മലപ്പുറം: നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ കുമ്പളപ്പാറ കാട്ടുനായ്ക്ക കോളനി നിവാസികൾ ഉപയോഗിച്ചു വരുന്ന തൂക്കുപാലം പ്രളയത്തിൽ ഒഴുകി പോയ സാഹചര്യത്തിൽ പകരം നിർമ്മിക്കാനുദ്ദേശിക്കുന്ന കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണ പുരോഗതി ഒരു മാസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പട്ടികവർഗ്ഗ വികസന ഡയറക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.

കോളനി നിവാസികളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണ് 2018 ലെ പ്രളയത്തിൽ ഒഴുകി പോയത്. തുടർന്ന് താത്ക്കാലിക പാലം നിർമ്മിച്ചെങ്കിലും 2019 ലെ പ്രളയത്തിൽ അതും ഒഴുകി പോയി. പുതിയ കോൺക്രീറ്റ് പാലം നിർമ്മിക്കുന്നതിന് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് മുഖേന പട്ടികവർഗ്ഗ വികസന വകുപ്പ് മൂന്ന് കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പട്ടികവർഗ്ഗ വികസന ഡയറക്ടർക്ക് സമർപ്പിച്ചിരുന്നെങ്കിലും അനുമതി കിട്ടിയില്ലെന്ന് സംയോജിത പട്ടിക വർഗ്ഗ വികസന പ്രോജക്റ്റ് ഓഫീസർ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഒരു മാസത്തിനുള്ളിൽ അനുമതി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടത്.

ഇരുട്ടുകുത്തി, വാണിയംമ്പുഴ, കരിപ്പട്ടി തുടങ്ങിയ പണിയ കോളനികളിലെയും കുമ്പളപ്പാറ, കാട്ടുനായ്ക്ക കോളനിയിലെയും അന്തേവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾക്കെതിരെ അഖിലകേരള പട്ടികജാതി പട്ടികവർഗ്ഗ സമാജം സംസ്ഥാന പ്രസിഡന്റ് മൂത്തോറൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

വാണിയമ്പുഴ കോളനിയിൽ കുടിവെള്ളം എത്തിക്കുന്നതിന് 5,00,000 ലക്ഷത്തിന്റെ പദ്ധതി നടന്നു വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കുമ്പളപ്പാറ തരിപ്പപ്പൊട്ടി ആദിവാസി കോളനിയിൽ 55 താത്ക്കാലിക ശുചിമുറികൾ നിർമ്മിക്കാൻ ആരംഭിച്ചെങ്കിലും വന സംരക്ഷണ നിയമത്തിന് വിരുദ്ധമായതിനാൽ പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 12 കോടി 50 ലക്ഷത്തിന്റെ പദ്ധതിക്ക് അനുമതി ലഭിച്ചാൽ ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി കുമ്പളപ്പാറ കോളനികളിൽ പാർപ്പിടവും ജീവനോപാധികളുമെത്തിക്കാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്.

ഇരുട്ടുകുത്തി, വാണിയംപുഴ, കരിപ്പപ്പൊട്ടി കോളനിയിലെ വിദ്യാർത്ഥികൾ മുണ്ടേരി സ്‌കൂളിലാണ് പഠിക്കുന്നതെന്നും ഇവർ പ്രീമെട്രിക് ഹോസ്റ്റലുകളിലാണ് താമസിക്കുന്നതെന്നും പട്ടികവർഗ്ഗ വികസന വകുപ്പ് അറിയിച്ചു. കുമ്പളപ്പാറ കാട്ടുനായ്ക്ക കോളനിയിലെ വിദ്യാർത്ഥികൾ നിലമ്പൂർ ഇന്ദിരാഗാന്ധി സ്‌കൂളിലാണ് പഠിക്കുന്നത്. കോളനിയിലെ വീടുകളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട്. ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. എല്ലാ കുടുംബങ്ങൾക്കും വൈദ്യസഹായം എത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.