കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്തു കേസിൽ ഇന്ന് എൻഐഎ അറസ്റ്റു ചെയ്തത് മുഖ്യകണ്ണിയെ. കേസിലെ മുഖ്യകണ്ണിയായ ഫൈസൽ ഫരീദിന്റെ കൂട്ടാളിയായി മുഹമ്മദ് മൻസൂറാണ്പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് എൻഐഎ സംഘമാണ് ഇയാളെ പിടികൂടിയത്. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് തിരുവമ്പാടി സ്വദേശിയാണ് മുഹമ്മദ് മൻസൂർ.

ദുബായിലായിരുന്ന ഇയാൾ ചെക്ക് കേസിൽ അറസ്റ്റിലായി ജയിലിലായിരുന്നു. കാലാവധി കഴിഞ്ഞതിനെത്തുടർന്ന് മുഹമ്മദ് മൻസൂറിനെ അവിടെ നിന്ന് നാടുകടത്തി. ഇന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഓഫീസിലെത്തിച്ച് മുഹമ്മദ് മൻസൂറിനെ വിശദമായി ചോദ്യം ചെയ്യും.

കടത്തുന്ന സ്വർണം പിടിക്കപ്പെടാതിരിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിക്കുന്നത് പതിവാണ്. ഇത് ചെയ്യുന്നത് മുഹമ്മദ് മൻസൂറിന്റെ നേത്യത്വത്തിലാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇയാളെ പിടികൂടാൻ നേരത്തെ തന്നെ എൻഐഎ സംഘം ശ്രമം ആരംഭിച്ചിരുന്നു. നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയിലേയ്ക്ക് നാടുകടത്തിയത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ എൻഐഎ ശ്രമം നടത്തിയെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ല. മുഹമ്മദ് ഹൈസലിലെ പിടികൂടാനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു.