ജമ്മു: കോൺഗ്രസ് നേതൃത്വവുമായി കുറച്ചുകാലമായി ഉടക്കി നിൽക്കുകയാണ് ഗുലാം നബി ആസാദ്. ഇടക്ക് മോദിയെ പുകഴ്‌ത്തിയതിന്റെ പേരിൽ വിമർശനങ്ങളും അദ്ദേഹം നേരിട്ടു. ഇപ്പോൾ ജമ്മു കാശ്മീരിൽ നൽകിയ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സാധിക്കുമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ് ഗുലാം നബി രംഗത്തുവന്നു.

നിലവിലെ സാഹചര്യങ്ങളിൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് 300 സീറ്റുകൾ ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഭരണഘടനയിലെ 370ാം അനുച്ഛേദവുമായി ബന്ധപ്പെട്ട് തുടരുന്ന മൗനത്തെ ന്യായീകരിച്ച അദ്ദേഹം, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്ര സർക്കാറിനാണ് അത് പുനഃസ്ഥാപിക്കാനാകുകയെന്നും പറഞ്ഞു.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറാണ് കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞതെന്നും പിന്നീട് അത് പുനഃസ്ഥാപിച്ചിട്ടില്ലെന്നും പൂഞ്ച് ജില്ലയിൽ റാലിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. സ്വന്തം നിലയിൽ സർക്കാർ രൂപവത്കരിക്കുന്നതിനാവശ്യമായ 300 എംപിമാർ എന്നുണ്ടാകും? 2024ൽ പാർട്ടിക്ക് 300 എംപിമാരെ കിട്ടുമെന്നും 370ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്നും എനിക്ക് ഉറപ്പ് നൽകാനാകില്ല.

ദൈവം ഞങ്ങൾക്ക് 300 എംപിമാരെ തരട്ടെ, നിലവിലെ സാഹചര്യത്തിൽ കിട്ടുമെന്ന് തോന്നുന്നില്ല. അതിനാൽ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നില്ലെന്നും 370ാം അനുച്ഛേദത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ച്, രജൗറി മേഖലയിൽ സന്ദർശനം നടത്തുന്ന ആസാദ്, ആൾട്ടിക്ക്ൾ 370നെ കുറിച്ച് സംസാരിക്കുന്നത് അപ്രസക്തമാണെന്ന് പറഞ്ഞിരുന്നു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതും നിയമസഭ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതുമാണ് തന്റെ പ്രധാന ആവശ്യമെന്നും വ്യക്തമാക്കിയിരുന്നു. ആസാദിന്റെ പ്രസ്താവനക്കെതിരെ നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഒമർ അബ്ദുല്ല രംഗത്തുവന്നു. വിഷയത്തിൽ സുപ്രീംകോടതി വാദം കേൾക്കുന്നതിനു മുമ്പേ, മുതിർന്ന കോൺഗ്രസ് നേതാവ് തോൽവി സമ്മതിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.