തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാറിന്റെ ഭരണത്തിന്റെ തലവനാണ് ഗവർണർ. അതേ ഗവർണർ ആ സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തുന്ന സംഭവം അപൂർവ്വമായി അവസരമാണ്. കേരള ചരിത്രം പരിശോധിച്ചാൽ തീർത്തും അപൂർവ്വമായ സംഭവം. ഭിന്നതകൾ പലതും ഉണ്ടെങ്കിലും അത് പൊട്ടിത്തെറിയിൽ എത്തുന്നതും ഇതാദ്യമാണ്. യൂണിവേഴ്‌സിറ്റികളുടെ ചാൻസലറായ ഗവർണറെ ചൊടിപ്പിച്ചിരിക്കുന്നത് വൈസ് ചാൻസലർ നിയമനങ്ങളിലെ സർക്കാറിന്റെ സ്വജനപക്ഷപാതമാണ്. സിപിഎം പ്രവർത്തകർ പൊലീസ് സ്‌റ്റേഷനിലുകളിൽ പോലും ഇടപെടരുതെന്ന് പരസ്യമായി മുഖ്യമന്ത്രി പറയുമ്പോൾ തന്നെയാണ് നഗ്നമായ സ്വജനപക്ഷപാതം യൂണിവേഴ്‌സിറ്റി നിയമനങ്ങളിൽ അടക്കം നടക്കുന്നത്.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ വെട്ടിലാക്കുന്നത് സ്വന്തം ഭരണത്തലവനായ ഗവർണർ അവിശ്വാസം രേഖപ്പെടുത്തുന്നു എന്നതാണ്. ഭരണത്തലവൻ അവിശ്വാസം രേഖപ്പെടുത്തിയ സർക്കാറിന് എങ്ങനെ തുടരാൻ കഴിയുമെന്ന ധാർമ്മികമായ ചോദ്യമാണ് ഇതിൽ ഒന്ന്. മറ്റൊരു കാര്യം ഉന്നത വിദ്യാഭ്യാസം കേരളത്തിൽ മുരടിച്ചെന്നും പറഞ്ഞുള്ള വിമർശനമാണ്. നിയമനങ്ങളിൽ സ്വജനപക്ഷപാതം കാണിക്കുന്നു എന്ന ഗവർണറുടെ വിമർശനം തന്നെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ലംഘനത്തിലേക്കും വിരൽ ചൂണ്ടുന്ന കാര്യമാണ്. കോടതി നടപടികൾ പുരോഗമിക്കവേ ഗവർണർ നടത്തിയ പരാമർശവും കത്തും നിയമപരമായും സർക്കാറിനെ വെട്ടിലാക്കുന്നതാണ്.

പ്രതിപക്ഷം ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. ഗവർണറുടെ വിമർശനം കേൾക്കേണ്ടി വന്ന മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇനിയും തുടരുന്നതിലെ അസ്വഭാവികതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. യൂണിവേഴ്‌സിറ്റികളിൽ ബന്ധുകളെ നിയമിക്കുന്നത് സിപിഎമ്മിനെ നിരന്തരം വിവാദങ്ങളിൽ ചാടിച്ചിരുന്നു. നിനിത കണിച്ചേരിയെ കാലടി സർവ്വകലാശാലയിൽ നിയമിച്ചപ്പോഴും കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ കെ കെ രാഗേഷിന്റെ ഭാര്യയെ നിയമിക്കുമ്പോഴും വിവാദം സർക്കാർ അവഗണിച്ചു. വിസിയുടെ നിയമനം അടക്കം രാഷ്ട്രീയ തീരുമാനമായപ്പോൾ ഗവർണർ നോക്കുകുത്തിയായി മാറി. ഇതോടെ ഗവർണർ പൊട്ടിത്തെറിക്കുകയും ചെയ്തു.

ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്ന കാർഡ് ഇറക്കി പ്രതിരോധിക്കാൻ സർക്കാറും സിപിഎമ്മും ശ്രമിച്ചേക്കും. എന്നാൽ, മുമ്പുണ്ടായ ആരോപണങ്ങളും നിലപാടുകളിലെ വൈരുധ്യങ്ങളും സർക്കാറിനെ വെട്ടിലാക്കും. അത്രയ്ക്ക് അക്കമിട്ടു നിരത്തിയ കത്താണ ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയത്. ഓരോ നിയമനങ്ങളിലെയും വീഴ്‌ച്ചകൾ അദ്ദേഹം എടുത്തു പറയുന്നു. ഇപ്പോഴത്തെ വിഷയം സമ്മേളന കാലത്താണ് ഉണ്ടായത് എന്നതിനാൽ തന്നെ കീഴ് ഘടകങ്ങൾക്ക് ഉത്തരം നൽകേണ്ട ബാധ്യതയും മുഖ്യമന്ത്രിക്ക്ും കൂട്ടർക്കും ഉണ്ടാകേണ്ടി വരും.

കണ്ണൂരിൽ മനസ്സാക്ഷിക്ക് വിരുദ്ധമായി തെറ്റിന് കൂട്ടുനിന്നു. തെറ്റ് ചെയ്തുവെന്ന് ചാൻസലർ തന്നെ പറയുന്നു. അത് കാലടിയിലും ആവർത്തിക്കാൻ നിർബന്ധിക്കുന്നു എന്നും പറയുമ്പോൾ ആരോപണത്തിന്റെ ഗൗരവം കൂടുമെന്നത് വ്യക്തമാണ്. പാർട്ടി താത്പര്യങ്ങൾ എന്തായിരുന്നു എന്ന ഫയൽ ആകും ഇനി തുറക്കപ്പെടുക. പൊതുജനം കൂടുതൽ കാര്യങ്ങൾ അറിയും. വി സിയായി നിയമിക്കാൻ മൂന്നുപേരുടെ പേര് നിർദ്ദേശിക്കണം എന്നാണ് ചട്ടം. അതാണ് കീഴ്‌വഴക്കം. അപ്പോ അതിൽ മെറിറ്റ് നോക്കി ഗവർണർ തീരുമാനിക്കും. അല്ലെങ്കിൽ സ്വന്തം താത്പര്യത്തിന് നറുക്ക് വീഴും. ഇതെല്ലാം കാറ്റിൽപ്പറത്തി തന്നെ നോക്കു കുത്തിയാക്കിയെന്ന വികാരം ആരിഫ് മുഹമ്മദ് ഖാനുണ്ട്.

സമീപകാലത്ത് സർക്കാർ നൽകിയ പല പട്ടികയിലും മെറിറ്റ് നോക്കി ഗവർണർ നീങ്ങിയപ്പോൾ ചില പദവികളിൽ ഉദ്ദേശിച്ചവരല്ല വന്നത് എന്നാണ് കേൾവി. മൂന്നു പേരിന് പകരം ഒറ്റ പേര് മാത്രം നൽകിയാൽ ഗവർണർക്ക് വേറെ ഓപ്ഷനില്ല. അതാണ് കാലടിയിൽ പരീക്ഷിച്ചത്. കൈ കെട്ടിയിടാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കണ്ണൂരിൽ വഴങ്ങിയെങ്കിൽ അത് ഒരു ശീലമാക്കേണ്ടെന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിലൂടെ ഗവർണർ. ഫയൽ ഒപ്പിടാൻ മാത്രം നിയോഗിതനായ ഗവർണർ അല്ല താനെന്ന് കൂടി പറഞ്ഞു വെക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ.

പൗരത്വ നിയമഭേദഗതിയിൽ ഗവർണറും സർക്കാരും ഒന്നിടഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് തദ്ദേശ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസുമായി ചെന്നപ്പോൾ ഒപ്പിടില്ലെന്ന് തീർത്ത് പറഞ്ഞു. വേണേൽ നിയമസഭ കൂടി നിയമം കൊണ്ടുവരാൻ പറഞ്ഞപ്പോൾ സർക്കാരിന് വേറെ വഴിയില്ലാത്ത അവസ്ഥയുമായി. ചാൻസലർ കസേര മുഖ്യമന്ത്രിക്ക് തീറെഴുതുന്ന ഓർഡിനൻസുമായി വന്നാൽ ഒപ്പിട്ടേക്കാം എന്ന വിമർശനമാണ് കുറിക്കു കൊല്ലുന്നത്.

'1974ലെ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരം ഗവർണർ ആണ് ചാൻസലർ. മുഴുവൻ അധികാരവും ഗവർണറിൽ നിക്ഷിപ്തമാണ്. അത് ഇന്നുവരെ ആരും ചോദ്യംചെയ്തിട്ടില്ല. മുൻപുണ്ടായിരുന്ന എൽഡിഎഫ് സർക്കാർ ഗവർണറുടെ പരമാധികാരത്തെ ചോദ്യം ചെയ്ത ചരിത്രമില്ല. പിണറായി വിജയന്റെ ഭരണത്തിന് എന്താണിത്ര പ്രത്യേകത?. ഗവർണറുടെ വിശ്വാസത്തെ ചോദ്യം ചെയ്തതിനുള്ള ശക്തമായ പ്രതികരണമാണ് ആ കത്ത്' എന്നു പറഞ്ഞ് കെ സുധാകരൻ കോൺഗ്രസ് ഈ വിഷയം കൂടുതൽ ശക്തമായി ഉയർത്തി കൊണ്ടുവരാനും ശ്രമിക്കുമെന്ന് തന്നെയാണ് വ്യക്തമക്കാക്കുന്നത്.