തിരുവനന്തപുരം: കറുത്ത മാസ്‌ക് വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പരാമർശത്തിനെതിരെ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായി ഹരീഷ് വാസുദേവൻ. 'ബീഫ് തന്നെ കഴിക്കണമെന്നു നിങ്ങൾക്കിത്ര നിര്ബന്ധമെന്താ' എന്ന് ആർഎസ്എസ് ചോദിക്കുന്നതിലെ അതേ ജനാധിപത്യ വിരുദ്ധത തന്നെയാണ് എൽഡിഎഫ് കൺവീനറുടെ ചോദ്യത്തിലുള്ളത്. അളവിൽ മാത്രം വ്യത്യാസമുള്ളൂയെന്നും ഹരീഷ് പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

മുന്നണി കൺവീനറുടെ ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് കുറുത്ത വസ്ത്രം ധരിച്ച സിപിഐഎം പ്രവർത്തകരുടെ ചിത്രം പങ്കുവച്ചല്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറുപ്പിൽ ചുണ്ടിക്കാട്ടി. ഇ പി ജയരാജന്റെ പ്രസ്താവന അദ്ദേഹത്തിന്റെ നിലവാരമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. അദ്ദേഹത്തെ തിരുത്താൻ മുന്നണി മുൻകൈ എടുക്കാത്തത് അവരുടെ നിലവാരമില്ലായ്മയെക്കൂടി വെളിവാക്കുന്നെന്നും ഹരീഷ് പറഞ്ഞു. പൗര സമൂഹത്തിന് അനുവദനീയമായ കാര്യം ചെയ്യരുതെന്ന് ആര് പറഞ്ഞാലും അത് അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.'ബീഫ് കഴിക്കാത്തവരും പ്രതിഷേധിച്ച് ഫെസ്റ്റിവലിൽ പങ്കെടുത്തു.

(ചുംബനം വിലക്കിയപ്പോഴാണ് അതൊരു സമരമായത്.) അതിനു ഇ പി ജയരാജന്റെയോ കേരളാ പൊലീസിന്റെയോ പിന്തുണ ആവശ്യമില്ല. ഏത് വസ്ത്രം ധരിക്കണം, എങ്ങനെ പ്രതിഷേധിക്കണം എന്നതിനൊക്കെ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങളുണ്ട്, അതിനപ്പുറമുള്ള ഒരു തിട്ടൂരവും സ്വീകരിക്കാൻ സൗകര്യപ്പെടില്ല. 'ഈ രാജ്യം അവന്റെ ത$യുടെ വകയല്ല' എന്ന ചീഞ്ഞ സിനിമാ ഡയലോഗ് നിലവാരത്തിലുള്ള മറുപടിയാണ് ജനങ്ങളിൽ നിന്ന് ഇപി ജയരാജൻ അർഹിക്കുന്നതെങ്കിൽ, അതിന്റെ കേട് മുന്നണിക്ക് മൊത്തത്തിൽ ആണെന്ന് മറ്റു നേതാക്കളും മനസിലാക്കുന്നത് പൊതുവിൽ നല്ലതാണ്' ഹരീഷ് പറഞ്ഞു. എൽഡിഎഫ് കൺവീനറേ മുന്നണി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം...

'കറുത്ത മാസ്‌ക് ഇടണമെന്ന് എന്താ നിർബന്ധം?' ചോദിക്കുന്നത് LDF കണ്വീനറാണ്. അതിനു മറുപടി പറയേണ്ടത് CPIM നേതാക്കളിട്ട കറുത്ത ഉടുപ്പിന്റെയോ മാസ്‌കിന്റെയോ പടമിട്ടല്ല.'ബീഫ് തന്നെ കഴിക്കണമെന്നു നിങ്ങൾക്കിത്ര നിര്ബന്ധമെന്താ' എന്ന് RSS ചോദിക്കുന്നതിലെ അതേ ജനാധിപത്യവിരുദ്ധത തന്നെയാണ് ഇതും. അളവിൽ വ്യത്യാസമുണ്ടെന്ന് മാത്രം. അത് ആ കൺവീനർക്ക് ബോധ്യപ്പെടുന്നില്ലെങ്കിൽ അത് അയാളുടെ നിലവാരമില്ലായ്മയെ സൂചിപ്പിക്കുന്നു. നേരത്തോട് നേരം കഴിഞ്ഞിട്ടും കൺവീനറെ മുന്നണി തിരുത്തുന്നില്ലെങ്കിൽ അത് അവരുടെ നിലവാരമില്ലായ്മയെ കുറിക്കുന്നു.നിരോധനം ഉണ്ടോ ഇല്ലയോ എന്നതൊന്നുമല്ല, പൗരസമൂഹത്തിൽ അനുവദനീയമായ കാര്യം ചെയ്യരുതെന്ന് ആര് പറഞ്ഞാലും അത് ചെയ്തു കാണിച്ചാണ് നാം പ്രതിഷേധിച്ചിട്ടുള്ളത്. ബീഫ് കഴിക്കാത്തവരും പ്രതിഷേധിച്ചത് ഫെസ്റ്റിവലിൽ പങ്കെടുത്താണ്. (ചുംബനം സംഘികൾ വിലക്കിയപ്പോഴാണ് അതൊരു സമരമായത്.) അതിനു EP ജയരാജന്റെയോ കേരളാ പൊലീസിന്റെയോ പിന്തുണ ആവശ്യമില്ല. ഏത് വസ്ത്രം ധരിക്കണം, എങ്ങനെ പ്രതിഷേധിക്കണം എന്നതിനൊക്കെ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങളുണ്ട്, അതിനപ്പുറമുള്ള ഒരു തിട്ടൂരവും സ്വീകരിക്കാൻ സൗകര്യപ്പെടില്ല.'ഈ രാജ്യം അവന്റെ ത$യുടെ വകയല്ല' എന്ന ചീഞ്ഞ സിനിമാ ഡയലോഗ് നിലവാരത്തിലുള്ള മറുപടിയാണ് ജനങ്ങളിൽ നിന്ന് EP ജയരാജൻ അർഹിക്കുന്നതെങ്കിൽ, അതിന്റെ കേട് മുന്നണിക്ക് മൊത്തത്തിൽ ആണെന്ന് മറ്റു നേതാക്കളും മനസിലാക്കുന്നത് പൊതുവിൽ നല്ലതാണു.LDF കൺവീനറേ മുന്നണി തിരുത്തണം.