ന്യൂഡൽഹി: മഹാമാരിക്ക് മുന്നിൽ മനുഷ്യൻ മരണത്തിന് കീഴടങ്ങുമ്പോഴും ശുഭാപ്തി വിശ്വാസം കൈവിടാതെ മരണത്തെ അതിജീവിക്കാനുള്ള ഗവേഷണത്തിന് പിറകെയാണ് ശാസ്ത്രലോകം. മരണമില്ലാത്ത ജീവിതം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷണം ആരംഭിച്ചിരിക്കുന്നത്.മരണം ഇല്ലാത്ത ജീവിതം എന്ന ലക്ഷ്യം അത്രപെട്ടെന്ന് യാഥാർത്ഥ്യമായില്ലെങ്കിലും ജീവിത ദൈർഘ്യം വർധിപ്പിക്കാനെങ്കിലും ഗവേഷണം കൊണ്ട് സാധിക്കുമെന്നാണ് വലയിരുത്തുന്നത്.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ നേട്ടങ്ങൾ തന്നെയാണ് ഇതു സാധ്യമാണെന്നതിനുള്ള തെളിവ് എന്നാണ് അവർ പറയുന്നത്. മരണത്തെ അതിജീവിക്കുക, ജീവിത ദൈർഘ്യം കൂട്ടുക തുടങ്ങിയ സങ്കൽപങ്ങൾ എത്രമാത്രം പ്രായോഗികമാണെന്നു നോക്കാം.
ജീനുകളിൽ മാറ്റങ്ങൾ വരുത്തി മനുഷ്യനു കൂടുതൽ കാലം ജീവിക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. ജീവികളിൽ ജനിതക പുനക്രമീകരണം നടത്തി ആയുസ്സിനെ എത്രത്തോളം കൂട്ടാമെന്ന ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ഹവാർഡ് ജനിത വിഭാഗം പ്രൊഫസർ ഡേവിഡ് സിൻക്ലയർ പറഞ്ഞു. ഇപ്പോൾ ഇത്തരം പരീക്ഷണങ്ങൾ മറ്റു ജീവികളിൽ നടക്കുന്നുണ്ട്. മനുഷ്യനിലെ പരീക്ഷണങ്ങൾ രണ്ടു വർഷത്തിനകം തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എലികളിലാണ് ഇപ്പോൾ പരീക്ഷണം നടക്കുന്നത്. മസ്തിഷ്‌കവും മറ്റു ശരീര ഭാഗങ്ങളും കൂടുതൽ ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കുന്നുണ്ടെന്നും പരീക്ഷണത്തിലൂടെ കണ്ടെത്തി. പരീക്ഷണത്തിനു വിധേയമായ പ്രായമുള്ള എലികൾക്ക് കാഴ്ച പോലും തിരികെ ലഭിച്ചെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഇത് വിജയിച്ചാൽ നിലവിലെ ശരാശരി ആയുസ്സിനപ്പുറം ജീവിക്കാൻ മനുഷ്യരെ സഹായിക്കുമെന്നാണ് കരുതുന്നത്.

പ്രായംതികഞ്ഞ ജീവികളിൽ എംബ്രിയോണിക് ജീനുകൾ വിന്യസിച്ച് പ്രായാധിക്യം തിരുത്തുകയാണ് പരീക്ഷണത്തിലൂടെ ചെയ്യുന്നത്. ഇതിന്റെ മാറ്റം പ്രകടമാകാൻ നാല് മുതൽ എട്ട് ആഴ്ച വരെ മാത്രമേ എടുക്കൂവെന്നും ജനിതക വിദഗ്ദ്ധർ കണ്ടെത്തി. വാർധക്യം കാരണം കാഴ്ച നഷ്ടപ്പെട്ട എലികളുടെ മസ്തിഷ്‌കത്തിലെ ന്യൂറോണുകളിൽ വരെ പരീക്ഷണത്തിലൂടെ മാറ്റംകൊണ്ടുവരാനായി. ഇതുവഴി എലികളുടെ പ്രായം കുറയ്ക്കാൻ സാധിച്ചുവെന്നും വിദഗ്ദ്ധർ അവകാശപ്പെടുന്നു. ഇതേ പരീക്ഷണം മനുഷ്യരിലും വിജയിക്കുമെന്നാണ് ജനിതക വിദഗ്ദ്ധർ പറയുന്നത്. പരീക്ഷണം വിജയിച്ചാൽ മനുഷ്യന്റെ പ്രായം എത്രയെന്ന് കൃത്യമായി പറയാനോ പ്രവചിക്കാനോ സാധിക്കില്ലെന്നുമാണ് അവകാശവാദം.

2023 ഓടെ സമാനമായ പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തുമെന്നും ഇത് വാർധക്യ പ്രക്രിയയെ മാറ്റിമറിക്കാൻ സഹായിക്കുമെന്നും സിൻക്ലെയർ കൂട്ടിച്ചേർത്തു. താൻ വളരെ ശുഭാപ്തിവിശ്വാസിയാണ്, രണ്ട് വർഷത്തിനുള്ളിൽ ഇത് മനുഷ്യരിൽ പരീക്ഷിക്കുമെന്നും സിൻക്ലെയർ കൂട്ടിച്ചേർത്തു.മനുഷ്യജീവിതത്തിന്റെ പരിധിയെക്കുറിച്ച് ചോദിച്ചപ്പോൾ, മനുഷ്യന്റെ ആയുസ്സിൽ പരമാവധി പരിധിയൊന്നുമില്ലെന്നും സിൻക്ലെയർ വെളിപ്പെടുത്തി. ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് 100 വയസ്സെങ്കിലും ജീവിക്കാൻ കഴിയണമെന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യമെന്നും ജനിതക വിദഗ്ദ്ധർ കൂട്ടിച്ചേർത്തു.

അതേസമയം, മനുഷ്യർക്ക് മരണത്തെ കീഴടക്കാനുള്ള കഴിവില്ലെന്ന് അടുത്തിടെ മറ്റൊരു പഠനവും അഭിപ്രായപ്പെട്ടിരുന്നു. കാരണം ഈ ജീവിവർഗങ്ങൾക്ക് പരമാവധി 120 നും 150 നും ഇടയിൽ ജീവിക്കാൻ മാത്രമാണ് കഴിയുക എന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. രോഗം, പരുക്ക് തുടങ്ങിയ സമ്മർദ്ദങ്ങളിൽ നിന്ന് കരകയറാനുള്ള കഴിവ് മനുഷ്യശരീരത്തിന് ഇല്ലെന്നും മറ്റൊരു വിഭാഗം വിദഗ്ദ്ധർ പറയുന്നു. മനുഷ്യന് 120 മുതൽ 150 വർഷത്തിനുശേഷം മരണമുണ്ടാകുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.