തൊടുപുഴ: വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ സ്ഥാനാർത്ഥി അറസ്റ്റിൽ. യുഡിഎഫ് സ്ഥാനാർത്ഥി എസ് സി രാജയാണ് അറസ്റ്റിലായത്. ഇടുക്കി പള്ളിവാസൽ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് രാജൻ. രാജനും സുഹൃത്തുക്കളും ചേർന്നാണ് മദ്യവിതരണം നടത്തിയത്. ഇതറിഞ്ഞെത്തിയ പൊലീസ് സംഘം രാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശതെരഞ്ഞടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ വോട്ട് ചെയ്തതത് 61.1 ശതമാനം പേരാണ്. തിരുവനന്തപുരം -57, കൊല്ലം-61, ആലപ്പുഴ-64, പത്തനംതിട്ട-60, ഇടുക്കി-62.4 എന്നിങ്ങനെയാണ് പോളിങ് ശതമാനം. അഞ്ച് ജില്ലകളിലും വോട്ടർമാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാൽ ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടർമാർ വിധിയെഴുതും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റീനിലായവർക്കും പി.പി.ഇ. കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാം.

ആകെ വോട്ടർമാരിൽ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് ഒന്നാംഘട്ടത്തിലുള്ളത്. 150 പ്രവാസി ഭാരതീയരുമുണ്ട്. 42,530 പേർ കന്നിവോട്ടർമാരാണ്. 11,225 പോളിങ് ബൂത്തുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും സജ്ജമാക്കി. 320 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി.

കൊല്ലം ജില്ലയിലെ പന്മന ഗ്രാമപ്പഞ്ചായത്തിൽ രണ്ടുവാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി. തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981. വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാലു ജില്ലകളിൽ 14-നാണ് തിരഞ്ഞെടുപ്പ്.