കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത് ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം അകലെവച്ചാണ്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്നാണ് അപകടത്തിൽ പെട്ടതെന്ന് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ ആദ്യം വലിയ ഒച്ച കേട്ടുവെന്നാണ് പരിസര വാസികൾ പറഞ്ഞത്. ദൃകസാക്ഷികളുടെ വിവരങ്ങൾ തമിഴ്‌നാട്ടിലെ മാധ്യമങ്ങൾ നൽകുന്നുണ്ട്. ഹെലികോപ്ടർ അപകടത്തിന് കാരണം കനത്ത മൂടൽഞ്ഞാണെന്നാണ് റിപ്പോർട്ടുകൾ.

കടുത്ത മഞ്ഞായിരുന്നു പ്രദേശത്താകമാനമെന്നാണ് നാട്ടുകാർ പറയുന്നത്.11.41നായിരുന്നു സംഘം സൂലൂരിൽ നിന്നും ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് യാത്ര തിരിച്ചത്. ഡൽഹിയിൽ നിന്നും ബിപിൻ റാവത്തുൾപ്പെടെ ഒമ്പത് പേരാണ് തമിഴ്‌നാട്ടിലെത്തിയത്. സൂലൂരിൽ നിന്നും അഞ്ച് പേർ കൂടി ഹെലികോപ്ടറിൽ കയറുകയായിരുന്നു. 12.20നായിരുന്നു അപകടം നടന്നത്. ഹെലികോപ്ടർ തകർന്നു വീഴുന്ന വലിയ ഒച്ച കേട്ട് നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്.പിന്നാലെ വലിയൊരു തീഗോളം രൂപപ്പെട്ടെന്നും അവർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

തകർന്നയുടൻ ഹെലികോപ്റ്റർ കത്തിയമർന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണയ്ക്കാൻ കഴിഞ്ഞതെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽനിന്ന് ബിപിൻ റാവത്ത് അടക്കം ഒമ്പത് പേരുടെ സംഘമാണ് തമിഴ്‌നാട്ടിലെത്തിയത്. പിന്നീട് സൂലൂരിൽനിന്ന് അഞ്ചുപേർ കൂടി ഹെലികോപ്റ്ററിൽ കയറി. ബിപിൻ റാവത്തിനും ഭാര്യയ്ക്കും പുറമേ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും മറ്റു സ്റ്റാഫംഗങ്ങളുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. വെല്ലിങ്ടണിലെ സൈനികത്താവളത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വരികയായിരുന്നു സംയുക്ത സൈനിക മേധാവി. എന്നാൽ, ഉച്ചയ്ക്ക് 12.20-ഓടെ കൂനൂരിനടുത്ത് കാട്ടേരിയിൽവെച്ച് ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.

എസ്റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹെലികോപ്റ്ററിൽനിന്ന് വലിയ രീതിയിൽ തീ ഉയർന്നത് രക്ഷാപ്രവർത്തനത്തെ ആദ്യഘട്ടത്തിൽ ബാധിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികൾ ആദ്യം വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പിന്നീട് വെല്ലിങ്ടണിലെ സൈനിക ക്യാമ്പിൽനിന്ന് സൈനികരും മറ്റും എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി.

അപകടം സംഭവിച്ച് മണിക്കൂറുകൾക്കം തന്നെ വിവരം പുറത്തറിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ളവരാണെന്ന് വ്യോമസേനയും വൈകാതെ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തിന്റെ എല്ലാ കണ്ണുകളും കൂനൂരിലേക്കായി. അപകടവിവരം സ്ഥിരീകരിച്ചതിന് പിന്നാലെ അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ കണ്ട് രാജ്യം നടുങ്ങി.

അപകടത്തിൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 11 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ മരണസംഖ്യ എത്രയാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഗുരുതരാവസ്ഥയിലായ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കോയമ്പത്തൂരിൽനിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘവും ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.