കൊച്ചി: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ തലതൊട്ടപ്പനായിരുന്നു എ എം ഹാരിസ് എന്നാണ് വ്യക്തമാകുന്ന വിവരം. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയൺമെന്റൽ എഞ്ചിനീയർ വൻതുക തന്നെ കൈക്കൂലി വാങ്ങി സാമ്പാദിച്ചു കൂട്ടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിജിലൻസ് റെയ്ഡിൽ മാത്രം 17 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കൂടാതെ വൻ നിക്ഷേപത്തിന്റെ വിവരങ്ങളും പുറത്തുവന്നു. പ്രഷർ കുക്കറിലും അരിക്കലത്തിലും കിച്ചൺ ക്യാബിനറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം.

എൺപത് ലക്ഷം രൂപ മൂല്യം വരുന്നതാണ് ഈ ഫ്ലാറ്റ്. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ പതിനെട്ടു ലക്ഷം രൂപയുണ്ട്. തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടുണ്ട്. പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഹാരിസിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചു. ഇതിന് പിന്നാലെയാണ് വിശദമായ അന്വഷണത്തിലേക്ക് വിജിലൻസ് കടന്നത്.

ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുൻ ജില്ലാ ഓഫീസർ ജോസ് മോൻ കേസിൽ രണ്ടാം പ്രതിയാണ്. പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യൻ സ്ഥാപനം 2016 ലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിനെതിരെ അയൽവാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നൽകി. ഇതോടെയാണ് സ്ഥാപനമുടമ ജോസ് സെബാസ്റ്റ്യൻ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ചത്. എന്നാൽ അന്നു മുതൽ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് ബാസ്റ്റ്യൻ പറയുന്നു. ഒരു ലക്ഷം രൂപയാണ് മുൻ ജില്ലാ ഓഫീസർ ആയ ജോസ് മോൻ ആവശ്യപ്പെട്ടത്. ഒടുവിൽ കൈക്കൂലി നൽകാതെ വന്നതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടു.

സ്ഥാപനം പ്രവർത്തിക്കുന്നതിന് അനുമതി തേടി ജോസ് സെബാസ്റ്റ്യൻ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ നിന്നും അനുകൂലവിധി ഉണ്ടായതോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനമാരംഭിച്ചത്. ശബ്ദ മലിനീകരണ തോത് പരിശോധിച്ച് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചുവെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയില്ല. വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യൻ പറയുന്നു.

കോടതിയിൽ അഭിഭാഷകർക്ക് നൽകുന്ന പണം തങ്ങൾ തന്നാൽ പോരെ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചതായി ജോസ് സെബാസ്റ്റ്യൻ പറയുന്നു. പണം നൽകിയില്ലെങ്കിൽ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാൻ ഹാരിസ് പറഞ്ഞതായും ജോസ് സെബാസ്റ്റ്യൻ പറയുന്നു. ഇതോടെയാണ് വിജിലൻസിനെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്.

കൈക്കൂലി വാങ്ങിയ പണം കൊണ്ട് വിദേശരാജ്യങ്ങളിൽ സന്ദർശിക്കുകയും അവിടെ വ്യഭിചാര ശാലകളിൽ ജീവിതം അടിച്ചു പൊളിയാക്കുകയും ചെയ്യുകയായിരുന്നു ഹാരിസ്. അവിവാഹിതനായ ഈ ഉദ്യോഗസ്ഥൻ വിജിലൻസിനെ ശരിക്കും ഞെട്ടിച്ചു. ഹാരിസിന്റെ ഫോൺ പരിശോധിച്ചപ്പോൾ നിറയെ അശ്ലീല ദൃശ്യങ്ങൾ. സ്ത്രീകളെ സപ്ലൈ ചെയ്യുന്ന പിമ്പുമാരുമായുള്ള വില പേശലുകൾ, വിദേശ സുന്ദരിമാരുമായുള്ള രതി ക്രീഡയുടെ വീഡിയോ ദൃശ്യങ്ങൾ എന്നിവയൊക്കെയായിരുന്നു അതിലുണ്ടായിരുന്നത്.

കൈക്കൂലി വാങ്ങിയ പണമൊക്കെ എവിടെ എന്നു ചോദിച്ചപ്പോൾ തന്റെ കൈയിൽ വെറും 60,000 രൂപയാണുള്ളതെന്നായിരുന്നു മറുപടി. അക്കൗണ്ടും വീടും ഇപ്പോൾ താമസിക്കുന്ന ഫ്‌ളാറ്റുമെല്ലാം പരിശോധിക്കുമെന്ന വിജിലൻസ് സംഘത്തിന്റെ വിരട്ടൽ ഏറ്റു. ആലുവ ആലങ്ങാട്ടുള്ള ഒബ്‌റോൺ ഫ്‌ളാറ്റിലായിരുന്നു ഹാരിസിന്റെ താമസം. പന്തളമാണ് സ്വദേശമെങ്കിലും അവിടെയുള്ളവരുമായി വലിയ അടുപ്പമില്ല. ആലുവ, എറണാകും, പെരുമ്പാവൂർ മേഖലകളിലായിരുന്നു നേരത്തേ ഇയാൾ ജോലി ചെയ്തിരുന്നത്.

ആ ബന്ധം വച്ചാണ് ആലങ്ങാട് കോൺഫിഡന്റ് ഗ്രൂപ്പ് പുതുതായി നിർമ്മിച്ച ഓബ്‌റോൺ ഫ്‌ളാറ്റ് സമുച്ചയത്തിലൊന്ന് ഇയാൾ സ്വന്തമാക്കിയത്. ഹാരിസുമായി എത്തിയ വിജിലൻസ് സംഘം ഇയാളുടെ ഫ്‌ളാറ്റിൽ ഒരു മേശയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന പണം കണ്ടെത്തി. ഓരോ കെട്ടു നോട്ടും പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിരുന്നു. കൃത്യമായ കണക്കും ഇയാൾക്കുണ്ടായിരുന്നു. 16.60 ലക്ഷം രൂപയുണ്ടെന്ന് ഹാരിസ് വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എണ്ണി നോക്കിയപ്പോൾ കിറുകൃത്യം.

ഈ രീതിയിൽ കിട്ടിയ പണം കൊണ്ട് ജീവിതം അടിച്ചു പൊളിക്കുകയായിരുന്നു ഹാരിസ് ഇതുവരെ. 51 വയസായെങ്കിലും വിവാഹം കഴിച്ചില്ല. ജർമനി, വിയറ്റ്‌നാം, യുക്രയിൻ, മലേഷ്യയിലെ പട്ടായ തുടങ്ങിയ രാജ്യങ്ങളും സ്ഥലങ്ങളും സന്ദർശിച്ചതായി ഹാരിസിന്റെ പാസ്‌പോർട്ടിൽ നിന്ന് വ്യക്തമായി. പത്തോളം രാജ്യങ്ങളിലാണ് ഇതുവരെ പോയിട്ടുള്ളത്. ഈ രാജ്യങ്ങളിലെ വ്യഭിചാരശാലകളിലും നിശാശാലകളിലുമാണ് ഇയാൾ ജീവിതം അടിച്ചു പൊളിച്ചത്.

വിദേശ സുന്ദരിമാരുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ സ്റ്റിൽ ഫോട്ടോയായും വീഡിയോ ആയും ഫോണിൽ സൂക്ഷിച്ചിരുന്നു. നിരവധി ദൃശ്യങ്ങൾ വിജിലൻസ് സംഘം കണ്ടെടുത്തു. ആലുവയിലെ ഫ്‌ളാറ്റിലും ഇതു തന്നെയായിരുന്നു പരിപാടി. ആകെ 25 പേർ മാത്രമാണ് ഓബ്‌റോൺ സമുച്ചയത്തിൽ ഫ്‌ളാറ്റ് വാങ്ങിയിട്ടുള്ളത്. അർധരാത്രിയോടെയാണ് സ്ത്രീകളെ എത്തിച്ചിരുന്നത്. ഇതിനായി പിമ്പുകളുമായും സ്ത്രീകളുമായി നേരിട്ടും വില പേശുന്നതിന്റെ വാട്‌സാപ്പ് ചാറ്റുകളും ഇയാളുടെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.