കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അഥോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്.പരിഷ്‌കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എൽപി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലക്ഷദ്വീപിൽ നിലവിലുള്ള ഭരണ പരിഷ്‌കാരങ്ങളും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും നിയമവിരുദ്ധമാണെന്നായിരുന്നു പൊതുതാൽപര്യ ഹർജിയിലെ വാദം. അഡ്‌മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നുമുണ്ടായ നടപടികൾ ദ്വീപിന്റെ പാരമ്പര്യ-സാംസ്‌കാരിക തനിമയ്ക്ക് കോട്ടം വരുത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഭരണപരിഷ്‌കരങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിക്കാരൻ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ കോടതി ഇത് അനുവദിച്ചിരുന്നില്ല.

പകരം വിശദീകരണം ആരാഞ്ഞ് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷനും കത്തയച്ചു.ഇതിന് മറുപടിയായി ഭരണകൂടം വിശദീകരണം നൽകുകയും ചെയ്തു. പരിഷ്‌കാരങ്ങൾ ഏർപ്പെടുന്നത് പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്‌കാരങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ നൽകിയവിശദീകരണം. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.

അതേസമയം ബയോവെപ്പൺ പ്രയോഗത്തിൽ ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കും.