കൊച്ചി: വിവാദങ്ങൾക്കൊടുവിൽ ഈശോ സിനിമയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ നാദിഷർക്കും അണിയറ പ്രവർത്തകർക്കും അനുകൂലമായി കോടതി വിധി.സിനിമയ്ക്കെതിരേ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി.സിനിമയ്ക്ക് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

'ഈശോ' ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹർജി നൽകിയത്. ചിത്രത്തിന്റെ പേര് ക്രിസ്തീയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഏതാനും വൈദികരും വിശ്വാസികളും രംഗത്ത് വന്നിരുന്നു.

നാദിർഷ സംവിധാനം ചെയ്യുന്ന, ജയസൂര്യ നായകനാകുന്ന സിനിമയാണ് ഈശോ. ഈശോ നോട്ട് ഫ്രം ദ ബൈബിൾ എന്നായിരുന്നു ആദ്യം ചിത്രത്തിന് നൽകിയ പേര്. എന്നാൽ ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു കൂട്ടം ആളുകൾ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തു വരികയായിരുന്നു. വിവാദമായതോടെ നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്‌ലൈൻ മാറ്റാമെന്ന വിശദീകരണവുമായി സംവിധായകൻ നാദിർഷ രംഗത്ത് വന്നു.പക്ഷെ എന്നിട്ടും വിവാദം അടങ്ങിയില്ല.

ചിത്രത്തിന്റെ പേര് തന്നെ മാറ്റണമെന്നും ഈശോ എന്ന പേരിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു വിവിധ സംഘടനകളുടെ വാദം.ഇക്കാര്യത്തിൽ സിനിമാരംഗത്തും പൊതു സമൂഹത്തിലും ചർച്ചകളും ചൂടുപിടിച്ചു.പി സി ജോർജ്ജ് ഉൾപ്പടെയുള്ളവർ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.സിനിമയുടെ പേരു മാറ്റണമെന്നും ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണു സിനിമയുടെ ഉദ്ദേശമെന്നുമായിരുന്നു കത്തോലിക്ക കോൺഗ്രസ് സ്വീകരിച്ച നിലപാട്.

എന്നാൽ സിനിമ മതേതര മനോഭാവമുള്ള കലാരൂപമാണെന്നും സമൂഹത്തിന്റെ മാനസിക സന്തോഷത്തിനായാണു നിർമ്മിക്കുന്നതെന്നും സിനി ടെക്‌നിഷ്യൻസ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും സാംസ്‌കാരിക കേരളത്തിനു ഭൂഷണമല്ലെന്നുമുള്ള നിലപാടാണു മാക്ട സ്വീകരിച്ചത്. സിനിമയുടെ പേരുമാറ്റാൻ ഉദ്ദേശിക്കുന്നില്ല എന്ന നിലപാട് സംവിധായകൻ നാദിർഷയും സ്വീകരിച്ചിട്ടുണ്ട്.

വിവാദം നാദിർഷക്ക് എതിരെയുള്ള വ്യക്തിപരമായ അതിക്രമമായി മാറിയതോടെ അദ്ദേഹത്തിന് പിന്തുണയുമായി സിനിമസംഘടനകളും രംഗത്ത് വന്നിരുന്നു.അതിനിടയിലാണ് കേസുമായി ക്രിസ്ത്യൻ സംഘടനകൾ കോടതിയെ സമീപിക്കുന്നത്.എന്നാൽ വിഷയത്തിൽ നാദിർഷക്ക് അനുകൂലമായി വിധി വന്നിരിക്കുകയാണ്.

കോടതി വിധിക്ക് ഗോഡ് ഇസ് ഗ്രേറ്റ് എന്നായിരുന്നു നാദിർഷയുടെ പ്രതികരണം. കോടതി വിധിയുടെ ചിത്രവും പങ്കുവച്ചായിരുന്നു സംവിധായകന്റെ കുറിപ്പ്.നാദിർഷ സംവിധാനം ചെയ്യുന്ന ഈശോയിൽ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദം.