ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. ഡൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ് സ്‌കൂൾ തുറക്കുന്നതിൽ നിർദ്ദേശം നൽകണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്.

കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത വേണം. ഗുരുതര കോവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്‌കൂളുകൾ തുറക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിച്ച കോടതി,കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കോവിഡ് സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു.