ഭോപ്പാൽ: കാമുകനുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ പെൺകുട്ടി ഹോട്ടൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തത്. കാമുകനുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു.

മറ്റൊരു സുഹൃത്തുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് കാമുകൻ സംശയിച്ചിരുന്നതായും ഇതിനെച്ചൊല്ലി തർക്കമുണ്ടായതായും പൊലീസ് പറയുന്നു. പെൺകുട്ടിയെ കാമുകൻ ഹോട്ടൽമുറിയിൽവെച്ച് മർദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മൂന്നാംനിലയിലെ മുറിയിൽനിന്ന് പെൺകുട്ടി താഴേക്ക് ചാടിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

തിങ്കളാഴ്ച രാത്രി ഉജ്ജയിനിലെ മഹാകലേശ്വർ ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം. കമിതാക്കളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും ഹോട്ടൽ ജീവനക്കാരെ കബളിപ്പിച്ചാണ് മുറിയെടുത്തത്. വിവാഹിതരാണെന്ന് തെറ്റിദ്ധരിപ്പിച്ച ഇരുവരും വ്യാജ തിരിച്ചറിയൽ രേഖകളും നൽകി. ഇതിനിടെ കാമുകന്റെ സുഹൃത്തായ മറ്റൊരു ആൺകുട്ടിയും ഹോട്ടലിലേക്കെത്തി.

കാമുകിക്ക് തന്റെ സുഹൃത്തുമായി അടുപ്പമുണ്ടെന്ന് കാമുകൻ സംശയിച്ചിരുന്നു. ഇതേതുടർന്നാണ് സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഇയാളുടെ സാന്നിധ്യത്തിൽ തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് കാമുകിയുമായി വഴക്കിടുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പെൺകുട്ടി ഹോട്ടൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്തവർക്ക് കൃത്യമായ രേഖകളില്ലാതെ മുറി നൽകിയതിന് ഹോട്ടൽ മാനേജർക്കെതിരേയും കേസുണ്ട്. അതേസമയം, ഹോട്ടൽ മുറിയിലെത്തിയ സുഹൃത്തിന് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇയാൾക്കെതിരേ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.