കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി പിടിയിൽ. മലപ്പുറം, കോഴിക്കോട് സ്വദേശികളെയാണ് തിങ്കളാഴ്ച എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി ജിഫ്‌സൽ സി, മലപ്പുറം സ്വദേശി അബൂബക്കർ പി, കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശി പി അബ്ദുൾ ഹമീദ് എന്നിവരാണ് എൻഐഎയുടെ പിടിയിലായത്.

ഇവരുടെ അറസ്റ്റ് തിങ്കളാഴ്ച തന്നെ രേഖപ്പെടുത്തിയിരുന്നെങ്കിലും എൻഐഎ വിവരം പുറത്തുവിടുന്നത് ഇവരുടെ സ്ഥാപനങ്ങളിൽ ഇന്ന് തെരച്ചിൽ നടത്തിയ ശേഷമാണ്. മലപ്പുറത്തെ മലബാർ ജൂവലറി, അമീൻ ഗോൾഡ്, കോഴിക്കോട്ടെ അമ്പി ജൂവലറി എന്നിവിടങ്ങളിലാണ് എൻഐഎ തെരച്ചിൽ നടത്തിയത്. ഇതിൽ മലബാർ ജൂവലറി അറസ്റ്റിലായ മലപ്പുറം സ്വദേശി അബൂബക്കറിന്റേതാണ്.

മലപ്പുറത്തെ അമീൻ ഗോൾഡിന്റെ ഉടമയാണ് അബ്ദുൾ ഹമീദ്, കോഴിക്കോട്ടെ അമ്പി ജൂവലറിയുടെ ഉടമയാണ് ഷംസുദ്ദീൻ. ഈ മൂന്ന് ജൂവലറികളിലും നടത്തിയ തെരച്ചിലിൽ ചില ഡിജിറ്റൽ ഉപകരണങ്ങളും തെളിവായി കണക്കാക്കാവുന്ന രേഖകളും കണ്ടെത്തിയതായും എൻഐഎ അറിയിച്ചു. എന്തെല്ലാം ഡിജിറ്റൽ ഉപകരണങ്ങളാണ് പിടിച്ചെടുത്തതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജെന്ന വ്യാജേന സ്വർണം കടത്തി എത്തിച്ച ശേഷം, ഇടനിലക്കാർ വഴി ഇത് കേരളത്തിന്റെ പലയിടങ്ങളിൽ എത്തിച്ചുവെന്നതിന് കൃത്യമായ തെളിവും മൊഴികളും എൻഐഎയ്ക്ക് ലഭിച്ചതാണ്. ഈ സൂചനകൾ വച്ച് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരിലേക്കും എത്തിയത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. കേസിൽ ആകെ 25 പ്രതികളാണുള്ളത്.