കമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

നിയമസഭാ സീറ്റ് കിട്ടാത്തതല്ല അദ്ദേഹത്തിന്റെ പ്രശ്‌നം. ഇനി മത്സരിക്കുന്നില്ലെന്ന് പാർട്ടി നേതൃത്വത്തോടും മാധ്യമങ്ങളോടും നേരത്തെ പറഞ്ഞിരുന്നെന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. മന്ത്രിയായും കഴിഞ്ഞ തിരഞ്ഞെടുപ്പിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ പാർട്ടി കാണാതെ പോകുന്നെന്നും എതിർപ്പുള്ളവർ പറയുന്നതു മാത്രം നേതൃത്വം പരിഗണിക്കുന്നെന്നും പരാതിയുള്ളവർ വേറെയും പാർട്ടിയിലുണ്ട്.

തിരഞ്ഞെടുപ്പിനു മുൻപു തന്നെ ചിലർ സുധാകരനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്റ്റാഫിൽനിന്ന് ഒരാളെ ഒഴിവാക്കിയതിനെ തുടർന്നു നടത്തിയ പ്രതികരണത്തെച്ചൊല്ലി മുൻ ജീവനക്കാരന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയത് ഉൾപ്പെടെ വിവാദമായി. എന്നാൽ, സ്റ്റാഫിൽനിന്ന് ഒഴിവാക്കിയത് ജോലിക്ക് എത്താത്തതിനാലാണെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. പാർട്ടി നേതൃത്വം അത് അനുവദിക്കുകയും ചെയ്തു. ഇത്തരം നടപടികൾ പുതിയ കാര്യമല്ലെങ്കിലും അതു പോലും സുധാകരനെതിരെ ചിലർ ഉപയോഗിച്ചെന്ന ആരോപണമുണ്ട്. എന്നാൽ, അതു പാർട്ടി ചർച്ച ചെയ്തിട്ടില്ല. സുധാകരൻ വർഗവഞ്ചകനാണെന്നും രക്തസാക്ഷികൾ മാപ്പു തരില്ലെന്നും മറ്റും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെപ്പറ്റിയും അന്വേഷണമുണ്ടായില്ല.

അമ്പലപ്പുഴയിൽ സുധാകരൻ വേണ്ടത്ര പ്രവർത്തിച്ചില്ലെന്ന ആക്ഷേപത്തിനു മറുപടിയായി അദ്ദേഹത്തെ അനുകൂലിക്കുന്നവർ ആലപ്പുഴയിലെ ചില കണക്കുകൾ പറയുന്നുണ്ട്. ആലപ്പുഴ മണ്ഡലത്തിൽ ഇത്തവണ പാർട്ടി സ്ഥാനാർത്ഥിക്ക് ആയിരത്തോളം വോട്ട് കുറഞ്ഞെന്നാണത്. പി.പി. ചിത്തരഞ്ജൻ സ്വന്തം ബൂത്തിൽ ഉൾപ്പെടെ പിന്നിലായി. ഇതേപ്പറ്റിയും അന്വേഷിക്കേണ്ടേ എന്നാണ് അവരുടെ ചോദ്യം. അമ്പലപ്പുഴയിൽ സുധാകരന്റെ ബൂത്തിലും സമീപ പ്രദേശങ്ങളിലുമായി ആറായിരത്തിലേറെ വോട്ട് സലാമിനു കൂടുതൽ കിട്ടിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിൽ, സുധാകരന്റെ പ്രവർത്തനങ്ങളെപ്പറ്റി നല്ല അഭിപ്രായമാണുള്ളത്. പിന്നെന്തിനു നടപടി എന്നു വിശദീകരിക്കാൻ പാർട്ടിക്കും പ്രയാസമാകും.