കൊല്ലം: ബാങ്കിന് മുന്നിൽ വച്ച് അന്യായമായി പിഴ ചുമത്തിയത് ചോദ്യം ചെയ്ത ഗൗരി നന്ദയെ അസഭ്യം പറഞ്ഞ ചടയമംഗലം എസ്‌ഐ ശരൺ ലാലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും. സ്ത്രീത്വത്തെ അപമാനിക്കുന്ന വാക്കുകളാണ് എസ്‌ഐ പറഞ്ഞതെന്ന് ഗൗരിനന്ദ പറഞ്ഞു. കൂ... ചേർത്ത് വിളിക്കുന്ന പച്ചത്തെറിയാണ് എസ്‌ഐ വിളിച്ചതെന്നും പൊലീസുദ്യോഗസ്ഥർ പാലിക്കേണ്ട സാമാന്യ മര്യാദകളൊന്നും തന്നെ എസ്‌ഐ കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്.

അസഭ്യം പറഞ്ഞതിനാലാണ് പൊലീസുമായി വലിയ ഒച്ചപ്പാടുണ്ടാക്കേണ്ടി വന്നത്. ഇല്ലെങ്കിൽ ഒരിക്കലും ഇതു പോലെ പ്രശ്നം വഷളാവുകയില്ലായിരുന്നു. എന്നെ തെറിപറഞ്ഞത് കേട്ട് അമ്മയുടെ കണ്ണു നിറഞ്ഞു. വേഗം അവിടെ നിന്നും പോകാമെന്ന് പറഞ്ഞെങ്കിലും എന്നെ തെറി വിളിച്ചത് ഒട്ടും സഹിക്കാൻ കഴിയാത്തതായിരുന്നു. ഇനിയൊരു പെൺകുട്ടിയോടും ഇത്തരം മോശം വാക്ക് ഉപയോഗിക്കാൻ ഇടവരരുത്. അതിനാണ് പരാതി നൽകുന്നതെന്നും ഗൗരി നന്ദ മറുനാടനോട് പറഞ്ഞു.

തിങ്കളാഴ്ച ചടയമംഗലം സർക്കാർ ആശുപത്രിയിൽ അമ്മ സുമയുടെ ചെവി വേദനയ്ക്ക് ചികിത്സയ്ക്കായി പോയതാണ്. മരുന്ന് വാങ്ങാനായി എ.ടി.എമ്മിൽ നിന്നും പണം എടുക്കാനായി ഗൗരി ബാങ്കിന് മുന്നിൽ എത്തിയപ്പോഴാണ് പൊലീസ് പിഴ ചുമത്തുന്ന നോട്ടീസ് നൽകുന്നത് ശ്രദ്ധയിൽപെട്ടത്. തിരിച്ചിറങ്ങിയപ്പോൾ ഷിഹാബുദീൻ പൊലീസുകാരുമായി തർക്കിക്കുന്നതു കണ്ടാണ് കാര്യം എന്തെന്ന് തിരക്കിയത്. ഷിഹാബുദീൻ താൻ ബാങ്കിൽ പണമെടുക്കാൻ വന്നതാണെന്നും അന്യായമായി പിഴ ചുമത്തി പൊലീസ് നോട്ടീസ് തന്നെന്നും പറഞ്ഞു. ഇവരോട് പറയണ്ട ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനോട് പരാതി പറയാമെന്ന് ഗൗരി പറഞ്ഞപ്പോഴാണ് എസ്‌ഐ സാമൂഹിക അകലം പാലിച്ചില്ലെന്ന് കാട്ടി ഗൗരിക്കും നോട്ടീസ് നൽകിയത്. ഇതോടെയാണ് ഗൗരിയും പൊലീസുകാരും തമ്മിൽ തർക്കമുണ്ടാകുന്നത്.

സംഭവത്തെ പറ്റി ഗൗരി നന്ദ പറയുന്നത് ഇങ്ങനെ;- ഞാൻ ആശുപത്രിയിൽ പോയിട്ട് എടിഎമ്മിൽ നിന്ന് പൈസ എടുക്കാൻ കയറിയതായിരുന്നു. എടിഎമ്മിൽ മറ്റാരും ഉണ്ടായിരുന്നില്ല. തൊട്ടടുത്തുള്ള ഇന്ത്യൻ ബാങ്കിന് മുന്നിൽ ഒരുപാടുപേർ ഉണ്ടായിരുന്നു. അകലം പാലിച്ചുതന്നെയാണ് ആളുകൾ നിന്നിരുന്നത്. എന്നാൽ അടുത്തടുത്ത് അഞ്ചും ആറും പേരുമായി ജീപ്പിൽ വന്ന പൊലീസുകാർ ആൾക്കാർക്ക് എന്തോ എഴുതിക്കൊടുക്കുന്നതും ഒരാൾ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതും കണ്ടു. പ്രശ്നമെന്താണെന്ന് ചോദിച്ചപ്പോൾ അകലം പാലിച്ചു നിന്നിട്ടും പെറ്റി അടയ്ക്കണമെന്നാണ് അവർ പറയുന്നെ എന്നുപറഞ്ഞു. അപ്പോൾ ഇവിടെക്കിടന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല, ഈ സാറിന്റെയും ഉയർന്ന ഉദ്യോഗസ്ഥരുണ്ട്. അവിടെപ്പോയി പരാതിപ്പെട്ടാൽ മതിയെന്ന് ഞാൻ പറഞ്ഞു.

ഇതിനിടെ മറ്റൊരു സാർ പേരു വിളിച്ചു ചോദിച്ചു. ഗൗരി എന്ന് പറഞ്ഞപ്പോൾ അഡ്രസും ചോദിച്ചു. എന്തിനാണ് അഡ്രസ് എഴുതുന്നതെന്ന് ചോദിച്ചപ്പോൾ അകലം പാലിച്ചില്ല അതുകൊണ്ട് പെറ്റി എഴുതാനാണെന്ന് പറഞ്ഞു. അപ്പോ ഞാൻ ചോദിച്ചു സാറ് പെറ്റിയാണോ എഴുതുന്നെ? ഞാൻ മാസ്‌ക് വെച്ചിട്ടുണ്ട്, എടിഎമ്മിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ അങ്കിളിനോട് എന്താ ഇഷ്യു എന്നുമാത്രമാ ഞാൻ ചോദിച്ചത്. അത്രേ ചെയ്തുള്ളൂ എന്ന് പറഞ്ഞപ്പോൾ കൂടുതൽ നിയമങ്ങളൊന്നും പഠിപ്പിക്കേണ്ടെന്ന് സാർ പറഞ്ഞു. നിയമങ്ങൾ അറിഞ്ഞുകൂടെങ്കിൽ പഠിക്കണമെന്ന് ഞാനും പറഞ്ഞു. അപ്പോ പറഞ്ഞു ഉത്തരവാദിത്വമാണെന്ന്. ഇതൊന്നുമല്ല ഉത്തരവാദിത്വം സാർ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു.

ഇതിനിടെയാണ് എസ്ഐ അസഭ്യ വാക്ക് പറഞ്ഞത്. അപ്പോഴാണ് തനിക്കും ശബ്ദമുയർത്തേണ്ടി വന്നത്. ഞാൻ അങ്ങോട്ട് ബഹുമാനത്തോടെ സംസാരിച്ചിട്ടുണ്ട്, തിരിച്ചും ആ ബഹുമാനം വേണമെന്ന് പറഞ്ഞപ്പോൾ കൂടുതൽ പഠിപ്പിക്കേണ്ടെന്ന് പറഞ്ഞു. പെണ്ണായതുകൊണ്ട് ഒന്നും ചെയ്യുന്നില്ലെന്നും ആണായിരുന്നേൽ പിടിച്ചുതള്ളിയേനെയെന്നും എസ്ഐ പറഞ്ഞു. പെണ്ണ് ചോദ്യംചെയ്താലും ആണ് ചോദ്യംചെയ്താലും ഒരു പോലെയാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ സംസാരിക്കണ്ട, ഉയർന്ന ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടോ എന്നും പറഞ്ഞു. ശരിയെന്നും പറഞ്ഞ് ഞാൻ വീട്ടിലെത്തി.'' ഇത്രയും സംഭവങ്ങളാണ് അവിടെ നടന്നത്.

എന്നാൽ അവിടെ നടന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് കൃത്യ നിർവ്വഹണം തടസപ്പെടുത്തി എന്ന് കാട്ടി കേസ് എടുത്തത്. പക്ഷേ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നതോടെ പൊലീസ് കേസ് പിൻവലിക്കുകയായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുമുള്ള അപമാനം ഒട്ടും സഹിക്കാനാവാത്തതിനാൽ ഇപ്പോൾ പരാതി നൽകാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. കൂടാതെ സാധാരണ ജനങ്ങളെ കോവിഡിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൂടി ആവശ്യപ്പെടുമെന്നും ഗൗരി പറഞ്ഞു.