തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർക്ക് കടുത്ത പ്രതിഷേധം. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത പ്രതിഷേധമാണ് ഗവർണർ രേഖപ്പെടുത്തുന്നത്. വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിഞ്ഞുതരാമെന്നും, സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കത്തിൽ ഗവർണർ പറയുന്നു.

ഗവർണർ ആദ്യം എതിർപ്പ് അറിയിച്ച് കത്ത് നൽകിയത് നാല് ദിവസം മുമ്പാണ്. ഇതിന് ഗവർണറെ വിശ്വാസത്തിൽ എടുക്കുമെന്ന് സർക്കാർ മറുപടി നൽകി. എന്നാൽ സർക്കാരിന്റെ അനുനയശ്രമം തള്ളി രണ്ടാമത്തെ കത്ത് ഗവർണർ ഇന്നലെ നൽകി. ഇതേത്തടുർന്ന്, ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇന്ന് രാജ്ഭവനിൽ എത്തി. അനുനയത്തിന് സകലശ്രമവും നടത്തിയെങ്കിലും ഗവർണർ വഴങ്ങിയില്ല. ഇതോടെ, സർക്കാരും ഗവർണറും തമ്മിലുടലെടുത്ത അസാധാരണ പ്രതിസന്ധി തുടരുകയാണ്.

ഇതോടൊപ്പം കാലടി സംസ്‌കൃതസർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും ഗവർണറുടെ പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നൽകി. ഇതിൽ ഗവർണർ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു.

വൈസ് ചാൻസലറും, പ്രോ വൈസ് ചാൻസലറും ഒരേസമയം വിരമിക്കുന്നത് കാലടി സംസ്‌കൃത സർവകലാശാലയിൽ ഇതാദ്യമാണ്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജിനാണ് സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറുടെ അധികചുമതല.
ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു വൈസ് ചാൻസലർക്ക് അതേസർവകലാശാലയിൽ കാലാവധി നീട്ടി പുനർനിയമനം നൽകുന്നത്. കണ്ണൂർ സർവകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനർനിയമനം നൽകി കത്ത് നൽകിയത്.

കണ്ണൂർ വിസി നിയമനത്തിനായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആ കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്ക് പുനർനിയമനം നൽകിയത്. സർക്കാർ ശുപാർശ പ്രകാരമാണ് ഗവർണർ പുനർ നിയമനം അംഗീകരിച്ചത്.

60 വയസ്സ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സർവ്വകലാശാലാ ചട്ടം മറി കടന്നുകൊണ്ടാണ് ഈ പുനർനിയമനമെന്നാണ് പരാതി ഉയരുന്നത്. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാൻ സർവ്വകലാശാല ചട്ടങ്ങൾ ലംഘിച്ച് അതിവേഗം നടപടി എടുത്തു എന്ന പരാതി നിലനിൽക്കെ വിസിക്ക് പുനർനിയമനം നൽകിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണ് എന്നാണ് ആരോപണം ഉയരുന്നത്.