ഡൽഹി: മലയാളി താരം സഞ്ജു സാംസണെ ഏറ്റവും കൂടുതൽ പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു ഗൗതം ഗംഭീർ. എന്നാൽ സഞ്ജുവിന്റെ സ്ഥിരതില്ലായ്മക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീർ തന്നെ.നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു. എന്നാൽ കിങ്സ് പഞ്ചാബിനെതിരെ സെഞ്ചുറി നേടിയ ശേഷം തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിൽ സഞ്ജുവിന്റെ മോശം ഫോമിനെ കുറിച്ച് പ്രതികരണവുമായി ഗംഭീർ രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ...

''ആർഭാടത്തോടെയാണ് സഞ്ജു ഒരു ഐപിഎൽ സീസണും തുടങ്ങുക. ആ സീസണിലെല്ലാം 800-900 റൺസ് നേടുമെന്ന് നമ്മളെല്ലാം കരുതും. എന്നാൽ പിന്നീടുള്ള മത്സരങ്ങളിലെല്ലാം അവന്റെ റൺ നിരക്ക് താഴും. അവൻ ടീമിന് വേണ്ടി കൂടുതൽ സംഭാവന ചെയ്യണം. ഒരുപാട് പ്രതീക്ഷ നൽകുന്ന തുടക്കം നൽകിയതിന് ശേഷം താഴേക്ക് വീഴുന്ന രീതി ശരിയല്ല.

ഒരു ശരാശരി എപ്പോഴും കാത്ത് സൂക്ഷിക്കാൻ സഞ്ജുവിന് കഴിയണം. ഒരു സെഞ്ചുറി നേടിതോടെ ഒന്നും അവസാനിക്കുന്നില്ല. തന്റെ സംഭാവന ചെയ്തുകൊണ്ടേയിരിക്കണം. എബി ഡിവില്ലിയേഴ്സിനേയും വിരാട് കോലിയേയും കണ്ട് സഞ്ജു പഠിക്കണം. അവരൊക്കെ ഒരു സെഞ്ചുറി നേടിയാൽ പിന്നേയും ഒരു ശരാശരി നിലനിർത്താൻ സാധിക്കാറുണ്ട്. ഉറപ്പുള്ള പ്രകടനം അവർ നടത്തും. എന്നാൽ സഞ്ജു ആദ്യ മത്സരത്തിൽ ഒരു സെഞ്ചുറി നേടി. പിന്നീട് മികച്ച പ്രകടനമൊന്നും നടത്താൻ സാധിച്ചതുമില്ല.

എല്ലാ മത്സരത്തിലും സെഞ്ചുറി നേടണമെന്നല്ല പറയുന്നത്. എന്നാൽ ഒരു ശരാശരി പ്രകടനം താരത്തിൽ നിന്നുണ്ടാവേണ്ടതുണ്ട്. അവൻ ഉത്തരവാദിത്തം ഏറ്റെടുക്കമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവരുടെ അഭാവത്തിൽ സഞ്ജുവിന്റെ പക്വതയും മത്സരപരിചയവും കാണിക്കാനുള്ള സുവർണാവസരമാണിത്. ഇന്ത്യൻ ടീമിൽ സ്ഥിരാംഗം ഒന്നുമല്ല സഞ്ജു. എന്നിട്ടും ടീമിനെ നയിക്കാനുള്ള ഭാഗ്യം സഞ്ജുവിന് ലഭിച്ചു. സഞ്ജുവിനോട് തീർച്ചായും വിശ്വാം കാക്കേണ്ടതുണ്ട്.'' ഗംഭീർ പറഞ്ഞുനിർത്തി.

രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ 119 റൺസാണ് സഞ്ജു നേടിയത്. എന്നാൽ തുടർന്നുള്ള മൂന്ന് മത്സരങ്ങളിലും 26-കാരൻ നിരാശപ്പെടുത്തി. ഡൽഹി കാപിറ്റൽസിനെതിരെ 4 റൺസെടുത്ത് പുറത്തായ താരം ചെന്നൈ സൂപ്പർ കിങ്സിനോട് ഒരു റൺ മാത്രമാണെടുത്തത്. നാലാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 21 റൺസാണ് നേടിയത്.