കണ്ണൂർ: പോപ്പുലർ ഫിനാൻസ് എന്ന പണമിടപാട് സ്ഥാപനം രണ്ടായിരത്തോളം കോടി രൂപ ജനങ്ങളിൽ നിന്നും പിടിച്ചെടുത്ത ശേഷം പാപ്പർ ഹർജി നൽകിയത് കേരളത്തെ ഞെട്ടിക്കുന്ന സാമ്പത്തിക തട്ടിപ്പായിരുന്നു. ഈ കേസിൽ ഉടമകളെ അറസ്റ്റു ചെയ്‌തെങ്കിലും പണം നഷ്ടമായാവർക്ക് ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ല. പലവിധ ആവശ്യങ്ങൾക്കായി സ്ഥാപനത്തിന് പണം ഇട്ടവർ ഇപ്പോൾ തീരാദുരിതത്തിലുമാണ്. ഇതിനിടെയാണ് മലബാറിലെ പ്രമുഖ ചിട്ടി സ്ഥാപനമായ ധനകോടി ചിറ്റ്‌സിലും ധനകാര്യ വിഭാഗത്തിന്റെ പരിശോധന നടക്കുന്നത്.

സുൽത്താൻബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്‌സിന്റെ സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിലും കോഴിക്കോട്, കൊയിലാണ്ടി, മാനന്തവാടി, കണ്ണൂർ, തലശ്ശേരി തുടങ്ങിയ ബ്രാഞ്ചുകളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. പ്രസ്തുത സ്ഥാപനം സർവ്വീസ് ടാക്‌സ് വെട്ടിപ്പ് നടത്തുന്നുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ജിഎസ്ടിയുടെ അറുപതംഗ ടീം ആണ് വിവിധ ഇടങ്ങളിലായി നടക്കുന്ന റെയ്ഡിൽ പങ്കെടുക്കുന്നത്. സ്ഥാപനത്തിത്തിലെ ചിട്ടിയിൽ ചേർന്നവർക്ക് പണം ലഭിച്ചില്ല എന്നത് അടക്കമുള്ള പരാതികൾ നേരത്തെ ഉയർന്നിരുന്നു.

ധനകോടി ചിറ്റ്‌സിന്റെ ബ്രാൻഡ് അമ്പാസിഡറായിരിക്കുന്നത് ഇടതു എംഎൽഎയും നടനുമായ മുകേഷാണ്. മുകേഷിന്റെ കോട്ടും സ്യൂട്ടുമിട്ട ചിത്രം പതിപ്പിച്ചു കൊണ്ട് സർക്കാർ അംഗീകൃത സ്ഥാപനമെന്നു കാണിച്ചു കൊണ്ടാണ് ചിട്ടിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. 'മധുരമുള്ള സമ്പാദ്യങ്ങൾ' എന്നാണ് ചിട്ടിബുക്കിന്റെ പുറംചട്ടയിൽ തന്നെ പതിപ്പിച്ചിരിക്കുന്നത്. സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്ന ധനകോടിയിൽ തട്ടിപ്പ് നടക്കുന്നതായി ജില്ലാ രജിസ്ട്രാർമാർക്ക് നിരവധി പരാധികൾ ലഭിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ വേണ്ട വിധത്തിൽ പരിശോധന നടത്താൻ തയ്യാറായില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.

നടനും എം എൽ എ യുമായ മുകേഷിന്റെ ഫോട്ടോ ഉപയോഗിച്ച് പിരിച്ചെടുത്ത പണം തിരികെ നൽകാതെ നിരവധി ഇടപാടുകാരെ കബളിപ്പിച്ചതായി പരാതി ഉയർന്നെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ കേസ് ഒതുക്കിയെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതിക്കാരനെ പ്രതിയാക്കി കേസ് എടുത്ത വിചിത്ര സംഭവവും ഉണ്ടായിട്ടുണ്ട്. രജിസ്റ്റർ ചെയ്യാതെ ചിട്ടി നടത്തുമ്പോൾ സർക്കാരിന് ഭീമമായ നഷ്ടമാണുണ്ടാവുന്നത്. ചില ജില്ലാ രജിസ്ട്രാർമാരുടെ ഒത്താശയോടെയാണ് ഇത്തരത്തിൽ ചിട്ടികൾ ആരംഭിച്ച് സർക്കാരിനെ കബളിപ്പിക്കുന്നുവെന്നുമാണ് ഉയരുന്ന പരാതികൾ.

ധനകോടി ചിട്ടിയുടെ 21 ബ്രാഞ്ചുകളിലായി ഏകദേശം 400 കോടി രൂപയുടെ ചിട്ടി ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗീക കണക്ക്. ഇവയുടെ സലക്ക് തുല്യമായ തുകയുടെ നിശ്ചിത ശതമാനം സ്റ്റാമ്പ് ഡ്യുട്ടിയും രജിസ്‌ട്രേഷൻ ചാർജും കേരളാ ഗവൺമെന്റിനും സർവ്വീസ് ടാക്സ് സെൻട്രൽ ഗവൺമെന്റിനും ലഭിക്കേണ്ടതുണ്ട്. നടനും എംഎൽഎയുമായ മുകേഷിന് അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചു കൂടിയാണ് സ്ഥാപനത്തിനായി ധനസമാഹരണം നടത്തിയത്. ഒരു എംഎൽഎ എന്ന നിലയിൽ സർക്കാരിനെ കബളിപ്പിക്കുന്നതായും പരാതി ഉയർന്നിരുന്നു. ആയിരക്കണക്കിന് ഇടപാടുകാർ കബളിപ്പിക്കപ്പെട്ടപ്പോഴും സ്ഥാപനത്തിനെതിരെ ഒരു ചെറുവിരൽ പോലും ഇദ്ദേഹം അനക്കിയില്ലെന്നതും ശ്രദ്ധേയമാണ്.

കെ ദിനേശൻ എന്നയാൾ ധനലക്ഷ്മിയിലെ വിവിധ ചിട്ടികളിൽ പണം നിക്ഷേപിച്ചു ഒരു കോടി രൂപയ്ക്ക് അടുത്ത നഷ്ടമായിരുന്നു. ഇദ്ദേഹം കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കമ്പനിയുടെ എംഡി എംഎം യോഹന്നാൻ അടക്കമുള്ളവർക്കെതിരെ പരാതി കൊടുത്തിരുന്നു. മുകേഷ് എംഎൽഎയും ഇതിൽ പ്രതിസ്ഥാനത്തായിരുന്നു. കണ്ണൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും റിട്ടയർ ചെയത് ദിനേശൻ ധനകോടി ചിട്ടിയുടെ ഖണ്ണൂർ ബ്രാഞ്ചിൽ അസിസ്റ്റന്റ് മാനേജറായി ജോലി നോക്കുകയും ചെയ്തിരുന്നു. 85 ലക്ഷത്തോളം രൂപ ചിട്ടിയുടെ പ്രൈസ് മണിയായി കിട്ടാൻ ഉണ്ടായിട്ടും അത് നൽകിയില്ലെന്നും ഇദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, ഈ പരാതി തള്ളിക്കൊണ്ട് ദിനേശനെതിരെ പരാതി കൊടുക്കുന്ന അവസ്ഥയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

ചിട്ടിപ്പണം ആവശ്യപ്പെടുമ്പോൾ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും വ്യാജരേഖവെച്ചു പണം അപഹരിക്കപ്പെടുകയും ചെയ്തതായും ദിനേശൻ കണ്ണൂർ പൊലീസ് സ്‌റ്റേഷൻ മുമ്പാകെ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.