തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചത് സെക്സ് റാക്കറ്റിലെ കണ്ണികളായ ക്രിമിനലുകൾ. സെക്സ് റാക്കറ്റുകൽ തമ്മിലുള്ള കുടിപ്പകയുടെ ഭാ​ഗമായി കമലേശ്വരത്ത് വീടാക്രമിച്ച കേസിലെ പ്രതികളാണ് ഇന്നലെ തിരുവനന്തപുരം എസ് എസ് കോവിൽ റോഡിൽ വെച്ച് പൊലീസ് വാഹനത്തിലേക്ക് കാറിടിച്ച് കയറ്റിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കാർപിന്നോട്ടടെുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പ്രതികളെയും പൊലീസ് പിടികൂടി. വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം കമലേശ്വരത്തുള്ള ഒരു വീടാക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതികളായ ചന്ദ്രബോസ്, ദീപക്ക് എന്ന ഫിറോസ് എന്നിവർക്കുവേണ്ടി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. വധക്കേസ് പ്രതികൾ കൂടിയായ ചന്ദ്രബോസും ദീപക്കും കൂട്ടാളിയായ വിഷ്ണുവും തമ്പാനൂർ ഭാഗത്ത് ഒരു സ്ഥലത്ത് മദ്യപിക്കുന്നുവെന്ന വിവരം കിട്ടിയ പൊലീസ് അവിടെയെത്തി. മഫ്ത്തി വേഷത്തിലെത്തിയ പൊലീസിനെ തള്ളിമാറ്റി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടാൻ ജീപ്പിൽ പൊലീസും പാഞ്ഞു. പ്രതികളുടെ വാഹനത്തിന് എതിരെവന്ന പൊലീസ് ജീപ്പിലേക്ക് കാർ‍ ഇടിച്ചു കയറ്റുകയാണെന്ന് സിസിടിവിയിൽ നിന്നും വ്യക്തമാണ്.

കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാൻ സംഘം ശ്രമിച്ചു. വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നീ പ്രതികൾ എസ് എസ് കോവിൽ റോഡിലെ ബാറിൽ ഉണ്ടെന്നറിഞ്ഞ് മഫ്ത്തിയിൽ പൊലീസ് എത്തിയപ്പോൾ ഇവർ പുറത്തിറങ്ങി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ പൊലീസ് ജീപ്പിലെത്തി ഇവരെ തടഞ്ഞു. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് ജീപ്പിൽ കൊണ്ടിടിച്ചു. കാ‌റുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് വളഞ്ഞ് സഹാസികമായി ഗ്ലാസ് തകർത്താണ് പിടികൂടിയത്.

രണ്ടു പൊലീസാർക്ക് അപകടത്തിൽ പരിക്കേറ്റു. വാഹന അപകടത്തിന് തമ്പാനൂർ പൊലീസ് കേസെടുത്തു. കമലേശ്വരത്തെ വീടാക്രമണത്തിന് പിന്നിൽ സെക്സ് റാക്കറ്റുകൾ തമ്മിലുള്ള കുടിപ്പകയാണെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.ചന്ദ്രബോസും ഫിറോസ് എന്നു വിളിക്കുന്ന ദീപക്കുമെല്ലാം തലസ്ഥാനത്തെ സെക്സ് റാക്കറ്റുകിലെ കണ്ണികളായിരുന്നു. അടുത്തിടെ സെക്സ് റാക്കറ്റ് സംഘം തെറ്റിപിരിഞ്ഞു. ദീപക്കുമായി തെറ്റിപിരിഞ്ഞ ഒരാൾ വാടക്കെടുത്ത വീടാണ് കഴിഞ്ഞ മാസം ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.