തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ നിർണായക നീക്കവുമായി കസ്റ്റംസ്. യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയുടെ ബാഗുകൾ കസ്റ്റംസ് പരിശോധിച്ചു. യുഎയിലേക്ക് തിരിച്ചയക്കാൻ തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്‌സിൽ എത്തിച്ച ബാഗുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിൽനിന്ന് ഒരു മൊബൈൽ ഫോണും രണ്ടു പെൻ ഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.

നയതന്ത്ര പ്രതിനിധികൾക്കു പരിരക്ഷ ഉള്ളതിനാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയ ശേഷമാണ് കസ്റ്റംസ് പരിശോധന. കോൺസൽ ജനറൽ കോവിഡ് ലോക്ക് ഡൗണിനു മുമ്പു തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. യുഎഇയിലേക്ക് തിരിച്ചയയ്ക്കാൻ എത്തിയ ബാഗേജാണ് ഇപ്പോൾ പരിശോധനയ്ക്കു വിധേയമാക്കിയത്.

നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. പ്രതികൾ വിവിധ അന്വേഷണ ഏജൻസികൾക്കു നൽകിയ മൊഴിയിൽ ഇതു സംബന്ധിച്ച സൂചനകളുണ്ട്. എന്നാൽ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ ഇക്കാര്യത്തിൽ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല.

കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്ക് വൈകാതെ അടുത്ത സ്ഥാനക്കയറ്റം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ കോൺസുലേറ്റ് കേരളത്തിൽ തുടങ്ങാൻ കഴിഞ്ഞത് ജമാൽ ഹുസൈൻ അൽ സാബിയുടെ നേട്ടമായാണ് വിലയിരുത്തപ്പെട്ടത്. യു.എ.ഇ. സന്നദ്ധസംഘടനയായ റെഡ് ക്രസന്റിന്റെ സഹായവും അൽ സാബിയുടെ ബുദ്ധിയായിരുന്നു. തനിക്ക് വലിയപദവികൾ ലഭിച്ചാൽ സ്വപ്ന-സരിത്ത്-മുഹമ്മദ് ഷൗക്രി സംഘത്തെ കൂടെകൂട്ടാനായിരുന്നു അൽ സാബിയുടെ പദ്ധതി. മറ്റൊരു രാജ്യത്തേക്കു പോകാൻ തയ്യാറായിരുന്നോളൂ എന്ന സൂചന സ്വപ്നയ്ക്ക് അദ്ദേഹം നൽകിയിരുന്നു. കോൺസുലേറ്റിലെ മറ്റു ജോലിക്കാർക്ക് 'പണി' അറിയില്ലെന്നായിരുന്നു അൽസാബിയുടെ കുറ്റപ്പെടുത്തൽ.

2020 ഏപ്രിലിൽ യുഎഇയിലേക്കു മടങ്ങിയ ജമാൽ അൽ സാബി പിന്നീടു കോൺസുലേറ്റിൽ തിരിച്ചെത്തിയിരുന്നില്ല. ജമാൽ അൽ സാബി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു പരിശോധിക്കുക. ഇവ യുഎഇയിലെത്തിക്കാൻ അനുവദിക്കണമെന്നു ജമാൽ അൽ സാബി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, പരിശോധിക്കാതെ വിട്ടുകൊടുക്കാൻ പറ്റില്ലെന്നു കസ്റ്റംസ് കർശന നിലപാടെടുക്കുകയും കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

കോൺസൽ ജനറൽ ജമാൽ അൽ സാബി, അഡ്‌മിനിസ്ട്രേഷൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അൽ ഷെമേലി എന്നിവർ വൻ തോതിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയിലേക്കു മാറ്റിയ ശേഷം വിദേശത്തേക്ക് ഒളിപ്പിച്ചു കടത്തിയതായി കരുതുന്നുവെന്നു ഡോളർ കടത്തു കേസിൽ കസ്റ്റംസ് പ്രിവന്റീവ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. കോൺസൽ ജനറലിന്റെ രഹസ്യ പങ്കാളിയാണു ഖാലിദെന്നു സ്വപ്ന സുരേഷ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ സഹായത്തോടെ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം ഡോളർ മസ്കത്തു വഴി കെയ്റോയിലേക്കു കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും പ്രതിയാണ്. കോൺസൽ ജനറലിനെയും അഡ്‌മിനിസ്ട്രേഷൻ അറ്റാഷെയെയും കേസിൽ പ്രതി ചേർത്തിട്ടില്ല.