കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിന് ചെറിയ പനിയുള്ളതായാണ് അറിയുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമിക സമ്പർക്കമുള്ള ഇവർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്. ഹൈ റിസ്‌കിൽ ഉള്ള 20 പേരുടെയും സാമ്പിളുകൾ എൻവിഐയിലേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു.

12-കാരന്റെ മാതാവ് ഉൾപ്പെടെയുള്ളവരെ സർവൈലൻസ് ടീം നിരീക്ഷിക്കുന്നുണ്ട്. അവർ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ ആരോഗ്യവകുപ്പ് തിരിച്ചറിയാത്ത ആളുകളുണ്ടാകാം. പ്രൈമറി കോൺടാക്റ്റാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കൻഡറി കോൺടാക്റ്റ് തിരിച്ചറിയേണ്ടതുണ്ട്. അപ്പോൾ സമ്പർക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ട്. സമയബന്ധിതമായി കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടേ കാര്യമുള്ളൂ. ആ രീതിയിലുള്ള വളരെ ഏകോപനത്തോടെയുള്ള ശക്തമായ പ്രവർത്തനമാണ് നടക്കുന്നത്.

രോഗിയുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ട്രേസിങ് പുരോഗമിക്കുകയാണെന്ന് അറിയിച്ച മന്ത്രി, നിപ പ്രതിരോധത്തിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടി അഭ്യർത്ഥിച്ചു. സ്വകാര്യ ആശുപത്രികളിൽ അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൂടുതൽ ജീവനക്കാരെ ആശുപത്രിയിൽ ഏർപ്പാടക്കുന്ന കാര്യത്തിൽ നടപടികൾ സ്വീകരിക്കും. ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. മെഡിക്കൽ കോളേജ് പേ വാർഡ് ബ്‌ളോക് നിപ്പാ വാർഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു. നാളെ വൈകീട്ട് അവലോകനയോഗംചേരുമെന്നും മന്ത്രി വിശദീകരിച്ചു.

നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.