കോഴിക്കോട്: വിദ്യാലയങ്ങളിൽ ജെൻട്രൽ ന്യൂട്രൽ യൂണിഫോം സമ്പ്രദായമായ പാന്റ്സും ഷർട്ടും നടപ്പാക്കണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവിൽ സി പി എം തന്ത്രപരമായി ഒളിച്ചുകളി നടത്തുമ്പോൾ ഈ വിഷയത്തിൽ ലീഗിന്റെയും സമസ്തയുടെയും വീട്ടകങ്ങളാണ് കത്തിയാളുന്നത്. ചന്ദ്രിക പത്രത്തിൽ സലഫിസം പിടിമുറുക്കിയിരിക്കുകയാണെന്നും സമസ്തയുടെ വാർത്തകൾക്ക് വേണ്ട പ്രാധാന്യം നൽകുന്നില്ലെന്നുമെല്ലാം ബോധ്യപ്പെട്ടപ്പോഴായിരുന്നു എട്ടു വർഷം മുൻപ് സ്വന്തമായി സുപ്രഭാതം എന്ന ഒരു പത്രവുമായി സമസ്ത എത്തിയത്. അന്നു മുതൽ സമസ്തയും ലീഗും തമ്മിൽ ക്രമാനുഗതമായി അകലുന്നതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങിയതാണ്. ഇപ്പോൾ പുതിയ ഒരു വിഷയംകൂടി അതിനോടൊപ്പം എത്തുന്നതോടെ അവർക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ കൂടുതൽ വ്യക്തമാവുകയാണ്. എന്നാൽ എന്നുമെന്നപോലെ പരസ്യമായി ലീഗിനെ തള്ളിപ്പറഞ്ഞു സമുദായത്തിന്റെ കൈയടി നേടാനൊന്നും സമസ്ത നേതാക്കൾക്ക് താൽപര്യമില്ല.

നേതാക്കളുടെ പ്രസ്താവനയും ഫോട്ടോയുമെല്ലാം തങ്ങൾ ആഗ്രഹിക്കുന്ന വലിപ്പത്തിലും മിനുപ്പിലും വിചാരിക്കുന്ന പേജിൽ (ഒന്നാം പേജുൾപ്പെടെ), മനസ്സിൽ കാണുന്ന വലിപ്പത്തിൽ വരുമെന്ന അവസ്ഥയുണ്ടായതോടെ എന്തിനും ഏതിനും ലീഗിന്റെ ആലയിൽ ചാണകം വാരി കഴിയുകയെന്ന പണി സമസ്ത ഒഴിവാക്കുകയായിരുന്നു. ഇതോടെ ലീഗിന്റെയും സമസ്തയുടെയും ഉന്നതതല നേതൃത്വങ്ങൾ തമ്മിൽ പുറമേക്കു കാണില്ലെങ്കിലും വലിയ അകൽച്ചയാണ് സംഭവിച്ചത്. സ്വന്തം പത്രം, സ്വന്തം അസ്തിത്വം, ഇനി ലീഗിന് മുന്നിൽ മുട്ടുമടക്കി ഇരിക്കേണ്ടെന്ന നിലപാടിലേക്കു സമസ്തയെത്തി. അത് സ്വാഭാവികം മാത്രം.

സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നത്. പ്രവാചകൻ സ്ത്രീകൾക്ക് നിസ്‌കാരത്തിന് പോലും ഉത്തമമെന്നു പറഞ്ഞിരിക്കുന്നത് വീടുകളിലെ വെളിച്ചം കുറഞ്ഞ മുറിയാണെന്നതുകൂടി ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. ഒറ്റക്ക് പുറത്തുപോകുന്ന സ്ത്രീക്കൊപ്പം പിശാച് സഞ്ചരിക്കുമെന്നതുമെല്ലാം സമസ്തയുടെ മുഖമുദ്രയായ സ്ത്രീ വിരുദ്ധതയുടെ പ്രതീകമാണ്. സുന്നിയെന്നാൽ പ്രവാചകന്റെ സുന്നത്ത് (ചര്യ) മുറുകേപിടിച്ചു ജീവിക്കുന്നവരാണ്. കേരളത്തിലെ മുസ് ലിം സമൂഹത്തിന്റെ മഹാഭൂരിപക്ഷവും സമസ്ത നേതൃത്വം നൽകുന്ന ഇ കെ വിഭാഗം സുന്നികളുമാണ്. അങ്ങനെയുള്ള ഒരു സംഘടനക്ക് എങ്ങനെയാണ് ജെന്റർ ന്യൂട്രൽ യൂണിഫോം ഉൾപ്പെടെയുള്ള വിഷയത്തിലെ ലീഗിന്റെ അയകൊയമ്പൻ സമീപനം ക്ഷമിക്കാനാവുക.

സമസ്തക്കു കീഴിൽ ഇന്ന് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ത്രീകളുടെ ഉന്നമനത്തിനെന്ന പേരിൽ നടത്തുന്നുണ്ടെങ്കിലും അവയിലുൾപ്പെട്ട പല സ്ഥാപനങ്ങളിലും പ്രത്യേകിച്ച് വാഫിയ്യ, ഹിഫ്ള് (ഖുർആൻ മന:പാഠമാക്കൽ) കോളജുകളിൽ നിഖാബ് ഉൾപ്പെടെയുള്ള മതാധിഷ്ഠിത ഡ്രസ് കോഡാണ് പിന്തുടരുന്നത് എന്നതുമായും താരതമ്യപ്പെടുത്തിവേണം ഇപ്പോഴത്തെ ജെന്റർ ന്യൂട്രൽ യൂണിഫോമിനോടുള്ള ലീഗിന്റെ മൃദുസമീപനത്തെ വിലയിരുത്താൻ.

കരിക്കുലം പരിഷ്‌ക്കരണത്തെയും ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാനുള്ള ഇടതുപക്ഷ മുന്നണിയുടെ നീക്കത്തെയും കേവലം രാഷ്ട്രീയമായി കാണാനും രാഷ്ട്രീയ ലാഭത്തിനായി അതിനെ ഉപയോഗപ്പെടുത്താനും ലീഗ് നേതൃത്വം ശ്രമിക്കുമ്പോൾ ആ രീതിയിൽ ഈ ഗൗരവകരമായ വിഷയത്തെ കണ്ടാൽപോരായെന്നും മുസ് ലിം സമൂഹത്തിന്റെ ഐഡന്റിറ്റിയെതന്നെ ബാധിക്കുന്ന വിഷയമായതിനാൽ അതിനു പിന്നിലുള്ള നയപരവും രാഷ്ട്രീയവുമായ ലക്ഷ്യത്തെ ലീഗ് വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്നുമുള്ള നിലപാടാണ് സമസ്തയുടെ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കും അദ്ദേഹത്തിനൊപ്പമുള്ള സമസ്തയുടെ മുതിർന്ന നേതാക്കൾക്കുമെല്ലാമുള്ളത്.

ഏതാനും ആഴ്ചകൾക്ക് മുൻപ് സ്റ്റേജിൽ കയറി സമ്മാനം വാങ്ങാൻ തുനിഞ്ഞ പെൺകുട്ടിയോട് സമസ്ത അധ്യക്ഷൻ സ്വീകരിച്ച നിലപാട് കേരളം മുഴുവൻ ദിവസങ്ങളോളം ചർച്ച ചെയ്തതാണല്ലോ. ആ വിഷയത്തിൽ താൻ ചെയ്തത് തെറ്റായിരുന്നെന്നുപോലും ചിന്തിക്കാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ തയാറായില്ലെന്നതും കണ്ടതാണ്. അദ്ദേഹത്തിന്റെയും സമസ്തയുടെയും വീക്ഷണത്തിൽ പൊതുസമൂഹത്തിന് ഏതെങ്കിലും വിഷയം പിന്തിരിപ്പനെന്നോ, ആറാം നൂറ്റാണ്ടിലേതെന്നോ അധിക്ഷേപിക്കപ്പെടുന്നതിൽ യാതൊരു വേദനയുമില്ല.

കാരണം മറ്റൊന്നുമല്ല, അതിന് അപ്പുറത്തുള്ള സ്വാതന്ത്ര്യ ലോകത്തെക്കുറിച്ചൊന്നും പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശരീഅത്തിന് എതിരായതിനെ താൻ എതിർത്തൂവെന്ന ചാരിഥാർത്യ ബോധമേയുള്ളൂ. ഇങ്ങനെയുള്ള ചിന്താഗതിയുള്ളവരെ തിരുത്താനൊന്നും ആർക്കും സാധ്യമാവില്ല. അത് ദൈവം വന്നു പറഞ്ഞാൽപോലും സംഭവിക്കണമെന്നില്ല, പിന്നെയല്ലെ ലീഗീന്റെ മട്ടലിൽ ചവിട്ടിയപോലുള്ള നിലപാടുകൾ. മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നയിച്ച സൗഹൃദ സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിൽ സ്ത്രീകൾ പങ്കെടുത്തതിനെയും സമസ്ത നേതാക്കൾ സംശയത്തോടെയാണ് കാണുന്നത്. മുൻപെങ്ങുമില്ലാത്ത വിധം മുജാഹിദ് ആശയമായ സലഫിസത്തെ ലീഗ് കൂടുതൽ പുൽകുന്നതിന്റെ ദൃഷ്ടാന്തമായാണ് സമസ്തയുടെ നേതൃത്വം ഇതിനെ കാണുന്നത്.

ഇതിനൊപ്പമാണ് കഴിഞ്ഞ ദിവസം എം എസ് എഫ് കാമ്പയിനിൽ പങ്കെടുത്ത് ജെന്റർ ന്യൂട്രൽ യൂണിഫോമിനെ തള്ളിപ്പറയുകയും കടുത്ത ഭാഷയിൽ പാർട്ടിക്കും സി പി എമ്മിനും നേതൃത്വം നൽകുന്ന സാക്ഷാൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും ഉൾപ്പെടെ ആക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്ത എം കെ മുനീറിന്റെ നടപടിയിൽ പുറത്തുകാണിച്ചില്ലെങ്കിലും ലീഗിൽ ചിലരെങ്കിലും തങ്ങൾക്കൊപ്പമുണ്ടെന്ന ആശ്വാസത്തിൽ സമസ്ത നേതാക്കൾ നിന്നത്. ഈ വിഷയത്തിൽ തങ്ങൾ ഒറ്റക്കല്ലെന്നും ലീഗിലെ സാക്ഷാൽ സി എച്ച് മുഹമ്മദ് കോയയുടെ പൊന്നോമന പുത്രൻ തന്നെ തങ്ങളുടെ ഹിതത്തിനൊപ്പവുമാണെന്നും ആശ്വസിച്ചു കിടന്നുറങ്ങയവർ നേരം വെളുത്തപ്പോൾ മുനീറിന്റെ നിലപാട് മാറ്റംകണ്ട് അമ്പരന്നിരിക്കയാണ്.

താൻ യൂണിഫോം പരിഷ്‌ക്കരണത്തിനോ, അതുപോലുള്ള മറ്റ് സാമൂഹിക പുരോഗതി ലക്ഷ്യമാക്കിയുള്ള മാറ്റത്തിനോ എതിരല്ലെന്ന തിരുത്തുമായി എത്തിയിരിക്കുന്നത് സമസ്തക്കെങ്ങനെ താങ്ങാനാവും. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ മുനീറിനു ലഭിച്ച സ്വയമ്പൻ പൊങ്കാലയാണ് താൻ പരിഷ്‌ക്കരണവാദിയാണെന്നു ബോധ്യപ്പെടുത്താൻ പ്രസ്താവനയുമായി എത്താൻ മുനീറിനെ പ്രേരിപ്പിച്ചത്.

'പെൺകുട്ടികൾ പാന്റും ഷർട്ടും ധരിക്കുന്നതിന് എതിരായിട്ടല്ല താൻ പറഞ്ഞതെന്നും സുഖപ്രദം എന്താണോ അത് ധരിക്കാനുള്ള അവകാശം അവർക്കുണ്ട്'. ഈ മലക്കം മറച്ചിലാണ് സമസ്തക്ക് പ്രഹരമായിരിക്കുന്നത്. എ്ന്തായാലും ലീഗ് വടക്കോട്ടും സമസ്ത തെക്കോട്ടും മുഖംതിരിച്ചു നിലപാടെടടുക്കുമ്പോൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സമസ്ത എന്തു നിലപാടാവും സ്വീകരിക്കുകയെന്ന കാര്യത്തിൽ ലീഗിലെ സമസ്തയെ അനുകൂലിക്കുന്ന, പണ്ഡിതർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന ഒരു വിഭാഗം നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്. സാധാരണ പിണക്കങ്ങളും അസ്വാരസ്യങ്ങളുംപോലെ ഇത് അത്ര പെട്ടെന്ന് ചർച്ച നടത്തി പരിഹരിക്കാവുന്നതല്ലെന്നും അവർക്ക് ഉത്തമ ബോധ്യമുണ്ട്.