തിരുവനന്തപുരം: സ്വർണ്ണക്കടത്ത്-ലഹരിമരുന്ന്-തീവ്രവാദ കേസുകളിലെ അന്വേഷണം മുന്നോട്ടു നീങ്ങുമ്പോൾ വിചാരിച്ച ഗതിവേഗം ലഭിക്കാത്തതിന് പിന്നിൽ ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ രൂപീകരണമില്ലാത്തതാണെന്ന വിലയിരുത്തൽ ശക്തമാകുന്നു. കേന്ദ്ര ഏജൻസികൾക്കിടയിൽ തന്നെയാണ് ഈ രീതിയിലുള്ള ചിന്തകൾ പ്രബലമാകുന്നത്. കേസുകളുടെ രൂപീകരണത്തിൽ ആദ്യം തന്നെ രൂപീകരിക്കേണ്ട ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ രൂപീകരണം ഒഴിവാക്കിയത് അന്വേഷണത്തെ ഗതിവേഗം കുറയ്ക്കാൻ കാരണമായി എന്ന വിലയിരുത്തലാണ് കേന്ദ്ര ഏജൻസികൾക്കിടയിലുള്ളത്.

സ്വർണ്ണക്കടത്ത്-ലഹരിമരുന്ന്-തീവ്രവാദ-കള്ളപ്പണ ബന്ധങ്ങൾക്ക് പരസ്പരബന്ധമുണ്ട്. വളരെ ആഴത്തിൽ ആണ്ടുകിടക്കുന്ന വേരുകളാണ് ഇവയ്ക്കിടയിൽ ദൃഡമായി കിടക്കുന്നത്. എൻഐഎ-കസ്റ്റംസ്-ഇഡി അന്വേഷണം വഴി ഇതിന്റെ വിശദാംശങ്ങൾ പൂർണമായി പുറത്ത് വരാൻ പോകുന്നില്ല. സിബിഐയേയും എൻസിബിയെയും ഡിആർഐയേയും ഈ കേസിൽ പങ്കാളിയാക്കേണ്ടതുണ്ടായിരുന്നു. പങ്കാളികൾ ആക്കുകയല്ല ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുകയാണ് വേണ്ടിയിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് സ്മഗ്ലർ നിസാർ അലിയാറെ പോലുള്ള മലയാളികൾ നിയന്ത്രിക്കുന്ന സ്വർണ്ണക്കടത്തുകേസും ലഹരിമരുന്ന്-തീവ്രവാദ കേസുകളുമാണ് കേരളത്തിൽ അന്വേഷിക്കേണ്ടത്.

വിവിധ ഏജൻസികൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ് ഒരു അന്വേഷണത്തിൽ കൂട്ട്പിണഞ്ഞു കിടക്കുന്നത്. എൻസിബിക്ക് ഈ കേസിൽ റോളുണ്ട്. സിബിഐയ്ക്ക് റോളുണ്ട്. എൻഐഎയ്ക്കും ഡിആർഐയ്ക്കും ഇഡിക്കും അതിന്റെതായ റോളുകളുണ്ട് വിവിധ ഏജൻസികൾ തങ്ങളുടെതായ രീതിയിൽ അന്വേഷിച്ചാൽ ഈ കേസ് എങ്ങനെ മുന്നോട്ടു പോകും എന്നാണ് കേന്ദ്ര ഏജൻസികൾ തന്നെ ഉയർത്തുന്ന ചോദ്യം. കള്ളപ്പണവും ലഹരിമരുന്നും കെട്ടുപിണഞ്ഞ സുശാന്ത്സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയിലേക്ക് നീങ്ങിയെങ്കിലും ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീമാണ് ഇതിന്റെ പിന്നിലുള്ളത്. ഇതേ തീരുമാനം തന്നെ കേരളത്തിലെ അന്വേഷണത്തിലും വേണ്ടിയിരുന്നു എന്ന ചിന്തയാണ് അന്വേഷണ എജൻസികൾക്കിടയിലുള്ളത്.

സുശാന്ത്‌സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സിബിഐ-ഇഡി-എൻസിബി-ഡിആർഐ, മുംബൈ ക്രൈംബ്രാഞ്ച് ഏജൻസികൾ ഉൾപ്പെട്ടിട്ടുണ്ട്. എൻഐഎയ്ക്ക് അന്വേഷിക്കേണ്ട ഘട്ടം വന്നാൽ ഈ അന്വേഷണ സംഘത്തിൽ എൻഐഎയുംകൂടി ഉൾപ്പെടും. ബോളിവുഡിൽ അധോലോക-ലഹരിമരുന്നു-കള്ളപ്പണമാഫിയ ശക്തമാണെന്ന തിരിച്ചറിവിലാണ് സുശാന്ത്‌സിങ് രാജ്പുത്ത് കേസിൽ ആദ്യം തന്നെ ഈ കേസിൽ സംയുക്ത അന്വേഷണ സംഘം വന്നത്. കസ്റ്റംസ് ജോയിന്റ് കമ്മിഷണർ സമീർ വാങ്കടെയെപോലുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഈ സംഘത്തിലുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്തുകാരൻ നിസാർ അലിയാറെ മുംബയിൽ വെച്ച് കുടുക്കിയത് ഈ സമീർ വാങ്കടെയായിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ 110 കിലോ സ്വർണം ഡിആർഐ മുംബയിൽ പിടികൂടിയിരുന്നു. ഇതേതുടർന്ന് നടന്ന അന്വേഷണമാണ് പെരുമ്പാവൂർ സ്വദേശി നിസാർ അലിയാറിലേക്ക് എത്തിയത്. രാജ്യത്തെ ഞെട്ടിച്ച ആയിരം കോടിയുടെ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി മലയാളിയായ നിസാർ അലിയാറായിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിലേക്ക് സമീർ വാങ്കടെയുടെ പേര് നിർദ്ദേശിക്കപ്പെട്ടത്. ഇതിന്റെ ഗുണം വളരെ വേഗം കേസിൽ ലഭിച്ചു. റിയചക്രവർത്തി ഉൾപ്പെടെയുള്ള ഒട്ടുവളരെ അറസ്റ്റുകൾ ഈ കേസിൽ വന്നിട്ടുണ്ട്. ഇതിന്റെ തുടർച്ചയായുള്ള അന്വേഷണത്തിലാണ് ലഹരിമരുന്നു കേസിൽ ബംഗളൂരുവിൽ തെന്നിന്ത്യൻ താരം സഞ്ജന ഗൽറാണി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്.

ഇതേ പോലെ കേരളത്തിലെ രാജ്യാന്തര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്ത്-ലഹരിമരുന്ന്-തീവ്രവാദ കേസുകളിലെ അന്വേഷണത്തിലും ഇതേ പോലുള്ള ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീം തന്നെയാണ് വേണ്ടിയിരുന്നതും. ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ രൂപീകരണം എന്തുകൊണ്ട് വേണ്ടെന്നുവെച്ചു എന്നുള്ള ചർച്ചകളാണ് ഇപ്പോൾ ഡൽഹി കേന്ദ്രമായ അന്വേഷണ ഏജൻസികളുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്നത്. വിവിധ അന്വേഷണ ഏജൻസികൾ കേന്ദ്രത്തിന്റെ കീഴിലുണ്ട്. ദേശീയ അന്വേഷണ ഏജൻസി, നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റ്, ഡയറക്ടറെറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, കസ്റ്റംസ് തുടങ്ങിയ ഏജൻസികൾ. ഈ ഏജൻസികൾക്ക് മുഴുവൻ കേരളത്തിലെ അന്വേഷണത്തിൽ അവരുടെതായ റോളുകളുണ്ട്.

കേരളത്തിലെ അന്വേഷണത്തിൽ എൻഐഎയ്ക്കാണ് മുഖ്യ പങ്ക്. പക്ഷെ കള്ളക്കടത്ത് അന്വേഷണത്തിൽ എൻഐഎയ്ക്ക് വലിയ റോളില്ല. ഡിആർഐയും കസ്റ്റംസുമാണ് ഈ രംഗം അടക്കിവാഴുന്നത്. കേന്ദ്ര ഏജൻസികളുടെ യോജിച്ചുള്ള അന്വേഷണമാണ് കേരളത്തിലെ പ്രശ്‌നങ്ങളിൽ വേണ്ടത്. വിവിധ അന്വേഷണ വിഷയങ്ങളിൽ മികവ് തെളിയിച്ച അന്വേഷണ ഏജൻസികളുടെ ഒരു കൂട്ടായ്മയാണ് കേ ന്ദ്രത്തിൽ ഉള്ളത്. കേരളത്തിലെ സ്വർണ്ണക്കടത്ത്-ലഹരിമരുന്ന്-തീവ്രവാദ കേസുകൾ പരസ്പരം കെട്ട് പിണഞ്ഞു കിടക്കുകയാണ്. ഇത് അന്വേഷണത്തിന്റെ തുടക്കം തന്നെ കസ്റ്റംസിനും ഇഡിക്കും എൻഐഎയ്ക്കും ബോധ്യമായ കാര്യമാണ്. എന്നിട്ടും യോജിച്ചുള്ള ഒരു അന്വേഷണ ഏജൻസിയുടെ രൂപീകരണം കേരളത്തിലെ കേസിന്റെ കാര്യത്തിൽ വന്നില്ല. ഇത് അന്വേഷണത്തിന്റെ നിർണ്ണായകമായ ഘട്ടങ്ങളിൽ പല പ്രശ്‌നങ്ങളും ഈ ഏജൻസികൾക്ക് മുൻപിൽ സൃഷ്ടിക്കുന്നുമുണ്ട്.

ഖുറാൻ കടത്തിയ കേസിൽ എത്രയോ കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് നൽകാൻ കഴിയും. ജോയിന്റ് സംഘമാണെങ്കിൽ ഇതിനെ ഗുണം വളരെ വേഗം ലഭിക്കും. കേരളത്തിലെ അന്വേഷണത്തിന്റെ ഒരു ഘട്ടം വന്നപ്പോൾ എൻസിബിക്ക് നേരിട്ട് രംഗത്ത് വരേണ്ടി വന്നു. അനൂപ് മുഹമ്മദിനെ ലഹരിമരുന്നു കേസിൽ ബംഗളൂരുവിൽ വെച്ച് പിടിച്ചപ്പോൾ ആ കേസ് എൻസിബിയുടെ കയ്യിലേക്ക് നീങ്ങി. എൻസിബിയാണ് ലഹരിമരുന്ന് കടത്ത് കേസിൽ പ്രധാന അന്വേഷണ ഏജൻസി. ഡിആർഐ ഈ കേസിൽ സജീവമായി രംഗത്തില്ലെങ്കിലും ഡിആർഐയ്ക്ക് മാത്രമുള്ള പല കാര്യങ്ങളും ഈ കേസുമായി ബന്ധപ്പെട്ടു ഇവരുടെ കൈകളിലുണ്ട്. ഡിആർഐയുടെ കയ്യിലുള്ള വിവരങ്ങൾ അവരുടെ കയ്യിൽ ഇരിക്കുകയാണ്. എൻസിബിയുടെ അടുത്തുള്ള വിവരങ്ങൾ ഇവരുടെ കയ്യിലും ഇഡിയുടെ കൈകളിലുള്ള വിവരങ്ങൾ ഇഡിയുടെ കയ്യിലും ഭദ്രമാണ്. വിവിധ അന്വേഷണ ഏജൻസികളുടെ കയ്യിലുള്ള കാര്യങ്ങൾ യോജിപ്പിച്ചാൽ മാത്രമേ ഈ കാര്യത്തിൽ സമഗ്രമായ അന്വേഷണം സാധ്യമാകൂ. എന്നിട്ടും ഇതുവരെ ഈ രീതിയിലുള്ള അന്വേഷണ സംഘത്തിനു രൂപം നൽകിയില്ല.

ലഹരിമരുന്നു കടത്തിന്റെ അന്വേഷണത്തിൽ ഒരു പ്രധാന പങ്ക് എൻസിബിക്കുണ്ട്. ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏറ്റവും കൂടുതൽ അറിയാൻ കഴിയുന്നതും വിശദാംശങ്ങൾ ഉള്ളതും എൻസിബിയുടെ കയ്യിലാണ്. സ്വർണ്ണക്കടത്ത് കേസിൽ ഏറ്റവും ശക്തമായ അന്വേഷണ ഏജൻസി ഡിആർഐയാണ്. കസ്റ്റംസിന്റെ പരിമിതികൾ പോലും മറികടന്നു സ്വർണ്ണക്കടത്ത് സംഘത്തിന്റെ അടിവേരറുക്കാൻ കഴിയുന്ന കേന്ദ്ര ഏജൻസിയാണ് ഡിആർഐ. രാജ്യമാസകലം ഗ്രാസ് റൂട്ട് ലെവലിൽ ഏറ്റവും കൂടുതൽ ബന്ധങ്ങളും സ്വാധീനവും ഉള്ളത് എൻഐഎയ്ക്കാണ്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്ത് പിടിച്ചപ്പോൾ ആ സ്വർണം അയച്ച ഫൈസൽ ഫരീദിനെ ദിവസങ്ങൾക്കുള്ളിൽ യുഎഇയിൽ പോയി ചോദ്യം ചെയ്യാൻ സാധിച്ചത് എൻഐഎയ്ക്കുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.

സ്വപ്നയുടെ കേസ് ഡിആർഐ ആണ് അന്വേഷിച്ചതെങ്കിൽ സ്വപ്നയെ അറസ്റ്റ് ചെയ്യാൻ കാലതാമസം നേരിടുമായിരുന്നു. ഡിആർഐ അവിടെ പറഞ്ഞു അറസ്റ്റ് നടക്കാൻ അതിന്റെതായ സമയം എടുക്കും. പക്ഷെ എൻഐഎ സ്വപ്ന ഫോൺ ഓൺ ചെയ്തപ്പോൾ വിവരം മനസിലാക്കി അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം ബംഗളൂര് പൊലീസിനു നൽകി.പക്ഷെ എൻഐഎയുടെ സംഘത്തിൽ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ പോലും ഉണ്ടായില്ല. കസ്റ്റംസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിൽ ചോദ്യം ചെയ്യലിൽ സ്വർണം കടത്തുമായി ബന്ധപ്പെട്ട ഒട്ടു വളരെ വിവരങ്ങൾ കസ്റ്റംസിന് ലഭിക്കുമായിരുന്നു. ഇതെല്ലാം തന്നെ ജോയിന്റെ ഇൻവെസ്റ്റിഗെഷൻ ടീമിന്റെ രൂപീകരണത്തിന്റെ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ റമീസിന് ജാമ്യം ലഭിച്ചു. അറുപത് ദിവസത്തിനുള്ളിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്യാൻ കഴിയാത്തതിനാലാണ് ഈ കേസിൽ റമീസിനു ജാമ്യം ലഭിച്ചത്. പരമാവധി ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകൾ മാത്രമാണ് കസ്റ്റംസിന് ചാർജ് ചെയ്യാൻ കഴിയുന്നത്. ഇത് ഈ അന്വേഷണ ഏജൻസിയുടെ കാര്യത്തിലുള്ള വലിയ ന്യൂനതയാണ്. സ്വർണ്ണക്കടത്ത് പോലുള്ള പ്രശ്‌നമായതിനാൽ അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കസ്റ്റംസിന് കഴിയാറില്ല. അതിനാൽ റമീസിനു ജാമ്യം ലഭിച്ചു. പക്ഷെ എൻഐഎ കേസ് ഉള്ളതിനാൽ റമീസ് ജയിലിൽ തന്നെ തുടരണം.എൻഐഎയെ അന്വേഷിക്കുന്ന കേസുകളിൽ 180 ദിവസത്തിനുള്ളിൽ ചാർജ്ഷീറ്റ് ഫയൽ ചെയ്താൽ മതി. അതുവരെ പ്രതി ജയിലിൽ തന്നെ കഴിയേണ്ടി വരും. ഇപ്പോൾ തന്നെ അന്വേഷണ ഏജൻസികൾ ഊഴം വെച്ച് സംശയമുള്ളവരെ ചോദ്യം ചെയ്യുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ ഇതിന്റെ ബുദ്ധിമുട്ട് നല്ലവണ്ണം അറിഞ്ഞത് സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും മന്ത്രി കെ.ടി.ജലീലുമോക്കെയാണ്. ജോയിന്റ് ഇൻവെസ്റ്റിഗേഷൻ സംഘം ഈ കേസുകളിൽ വന്നെങ്കിൽ കേസിന്റെ മുന്നോട്ടുള്ള പോക്കിൽ വളരെ പ്രധാനമായ മാറ്റങ്ങൾ വന്നുപെടുമായിരുന്നുവെന്നും അന്വേഷണത്തിൽ ഒരു കുതിപ്പ് തന്നെ രൂപപ്പെടുമായിരുന്നുവെന്നുമാണ് കേന്ദ്ര ഏജൻസികളിൽ ഉൾപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്.