കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ബെഹ്‌റിനിൽ നിന്നെത്തിയ കണ്ണൂർ ആലക്കോട് സ്വദേശി ഷിബിൻ സ്റ്റീഫനിൽ നിന്നും 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ഏകദേശം 894 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. ഇതിനിടെ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കൂടുന്നുവെന്നാണ് കസ്റ്റംസ് പുറത്തുവിടുന്ന കണക്കുകൾ.

ഈ സാമ്പത്തിക വർഷം മെയ് 31 വരെയുള്ള കണക്ക് പ്രകാരം അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. 11 കേസുകളിലായി ഒൻപത് കിലോ 212 ഗ്രാം സ്വർണം പിടിച്ചെടുത്തു. 10 പേർ അറസ്റ്റിലായി. പിടിക്കപ്പെടാത്ത കേസുകൾ ഇതിലേറെയാണ്. ഒദ്യോഗിക കണക്ക് പ്രകാരം നികുതിയടച്ച ഇനത്തിൽ 28 ലക്ഷം രൂപ ഇക്കാലയളവിൽ പിരിച്ചെടുത്തിട്ടുണ്ട്.

2018 ഡിസംബർ ഒൻപതിനായിരുന്നു കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. 2019 മാർച്ച് വരെയുയള്ള കാലയളവിൽ വിമാനത്താവളത്തിൽ നിന്നു കസ്റ്റംസ് പിടികൂടിയത് മൂന്നര കിലോ സ്വർണം മാത്രമായിരുന്നു. തൊട്ടടുത്ത വർഷം അത് 47.12 കിലോ ഗ്രാമിലേക്ക് ഉയർന്നു. ഇക്കാലയളവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2019-20 സാമ്പത്തികവർഷം അത് 64 ആയി മാറി.

2020-21ൽ ആകെ രജിസ്റ്റർ ചെയ്ത കേസുകൾ 100 ഉം, പിടികൂടിയ സ്വർണത്തിന്റെ അളവ് 55.551 കിലോഗ്രാമുമായി ഉയർന്നു. 58 പേർ അറസ്റ്റിലുമായി. വർഷംതോറും കേസുകൾ കൂടുന്നുവെന്നു ചുരുക്കം. ഈ സാമ്പത്തിക വർഷമാരംഭിച്ച് രണ്ടുമാസങ്ങൾ പിന്നിടുമ്പോഴേക്കും പിടികൂടിയ സ്വർണത്തിന്റെ അളവ് അനധികൃതമായി സ്വർണം കടത്താനുള്ള നീക്കം എത്രത്തോളമെന്നത് വ്യക്തമാക്കുന്നു. പിടിക്കപ്പെട്ട കേസുകളുടെ കണക്ക് പുറത്തുവരുമ്പോൾ പതിന്മടങ്ങ് അധികം കേസുകൾ പിടിക്കപ്പെടാത്ത കൂട്ടത്തിലുണ്ടെന്നാണ് വിവരം.