ജലന്ധർ: രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്ത ഗ്രീൻ ഫംഗസ് ബാധ പഞ്ചാബിലും. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീൻ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് മുക്തനായ 62-കാരനിലാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജലന്ധർ സിവിൽ ആശുപത്രി എപ്പിഡെമിയോളജിസ്റ്റ് ഡോ. പരംവീർ സിംഗാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്.

രാജസ്ഥാനിലെ 34-കാരനാണ് നേരത്തെ ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ട് മാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾക്ക് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചത്.

ഗ്രീൻ ഫംഗസ്, 'ആസ്പഗുലിസിസ്' അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ. രവി ദോസി നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.