കാസർകോട് : ഒരു ഇടവേളയ്ക്ക് ശേഷം മംഗളൂരു വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത് സജീവമായി. ഇന്ന് രാവിലെ അഞ്ചുമണിയോടെ ദുബായ് നിന്നും മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരനായ കാസർകോട് പൂച്ചക്കാട് സ്വദേശി ജാഫർ കല്ലിങ്കലിന്റെ (29) ശരീരത്തിൽ നിന്നും 41 ലക്ഷം രൂപ മതിപ്പുള്ള സ്വർണമാണ് പിടികൂടിയത്.

3 ക്യാപ്‌സൂൾ രൂപത്തിലുള്ള സ്വർണം യുവാവിന്റെ മലദ്വാരത്തിൽ നിന്നുമാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിന് 854 ഗ്രാം തുക്കം ഉണ്ട്. ഇത്തരത്തിൽ സ്വർണം കടത്തുന്നത് ജീവനുതന്നെ അപകടം വരുത്തുന്ന രീതി ആണെന്നും സ്വർണം ശരീരത്തിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമത്തിന് ഭാഗമായുണ്ടാകുന്ന പ്രയാസങ്ങൾ ഇത്തരക്കാർ അനുഭവിക്കേണ്ടിവരുമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നൽകുന്നു. അതേ സമയം കഴിഞ്ഞ നാല് ദിവസങ്ങളായി അഞ്ചോളം യാത്രക്കാരെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മംഗളുരു വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്.

കാസർകോട് ചെങ്കള സിറ്റിസിൻ നഗർ പൊടിപാളം സ്വദേശി ഹുസൈൻ റസി മൊയ്ദീൻ അബൂബക്കർ എന്ന യുവാവിനെ കഴിഞ്ഞ ദിവസം സ്വർണമായി പിടികൂടിയിരുന്നു. കളിപ്പാട്ടങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിച്ച ഹാർഡ് ബോർഡിന്റ ഇടയിലുള്ള സുഷിരങ്ങളിൽ 219 ഗ്രാം സ്വർണം പൊടിച്ചുവെച്ച രീതിയിലാണ് സ്വർണം കണ്ടെത്തിയത്. കാസർകോട് തളങ്കര സ്വദേശി സലീം അബ്ദുള്ളയെന്ന യുവാവിന്റെ കയ്യിൽ നിന്നും 112 ഗ്രാം തൂക്കമുള്ള സ്വർണ്ണക്കട്ടിയാണ് പിടികൂടിയത്.

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മുർദേശ്വർ സ്വദേശിയായ റഷീദിൽ നിന്ന് പിങ്ക് നിറത്തിലുള്ള ഹെയർ ബാൻഡുകൾക്കുള്ളിൽ വയർ രൂപത്തിൽ ഒളിപ്പിച്ച 115 ഗ്രാം തൂക്കമുള്ള സ്വർണ്ണമാണ് കണ്ടെത്തിയത്.

കോവിഡ് പ്രതിസന്ധിയിൽ നിലച്ചിരുന്ന സ്വർണക്കടത്ത് വിമാനത്താവളം സജീവമായതോട് കൂടിയാണ് വീണ്ടും ആരംഭിച്ചത്. ശരീരത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുന്ന സ്വർണം എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെങ്കിലും വീണ്ടെടുക്കാൻ വലിയ പ്രയാസം നേരിടുന്നുണ്ടെന്നും എന്നാൽ ഒരു വിട്ടുവീഴ്ചക്കും കസ്റ്റംസ് ഒരുക്കമല്ലെന്നും അധികൃതർ വ്യക്തമാക്കി. മംഗളുരു വിമാനത്താവളത്തിൽ തഴക്കവും പഴക്കവും ചെന്ന മികച്ച ഓഫീസർമാരെയാണ് നിയമിച്ചിട്ടുള്ളതെന്നും ഇവരുടെ കണ്ണുവെട്ടിച്ച് കള്ളക്കടത്ത് നടത്താം എന്നുള്ളത് പ്രയാസകരമായ കാര്യമാണെന്ന് ഇത്തരക്കാർ ഓർക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു.