തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ആരോഗ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടന നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സമരം പിൻവലിക്കാൻ ധാരണയായത്.2016 മുതലുള്ള ശമ്പള കുടിശിക നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡോക്ടർമാരുടെ സമരം.

ചർച്ചയിൽ 2017 ജൂലൈ മുതലുള്ള ശമ്പള കുടിശിക നൽകാൻ ധനവകുപ്പിനോട് ശിപാർശ ചെയ്യാമെന്ന് മന്ത്രി സമ്മതിച്ചു. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ നടപടിയുണ്ടാക്കുമെന്നാണ് ചർച്ചയിലെ ധാരണ.

ഡോക്ടർമാരുടെ സമരം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വകാര്യ പ്രാക്ടീസിന് ഉൾപ്പടെ കർശന നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ചർച്ചയിൽ സമരം അവസാനിപ്പിക്കാൻ ധാരണയായത്.