കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ധനകാര്യസ്ഥാപനങ്ങൾക്ക് ഉൾപ്പടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ഹൈക്കോടതി.തടവുകാർക്കു പരോൾ അനുവദിച്ചും റവന്യു, ബാങ്ക് റിക്കവറി നടപടികൾ തടഞ്ഞുമുള്ള മുൻഉത്തരവുകളാണ് ഹൈക്കോടതി നീക്കിയത്.മുൻഉത്തരവിന്റെ ആനുകൂല്യത്തിൽ പരോളിൽ പോയ തടവുകാർ നാലാഴ്ചയ്ക്കുള്ളിൽ ജയിലുകളിൽ റിപ്പോർട്ട് ചെയ്യണം. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾക്കു നിയമാനുസൃതം നടപടിയാകാം.

എന്നാൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ വ്യവസ്ഥകളും സുപ്രീം കോടതി നിർദേശങ്ങളും പാലിച്ചു മാത്രമേ നടപടി പാടുള്ളൂ.കോവിഡ് സാഹചര്യത്തിൽ സ്വമേധയാ ആരംഭിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഫുൾബെഞ്ച് നടപടി അവസാനിപ്പിച്ചു.ലോക്ഡൗൺ ഇളവുകളെ തുടർന്നു ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായതിനെ തുടർന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പുറപ്പെടുവിച്ച ഉത്തരവുകളുടെ ചുവടുപിടിച്ചാണു നടപടി.

ലോക്ഡൗൺ കോടതികളുടെ പ്രവർത്തനത്തെ ബാധിച്ചതും ജനങ്ങൾക്കു പുറത്തിറങ്ങാനാവാതെ വന്നതും കണക്കിലെടുത്താണ് നേരത്തേ ഈ വിഷയം കോടതി സ്വമേധയാ പരിഗണിച്ചത്. ജയിലുകളിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ തടവുകാരുടെ എണ്ണം പരിമിതപ്പെടുത്താൻ സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്ന് 7 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലുൾപ്പെട്ട തടവുകാർക്കും വിചാരണത്തടവുകാർക്കും പരോൾ/ജാമ്യം നൽകി.