തിരുവനന്തപുരം: ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്പോഴും ഗുണ്ടാ വിളയാട്ടത്തിന് യാതൊരു കുറവുമില്ല. തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായത്. വിഴിഞ്ഞം ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനെ അക്രമികൾ വെട്ടി. പമ്പിൽ മൊബൈൽ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനാണ് വെട്ടിയത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബൈക്കിൽ വന്ന രണ്ട് യുവാക്കളിൽ ഒരാൾ മൊബൈൽ ഫോണിൽ സംസാരിച്ചത് പെട്രോൾ പമ്പിലെ ജീവനക്കാരൻ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്. വാക്ക് തർക്കത്തിലേർപ്പെട്ട യുവാക്കൾ പോയി വെട്ടുക്കത്തിയുമായി തിരികെ വന്ന് വെട്ടുകയായിരുന്നുവെന്ന് പമ്പിലെ മറ്റ് ജീവനക്കാർ പറഞ്ഞു. ആക്രണത്തിൽ ജീവനക്കാരന്റെ ഇടതു കൈക്ക് പരിക്കേറ്റു.

അതേസമയം സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങൾ കൂടാൻ കാരണം. കേരളത്തിന്റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമർച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.

തുടർച്ചയായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് കഴിഞ്ഞ ദിവസെ അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു.