പനാജി: ഗോവയിൽ 14 വയസുള്ള രണ്ട് പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ വിവാദ പരാമർശവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നിയമസഭയിലാണ് പ്രമോദ് സാവന്ത് പ്രസ്താവന നടത്തിയത്. ഗോവയിലെ നിയമസംവിധാനം തകർന്നുവെന്ന ആരോപണമുയർത്തി പ്രതിപക്ഷം സർക്കാറിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

കുട്ടികൾ പാർട്ടിക്കായാണ് ബീച്ചിലെത്തിയത്. 10 കുട്ടികളിൽ ആറ് പേർ ഇതിന് ശേഷം വീട്ടിലേക്ക് തിരിച്ചു പോയി. നാല് പേരാണ് ബീച്ചിൽ തുടർന്നത്. രണ്ട് പെൺകുട്ടികളും അവരുടെ ആൺ സുഹൃത്തുകളുമാണ് ബീച്ചിലുണ്ടായിരുന്നത്. ഒരു രാത്രി മുഴുവൻ അവർ ബീച്ചിൽ തുടർന്നു. ഇതേക്കുറിച്ച് രക്ഷിതാക്കൾ അന്വേഷിക്കേണ്ടിയിരുന്നുവെന്ന് പ്രമോദ് സാവന്ത് പറഞ്ഞു.

ഇതിൽ ഞങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ, രക്ഷിതാക്കൾ പറഞ്ഞത് കുട്ടികൾ കേൾക്കുന്നില്ലെങ്കിൽ മുഴുവൻ ചുമതലയും പൊലീസിന് നൽകാനാവുമോയെന്നും പ്രമോദ് സാവന്ത് ചോദിച്ചു. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ആസിഫ് ഹട്ടേലി, രാജേഷ് മാനേ, ഗജാനന്ദ് ചിൻചാകർ, നിതിൻ യബ്ബാൾ എന്നിവർ അറസ്റ്റിലായിരുന്നു.