തിരുവനന്തപുരം: ചെറിയ ഒരു വഴിവെട്ട് കേസ് പോലും പാർട്ടിയുടെ അതായത് സിപിഎമ്മിന്റെ ഇച്ഛ അനുസരിച്ചേ നടക്കൂ. ഭരണം കൈയിലുള്ളപ്പോൾ വിശേഷിച്ചും. പൊലീസൊക്കെ പാർട്ടി പറയുന്നതേ കേൾക്കൂ. അതല്ലെങ്കിൽ അനുഭവസ്ഥരോട് ചോദിക്കു എന്നാണ് ദുരിതം അനുഭവിക്കുന്നവർ പറയാറുള്ളത്. വിശേഷിച്ചും പാർട്ടിക്ക് അനഭിമതരായാൽ. അല്ലെങ്കിൽ, തന്നെ സിപിഎമ്മിനോടാണോ കളി. ഫസൽ വധക്കേസിൽ സിപിഎമ്മിന് അനുകൂലമായി അന്വേഷണം നടത്താത്തതിന് വിരമിച്ച ഐപിഎസ് ഓഫീസറായ കെ.രാധാകൃഷ്ണൻ അനുഭവിച്ച ദുരിതങ്ങൾ കേട്ടില്ലേ? എന്തൊരു ക്രൂരത. ഉദ്യോഗസ്ഥന് പെൻഷൻ ആനുകൂല്യങ്ങൾ പോലും ഇനിയും കിട്ടിയിട്ടില്ല. കേരള ആംഡ് പൊലീസ് ഫിഫ്ത് ബറ്റാലിയൻ കമാൻഡന്റായി വിരമിച്ച കെ രാധാകൃഷ്ണനാണ് ദുരിത പർവ്വം അനുഭവിക്കുന്നത്. ജീവന് ഭീഷണിയുള്ളതിനാൽ മറ്റൊരു സംസ്ഥാനത്താണ് താമസം.

പെൻഷനും ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാൽ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ആയി ജോലി നോക്കുകയാണ് ഈ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ. പല തവണ ആക്രമിക്കപ്പെട്ടു. 2006 ൽ സിപിഎം പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്ന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ഒന്നര വർഷത്തോളം ആശുപത്രിയിൽ ചികിൽസ തേടേണ്ടി വന്നു. ഏതു നിമിഷവും അവർ ആക്രമിച്ചു കൊലപ്പെടുത്തിയേക്കാമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്. ഏറ്റവും ഒടുവിൽ രാധാകൃഷ്ണൻ അവസാന ആശ്രയമായി മുഖ്യമന്ത്രിയെ കണ്ട കഥയാണ് പുറത്തുവരുന്നത്. ക രാധാകൃഷ്ണൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ആത്മഹത്യയോ എന്നാൽ അങ്ങനെ ആകട്ടെ എന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയെ കാണാൻ രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ ചേംബറിൽ പോയപ്പോഴത്തെ അനുഭവം കേട്ടാൽ ആർക്കായാലും കരച്ചിൽ വരും. ആനുകൂല്യങ്ങൾക്ക് വേണ്ടി യാചിച്ചപ്പോഴാണ്, യാതൊരു ദയയുമില്ലാതെ മുഖ്യമന്ത്രി പരുഷമായി പെരുമാറിയത്. 2018 ഓഗസറ്റിലാണ് സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ശമ്പളം അടക്കം തടഞ്ഞുവെച്ചതോടെ ജീവിക്കാൻ നിർവാഹമില്ലാത്ത അവസ്ഥ മുഖ്യമന്ത്രിയോട് പറഞ്ഞു.

താനും കുടുംബവും സാമ്പത്തികമായി തകർന്നിരിക്കുകയാണ്. ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും കെ രാധാകൃഷ്ണൻ മുഖ്യമന്ത്രിയോട് പറഞ്ഞു. എന്നാൽ യാതൊരു ദയയുമില്ലാതെ, 'എന്നാൽ അങ്ങനെയാകട്ടെ 'എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഇതുകേട്ട് താനാകെ തകർന്നുപോയി എന്ന് കെ രാധാകൃഷ്ണൻ വെളിപ്പെടുത്തി.

വല്ലാത്ത മാനസിക വേദനയോടെയാണ് മുഖ്യമന്ത്രിയുടെ ചേംബർ വിട്ട് പുറത്തുവന്നത്. കവിളുകളിലൂടെ കണ്ണീർ ഒഴുകി. ഇടനാഴിയിലെ കസേരയിൽ തളർന്നിരുന്നു, തനിക്ക് തലചുറ്റുന്നതുപോലെ തോന്നി.

അന്യായത്തിന് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ തന്റെ വിധി എന്തായാലും സ്വീകരിക്കാൻ തയ്യാറാണ്. അതിന് മുമ്പ് മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് ആഗ്രഹം. റിട്ടയർമെന്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാൽ കുടുംബം സാമ്പത്തിക പ്രയാസത്തിലാണ്. ഗവേഷക വിദ്യാർത്ഥിനിയായിരുന്ന മകൾ ഹോസ്റ്റൽ ഫീസ് അടക്കം കൊടുക്കാൻ ഇല്ലാത്തതിനാൽ ഇപ്പോൾ പാർട്ട് ടൈം ആയാണ് പഠിക്കുന്നത്. പണമില്ലാത്തത്ിനാൽ മകൻ സിവിൽ സർവീസ് കോച്ചിങ് അവസാനിപ്പിച്ചു.

തനിക്കെതിരായ കേസുകൾ നടത്തുന്നതിനായി കുടുംബ സ്വത്തുകൾ വിൽക്കേണ്ടി വന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വീട് ബാങ്കുകാർ ജപ്തി ചെയ്തുകൊണ്ടു പോയിയെന്നും രാധാകൃഷ്ണൻ പറയുന്നു. 2006 ൽ ഉണ്ടായ ഫസൽ വധമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർക്കുന്നു.

ദുരിതം തുടങ്ങുന്നത് ഇങ്ങനെ

2006 ഒക്ടോബർ 22 നാണ് മുഹമ്മദ് ഫസൽ അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് ഫസൽ എൻഡിഎഫിൽ ചേർന്നതിന് പിന്നാലെയായിരുന്നു ആക്രമണം. അന്ന് കണ്ണൂർ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിൽ ഡിവൈഎസ്‌പിയായിരുന്നു രാധാകൃഷ്ണൻ. കണ്ണൂർ ഡിഐജിയായിരുന്ന ആനന്ദകൃഷ്ണൻ, ഫസൽ വധം അന്വേഷിക്കാനായി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 20 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. കെ രാധാകൃഷ്ണനെ പ്രത്യേക അന്വേഷണ സംഘത്തലവനാക്കാൻ കാരണമായത് പല കേസുകളിലും അദ്ദേഹം കാട്ടിയ മികവായിരുന്നു.

ഫസൽ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം, സിപിഎം അക്രമത്തിനെതിരെ ഒരു പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും, പാർട്ടി ഏരിയാ സെക്രട്ടറി കാരായി രാജൻ ആർഎസ്എസ് പ്രവർത്തകരായ നാലുപേരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഈ നാലുപേരെയും രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിളിച്ച് മൊഴിയെടുത്തു. ഇവരുടെ സകല നീക്കങ്ങളെക്കുറിച്ചും വിശദമായി അന്വേഷിച്ചു. എന്നാൽ ഇവർക്ക് കൊലപാതകവുമായി ഏതെങ്കിലും തരത്തിൽ ബന്ധവുമുണ്ടെന്ന് കണ്ടെത്താനായില്ല.

ഫസൽ വധത്തിന് രണ്ടു ദിവസത്തിന് ശേഷം ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് ഏഴു ദിവസത്തിനകം കുറ്റപത്രം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്ന് കണ്ട് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടിയ ആർഎസ്എസ് പ്രവർത്തകരെ താൻ മോചിപ്പിച്ചു. ഇത് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചു.

സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്റെ അടുത്ത അനുയായി കലേഷ് എന്നയാൾ, ഫസൽ കൊല്ലപ്പെട്ട സമയത്ത്, പുലർച്ചെ 3. 45 ന് കാരായി രാജനെ ഫോണിൽ വിളിച്ചതായി കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെ സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ ഫോണിൽ നിന്നും തലശ്ശേരിയിലെ മൂന്ന് ആശുപത്രികളിലേക്കും ഫോൺ വിളികൾ പോയതായി കണ്ടെത്തി.

ഇതിന് രണ്ടു ദിവസത്തിന് ശേഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ വീണ്ടും കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് തന്നെ വിളിപ്പിച്ചു. എന്താണ് ഉദ്ദേശ്യമെന്ന് ചോദിച്ചുവെന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും സിപിഎം പ്രവർത്തകർക്കെതിരെ നടപടി എടുക്കുന്നുണ്ടെങ്കിൽ, അതിന് മുമ്പ് തന്റെ അനുവാദം വാങ്ങണമെന്നും കോടിയേരി നിർദ്ദേശിച്ചു. ഇതോടെ അന്വേഷണം നിലച്ചു. പിന്നീട് പ്രത്യേക സംഘം പിരിച്ചുവിട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തുവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

ഫസൽ വധക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ, തന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തിന് രഹസ്യവിവരങ്ങൾ നൽകിയ മൂന്നുപേരുടെ ദുരുഹമരണവും സംശയകരമാണ്. ബിജെപി അനുഭാവിയായ വൽസരാജക്കുറുപ്പ് ബ്ലേഡ് മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. സിപിഎമ്മിന് വേണ്ടി ആക്ഷൻ നടത്തിയിരുന്ന സംഘത്തിലുണ്ടായിരുന്ന പഞ്ചാര ഷിനിൽ 2007 ൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. ഡിവൈഎപ്‌ഐ പ്രവർത്തകനായ ഷാജിയും ദുരുഹമായി കൊല്ലപ്പെട്ടു.

പൊലീസുകാരനേയും വെറുതെ വിട്ടില്ല.

2006 ഡിസംബർ 15 ന് സിപിഎം പ്രവർത്തകർ രാധാകൃഷ്ണനെ ക്രൂരമായി ആക്രമിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ഒന്നര വർഷത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. അതിനിടെ അസാന്മാർഗിക പ്രവർത്തനത്തിലേർപ്പെട്ടു എന്നാരോപിച്ച് സസ്‌പെൻഡ് ചെയ്തു. ഇതിനിടെ മൂന്നു തവണ തനിക്ക് നേരെ ആക്രമണം ഉണ്ടായതായി കെ രാധാകൃഷ്ണൻ പറയുന്നു.

ഐപിഎസ് ലഭിച്ചതിന് ശേഷം 2016 ൽ വീണ്ടും രാധാകൃഷ്ണനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. നാലര വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തിരികെ സർവീസിൽ കയറിയത്. തുടർന്ന് കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റായി നിയമിക്കപ്പെട്ടു. എന്നാൽ വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ്, 2021 ഏപ്രിൽ 29 ന് അച്ചടക്ക നടപടിയെടുക്കുന്നതായി കാണിച്ച് തനിക്ക് മെമോ നൽകി. ഇതിന്റെ പേരിൽ ആനുകൂല്യവും നിഷേധിച്ചു. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തടയുന്നതിന് വേണ്ടിയുള്ള സിപിഎമ്മിന്റെ പ്രതികാര നടപടിയായിരുന്നു ഇതെന്ന് രാധാകൃഷ്ണൻ തിരിച്ചറിയുന്നു.

റദ്ദായ അനാശാസ്യം

കെ രാധാകൃഷ്ണനെ 2006ൽ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ച് അനാശാസ്യക്കേസിൽ കുടുക്കിയതാണെ കണ്ടെത്തലുമായി ഇന്റലിജൻസ്. ഫസൽ കൊലക്കേസ് അന്വേഷണം സിപിഎമ്മിലേക്കു തിരിയുന്നതിന്റെ വൈരാഗ്യത്തിലാണു കള്ളക്കേസ് എടുത്തു മർദിച്ചതെന്ന് ഇന്റലിജൻസ് അന്വേഷണത്തിൽ വ്യക്തമായി. 2012ൽ ഡിജിപിക്കു ലഭിച്ച പരാതിയെത്തുടർന്ന് ഇന്റലിജൻസ് മേധാവിയായിരുന്ന ടി.പി.സെൻകുമാറാണ് ഇക്കാര്യം അന്വേഷിച്ചത്.

രാധാകൃഷ്ണൻ നട്ടെല്ലിനു പരുക്കേറ്റ് ഒന്നര വർഷത്തോളം ചികിൽസയിലുമായിരുന്നു. ഇക്കാര്യമെല്ലാം വിശദമാക്കി 2012ൽ സെൻകുമാർ ഡിജിപിക്കു റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. കേസ് റദ്ദാക്കാൻ രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യഥാർഥ പ്രതികളെ കണ്ടെത്തിയ ഉദ്യോഗസ്ഥന്റെ സൽപേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നു കണ്ടെത്തി ഹൈക്കോടതി അനാശാസ്യക്കേസ് റദ്ദാക്കി.

തളിപ്പറമ്പ് സബ് ഡിവിഷന്റെ ചുമതലയിലിരിക്കെ, 2006 ഡിസംബർ 14ലെ ഹർത്താൽ ദിവസം ഡിവൈഎസ്‌പി രാധാകൃഷ്ണൻ ഡ്രൈവർക്കൊപ്പം സുഹൃത്തായ രാജേഷ് എന്നയാളുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോൾ ഒരു സംഘം ഡിവൈഎഫ്ഐക്കാർ വീട് വളഞ്ഞ് രാജേഷിനെയും രാധാകൃഷ്ണനെയും മർദിക്കുകയായിരുന്നു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാന്റെ പരാതിയിൽ അനാശാസ്യക്കേസും എടുത്തു. അന്നത്തെ ഇടതുസർക്കാർ രാധാകൃഷ്ണനെ സസ്‌പെൻഡും ചെയ്തു. ഇതും പ്രതികാരമായിരുന്നു.