അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് ഘടകത്തിൽ ആഭ്യന്തര തർക്കം രൂക്ഷമായി തുടരുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി അമരീന്ദർ സിങ്. പാർട്ടിയിലെ തർക്കപരിഹാരത്തിനായി ഹൈക്കമാന്റ് നിയോഗിച്ച മൂന്നംഗസമിതിയെ കണ്ട ശേഷമായിരുന്നു അമരീന്ദറിന്റെ പ്രതികരണം.

2022 ലാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിനിടെ പാർട്ടിക്കുള്ളിൽ അമരീന്ദർ സിങ്-നവ്ജ്യോത് സിങ് സിദ്ധു തർക്കം രൂക്ഷമായതോടെയാണ് പ്രശ്നപരിഹാരത്തിന് ഹൈക്കമാന്റ് ഇടപെട്ടത്.

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരിഷ് റാവത്ത്, മുൻ എംപി ജെ.പി അഗർവാൾ എന്നിവരായിരുന്നു സമിതി അംഗങ്ങൾ.

സഖ്യമില്ലാതെ തന്നെ കോൺഗ്രസ് ഭരിക്കുന്ന അപൂർവ്വം സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ബിജെപി- അകാലിദൾ കൂട്ടുകെട്ടിന്റെ 10 വർഷത്തെ ഭരണം തകർത്താണ് അമരീന്ദറിന്റെ നേതൃത്വത്തിൽ 2017ൽ പഞ്ചാബിൽ അധികാരം നേടുന്നത്. പഞ്ചാബിലെ പ്രശ്നങ്ങൾ ഏതുവിധേനെയും പരിഹരിക്കണമെന്ന ഉറച്ച നിലപാടിലാണ് ദേശീയ നേതൃത്വം.

അമരീന്ദർ സിംഗിനെതിരെ വിവിധ പരാതികളാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ നിന്നും ഉയർന്നിരിക്കുന്നത്. സർക്കാരിൽ ദളിതുകൾക്ക് ആവശ്യമായ പ്രാതിനിധ്യമില്ലെന്നും മുഖ്യമന്ത്രിയെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം ലഭിക്കുന്നില്ലെന്നുമാണ് ഒരു ആരോപണം.

2015ൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ച സംഭവത്തിലെ കുറ്റവാളികളെ പിടികൂടാനോ പിന്നീട് സമാധാനപരമായി നടന്ന പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് വെടിവെയ്‌പ്പ് നടത്തിയതിൽ നടപടികൾ സ്വീകരിക്കാനോ സർക്കാർ തയ്യാറായില്ലെന്നും വിമർശനങ്ങളുണ്ട്.

കാലാവധി പൂർത്തിയാകാറായിട്ടും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഭൂരിഭാഗം വാഗ്ദാനങ്ങളും നടപ്പാക്കാനായിട്ടില്ലെന്നും ഇത് ഗ്രാമപ്രദേശങ്ങളിലെ വോട്ടുകൾ ബിജെപിയിലേക്ക് പോകാൻ ഇടയാക്കുമെന്നും എംഎ‍ൽഎമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസിന് വിജയിക്കാനാവില്ലെന്നും ഇവർ പറയുന്നു.

പാർട്ടിക്കുള്ളിൽ തർക്കങ്ങൾ നിലനിൽക്കെ അകാലിദള്ളും രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. കൃത്രിമ വാക്‌സിൻ ക്ഷാമം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് സ്വകാര്യ ആശുപത്രികൾക്ക് അമരീന്ദർ സിങ് സർക്കാർ വാക്സിൻ നൽകുന്നതെന്ന് അകാലിദൾ ആരോപിച്ചു.

ഇതിന് പിന്നാലെ ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബി.എസ് സിദ്ധു രംഗത്തെത്തി. വാക്സിനുകളുടെ നിയന്ത്രണം തന്റെ വകുപ്പിന് ഇല്ലെന്നും അവകാശവാദത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സിദ്ധു പറഞ്ഞു.

'വാക്സിനുകളുടെ നിയന്ത്രണം എനിക്കല്ല. ചികിത്സ, പരിശോധന,വാക്സിനേഷൻ ക്യാമ്പുകൾ എന്നിവ ഞാൻ നോക്കുന്നു. ആരോപണത്തിൽ ഞങ്ങൾ തീർച്ചയായും ഒരു അന്വേഷണം നടത്തും. ഞാൻ തന്നെ അന്വേഷിക്കാം' സിദ്ധു പറഞ്ഞു.

ഒരു ഡോസിന് 400 രൂപ നൽകിയാണ് ഡോസുകൾ വാങ്ങിയതെന്നും പിന്നീട് 1,060 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് വിറ്റതായും അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു. ഒരു ഡോസിന് 660 രൂപ ലാഭം കിട്ടിയെന്നും ആശുപത്രികൾ ഒരു ഡോസിന് 1,560 ഡോളറിന് വിറ്റെന്നും സിങ് ആരോപിച്ചു.

കോൺഗ്രസ് സർക്കാരിന്റെ നടപടികൾ 'അധാർമിക'മാണെന്നും സംഭവത്തിൽ ഹൈക്കോടതി നിരീക്ഷണവും ആരോഗ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും അകാലിദൾ ആവശ്യപ്പെട്ടു.