കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കർണാടക സ്വദേശിയായ മധ്യവയസ്‌കന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. ദേവിപുരയിൽ താമസിക്കുന്ന ഹനുമന്തയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ ഭാഗ്യയും കാമുകനായ അല്ലാപാഷയും ചേർന്നാണ് ഹനുമന്തയെ കൊലപ്പെടുത്തിയത്. ഇരുവരും അറസ്റ്റിലായി.

ശനിയാഴ്ച പുലർച്ചെയാണ് കുഞ്ചത്തൂരിലെ റോഡരികിൽ ഹനുമന്തയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്തായി സ്‌കൂട്ടറും മറിഞ്ഞുകിടന്നിരുന്നു. അപകടമരണമാണെന്നായിരുന്നു ആദ്യ നിഗമനം. മൃതദേഹത്തിൽ അപകടത്തിന്റെ ലക്ഷണങ്ങളില്ലാത്തത് സംശയത്തിനിടയാക്കി. ഇത് സത്യം പുറത്തു കൊണ്ടു വന്നു. അങ്ങനെ ഭാര്യയും കാമുകനും കുടുങ്ങി.

അഞ്ചാം തീയതി പുലർച്ചെ മംഗളൂരുവിൽനിന്ന് മഞ്ചേശ്വരത്ത് എത്തിയ ഹനുമന്ത ഭാര്യയ്ക്കൊപ്പം വീട്ടിൽ കാമുകനെയും കണ്ടിരുന്നു. ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. ഭാര്യയും കാമുകനും ചേർന്ന് ഹനുമന്തയെ മർദിച്ചു. അവശനായി വീണ ഹനുമന്തയെ അല്ലാപാഷ ശ്വാസംമുട്ടിച്ച് കൊന്നു. ഇതിനു ശേഷം അല്ലാപാഷ തന്നെ മൃതദേഹം ബൈക്കിൽ കെട്ടി റോഡിൽ ഉപേക്ഷിക്കാനായി കൊണ്ടുപോയി.

ഹനുമന്തയുടെ സ്‌കൂട്ടറിൽ ഭാഗ്യയും അല്ലാപാഷയെ പിന്തുടർന്നു. കുഞ്ചത്തൂരിൽ എത്തിയപ്പോൾ ഇരുവരും ചേർന്ന് മൃതദേഹം ഉപേക്ഷിച്ചു. അതിന് ശേഷം ഹനുമന്തയുടെ സ്‌കൂട്ടർ സമീപത്തായി മറിച്ചിട്ട് കടന്നുകളയുകയുമായിരുന്നു. സംഭവം അപകടമരണമല്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഭാഗ്യയെ വിശദമായി ചോദ്യംചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഇവർ കുറ്റം സമ്മതിച്ചത്.

തലപ്പാടി ദേവിപുരയിലെ വീട്ടിൽവച്ച് ഹനുമന്തയെ കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈമാസം അഞ്ചാം തീയതി പുലർച്ചെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് ഹനുമന്ത വീട്ടിൽ എത്തിയപ്പോൾ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെച്ചൊല്ലിയാണ് വാക്കുതർക്കമുണ്ടായത്. ഇതാണ് കൊലയ്ക്ക് കാരണം. കാമുകന്റെ സ്‌കൂട്ടറിന് പിറകിൽ മൃതദേഹംവച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂർ പദവിൽ എത്തിയത്. മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെയാണ് അവിടെ ഉപേക്ഷിച്ചതെന്നും സൂചനയുണ്ട്.

23 കാരനായ കാമുകൻ ഇടയ്ക്കിടെ വീട്ടിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ട ഹനുമന്ത ഇത് വിലക്കിയിരുന്നു. കൊലയ്ക്ക് ഒരാഴ്ച മുൻപും ഇതുസംബന്ധിച്ച് വാക്കു തർക്കം ഉണ്ടായിരുന്നു. മഞ്ചേശ്വരം പൊലീസാണ് അന്വേഷണം നടത്തുന്നത്. മംഗളൂരുവിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു ഹനുമന്ത. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംഘത്തിന് സൂചന ലഭിച്ചത്. മംഗളൂരുവിൽ ഹോട്ടൽ ജീവനക്കാരനായ ഹനുമന്ത അംഗപരിമിതനാണ്.